വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കാര്‍ഷിക മേഖലയിലെ സൗജന്യ വൈദ്യുതി വിഛേദിക്കില്ല

കാര്‍ഷിക മേഖലയില്‍ കെ എസ് ഇ ബി നല്‍കി വരുന്ന സൗജന്യ വൈദ്യുതി കണക്ഷന്‍ കുടിശ്ശികയുടെ പേരില്‍ വിഛേദിക്കില്ലെന്ന് കൃഷി ഡയരക്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കെ എസ് ഇ ബി ചീഫ് എഞ്ചിനീയറുമായി കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്്. ജില്ലയില്‍ 1.3 കോടി രൂപയാണ് കുടിശ്ശിക. കര്‍ഷകര്‍ക്ക് കെ എസ് ഇ ബി നോട്ടീസ് നല്‍കുന്നുണ്ടെങ്കിലും പരിഭ്രമിക്കേണ്ടതില്ല. സര്‍ക്കാര്‍ ഉടന്‍ പണമനുവദിക്കും. കുടിശ്ശിക തീര്‍ക്കും. കൃഷി ഡയരക്ടര്‍ അറിയിച്ചു.
തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിനുള്ള 7.88 ഏക്കര്‍ ഭൂമി നൂറ് രൂപ നിരക്കില്‍ 99 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കി മന്ത്രിസഭാ തീരുമാനം വന്നു. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും തലശ്ശേരി സബ് കലക്ടര്‍ സന്ദീപ്കുമാര്‍ യോഗത്തില്‍ അറിയിച്ചു.
തലശ്ശേരി സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിന്റെ സി ആര്‍ സെഡ് അനുമതിക്കായുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിന് കിറ്റ് കോയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വകീരിക്കാന്‍ തലശ്ശേരി നഗരസഭാ സെക്രട്ടറിക്ക് യോഗം നിര്‍ദേശം നല്‍കി.
കോറളായി പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സംസ്ഥാന ഉന്നതല സമിതി അംഗം സ്ഥല പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചതായും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
മാഹി പാലത്തിന്റെ അറ്റകുറ്റപണിക്കുള്ള ടെണ്ടര്‍ ജനുവരി 13 ന് തുറക്കുമെന്നും തുടര്‍ നടപടികള്‍ ത്വരിതഗതിയില്‍ ചെയ്യുമെന്നും ദേശീയ പാത വിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ ഇംപ്രൂവ്‌മെന്റ് സ്‌കീമിന്റെ അലൈന്‍മെന്റ് ജനുവരി 21 ഓടെ അംഗീകരിക്കുമെന്നും തുടര്‍ന്ന് ടെണ്ടര്‍ നടപടികളിലേക്ക് പോകാനാവുമെന്നും കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയരക്ടര്‍ അറിയിച്ചു.
കാനായി മണിയറ വയല്‍ റോഡിലെ അണ്ടര്‍ പാസിന്റെ ഉയരം അഞ്ചര മീറ്ററായി ഉയര്‍ത്തുന്നത് സംബന്ധിച്ച് കെ ആര്‍ എഫ് ബി പ്രൊജക്റ്റ് ഡയരക്ടര്‍ സ്ഥലം സന്ദര്‍ശിച്ചതായും ബന്ധപ്പെട്ട ഏജന്‍സികളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കെ ആര്‍ എഫ്ബി എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി എ ഡി എം അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും വായനശാലകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അമ്പത്തി ഒന്ന് സാമൂഹ്യ പഠന മുറികളിലും സ്ഥല സൗകര്യമുള്ള കമ്മ്യൂണിറ്റി ഹാളുകളിലും ലൈബ്രറി സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം പരിശോധിച്ച് വരുന്നതായി ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഡോ. വി ശിവദാസന്‍ എംപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ജനുവരിയില്‍ ഇതിനായി എം പി യുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എ ഡി എം കെ കെ ദിവാകരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍  നെനോജ് മേപ്പടിയത്ത്, എം പി, എം എല്‍ എ മാരുടെ പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂര്‍സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പദ്ധതി

ആദ്യഘട്ടത്തിന് 16 കോടി രൂപ ഭരണാനുമതി

കണ്ണൂര്‍ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടത്തിന് 16.15 കോടി രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പ് ഉത്തരവായി. ഒന്നാം ഘട്ടത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്. ഇതോടെ ഈ റോഡുകളുടെ നവീകരണ പ്രവൃത്തി ആരംഭിക്കാനാകും. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല.
ഇന്നര്‍ റിംഗ് റോഡ്, പട്ടാളം റോഡ്, ജയില്‍ റോഡ് എന്നിവയാണ് നവീകരിക്കുന്നത്. റോഡ് നവീകരണത്തിന് ഒപ്പം ഫുട്പാത്ത് നിര്‍മ്മാണം, ലാന്‍ഡ്സ്‌കേപ്പിംഗ്, കാല്‍നട യാത്രക്കാര്‍ക്കുള്ള ടേബിള്‍ ടോപ്പ് ക്രോസിംഗ്, ട്രാഫിക് സിഗ്നല്‍ എന്നിവ ഉള്‍പ്പെടെയാണ് പദ്ധതിയുടെ ആദ്യഘട്ട കോറിഡോര്‍ നിര്‍മ്മാണം വിഭാവനം ചെയ്തിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് കണ്ണൂര്‍ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത ഒന്നാംഘട്ട പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കണ്ണൂര്‍ നഗരറോഡ് വികസന പദ്ധതിയുടെ ആദ്യഘട്ടം മാതൃകാപരമായി നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂരിന്റെ മുഖച്ഛായ മാറ്റുന്ന നിലയില്‍ റോഡുകള്‍ മാറും. കാല്‍നട യാത്രക്കാര്‍ക്ക് കൂടി ഗുണകരമായിട്ടാകും നിര്‍മാണപ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാംഘട്ടത്തില്‍ മന്ന ജംഗ്ഷന്‍ പുതിയ എന്‍എച്ച് ബൈപ്പാസ്, പൊടിക്കുണ്ട് – കൊറ്റാളി റോഡ്, തയ്യില്‍ -തെഴുക്കില പീടിക റോഡ്, കുഞ്ഞിപ്പള്ളി -പുല്ലൂപ്പി റോഡ് എന്നിവയും മൂന്നാം ഘട്ടത്തില്‍ ചാലാട് -കുഞ്ഞിപ്പള്ളി റോഡ്, മിനി ബൈപ്പാസ് റോഡ്, കക്കാട് -മുണ്ടയാട് റോഡ്, പ്ലാസ ജംഗ്ഷന്‍ – ജെടി എസ് റോഡ് എന്നിവയും നവീകരിക്കാനാണ് പദ്ധതി. ഈ ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുക്കല്‍ നടന്നുവരികയാണ്. പദ്ധതിക്ക് ആകെ 401.467 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കാര്‍ഷിക യന്ത്രവത്ക്കരണം അവാര്‍ഡ്; തീയതി നീട്ടി

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ കാര്‍ഷികയന്ത്രവത്ക്കരണം ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയിലെ കാര്‍ഷികയന്ത്രവത്കരണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ (കാര്‍ഷികയന്ത്രങ്ങളോ നിലവിലുളള കാര്‍ഷികയന്ത്രങ്ങളില്‍ നടത്തിയ മാറ്റങ്ങളോ) നടത്തിയിട്ടുളള പൊതുവിഭാഗം/ വിദ്യാര്‍ത്ഥി വിഭാഗം ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമുകള്‍ക്ക് കൃഷി അസി. എൻജിനിയർ ഓഫീസുമായോ  കൃഷിഭവനുകളുമായോ ബന്ധപ്പെടുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 18 . ഫോൺ : 9383472050, 9383472052

താൽക്കാലിക ഒഴിവ്

ഗവ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അഴീക്കലിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഫിസിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവ്. ഫിസിക്സിൽ മാസ്റ്റർ ബിരുദം, ബി എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 3 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.

ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ്  മാറുന്നു 

അഡീഷണല്‍ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ് ജനുവരി മൂന്ന് മുതല്‍ ബിഎസ്എന്‍എല്‍ ഭവനിലെ രണ്ടാം നിലയിലേക്ക് മാറ്റും. നിലവിലുള്ള ഓഫീസ് കെട്ടിടം അപകടാവസ്ഥയിലായതിനാലാണ് ഓഫീസ് മാറ്റുന്നതെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0497 2700928, 2707522.

error: Content is protected !!