വീട് വെക്കാന്‍ കേന്ദ്രസര്‍കാര്‍ നല്‍കുന്നതിന്റെ അഞ്ചിരട്ടി തുക കേരളം നല്‍കുന്നു: മന്ത്രി എം ബി രാജേഷ്

കേന്ദ്രം ഭവന പദ്ധതിക്കായി നല്‍കുന്ന തുകയുടെ അഞ്ചിരട്ടിയിലധികം തുക ലൈഫിലൂടെ വീടുവയ്ക്കാനായി കേരളം നല്‍കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേന്ദ്രം നല്‍കുന്നതിന്റെ 15 ഇരട്ടി ആളുകള്‍ക്ക് വീട് വച്ച് നല്‍കുന്നതിനും ലൈഫിലൂടെ സംസ്ഥാനത്തിനായി. ഇതിനായി ഏകദേശം 13,736 കോടി രൂപ ഇതുവരെ ചെലവഴിച്ചു-നാറാത്ത് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 118 വീടുകളുടെ താക്കോല്‍ കൈമാറ്റവും പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് ഭവന പദ്ധതിയിലൂടെ കേരളത്തെ ഭവന രഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കിയ സംസ്ഥാനമാണ് കേരളം. ഇതുവരെ 3,64,808 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കി.
ഇതോടൊപ്പം മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലൂടെ ഭൂമിയില്ലാത്തവര്‍ക്കും വീട് വച്ച് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. നാറാത്ത് ഗ്രാമപഞ്ചായത്തില്‍ വായ്പ എടുക്കാതെ തന്നെ ലൈഫ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം നാടിനെ മാലിന്യമുക്തമാക്കി മാറ്റുന്നതിലും നാം ഒന്നാമതെത്താനുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച ഭവനങ്ങളില്‍ 47 പേര്‍ പട്ടികജാതിയിലും 6 പേര്‍ മത്സ്യതൊഴിലാളി വിഭാഗത്തിലും 3 പേര്‍ അതിദരിദ്രവിഭാഗത്തിലും ഉള്‍പ്പെടുന്നവരാണ്. 3 കുടുംബങ്ങള്‍ ആശ്രയ ഗുണഭോക്താക്കളും, ഒന്ന് പട്ടികവര്‍ഗ്ഗ വിഭാഗത്തിലും, ബാക്കി 58 പേര്‍ ജനറല്‍ വിഭാഗത്തിലും ഉള്‍പ്പെടുന്നവരാണ്.

ചടങ്ങില്‍ കെ. വി. സുമേഷ് എം എല്‍ എ അധ്യക്ഷനായി. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി എം കുഞ്ഞുമോന് മന്ത്രി ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ്‌റ് ഡയരക്ടര്‍ ടി. ജെ അരുണ്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ലൈഫ് ഉപഭോക്താക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വൃക്ഷത്തൈ വിതരണം ചെയ്തു. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി വിനോദ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി ഷാജിര്‍, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശന്‍, നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശ്യാമള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. താഹിറ, നാറാത്ത് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കാണി ചന്ദ്രന്‍, കെ എന്‍ മുസ്തഫ,വി. ഗിരിജ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി റഷീദ, എം. നികേത്, നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാഹുല്‍ രാമചന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.

error: Content is protected !!