വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ത്വരിതപ്പെടുത്താൻ അടിയന്തര ഇടപെടല്‍
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി വേഗത്തിലാക്കാന്‍ അടിയന്തര ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് എ ഡി എം, ജനപ്രതിനിധികള്‍, ഹൈക്കോടതി പ്ലീഡര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. കഴിഞ്ഞ ആഴ്ച എം എല്‍ എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ എ ഡി എം ഉള്‍പ്പടെയുള്ളവര്‍ അഡ്വക്കറ്റ് ജനറലുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. പദ്ധതിക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ എജിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്. ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. കെ വി മനോജും യോഗത്തില്‍ പങ്കെടുത്തു.
വികസനവുമായി ബന്ധപ്പെട്ട് കേസില്‍പ്പെട്ട റോഡുകളില്‍ ഒരാഴ്ച്ചക്കകം എതിര്‍ സത്യവാങ്മൂലം നല്‍കാനും കാര്യ വിവരപട്ടിക ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനും തീരുമാനിച്ചു. കേസില്‍പ്പെടാത്ത സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ ദ്രുതഗതിയില്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എ ഡി എമ്മിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ രൂപികരിച്ചു. പദ്ധതി അനന്തമായി നീളുന്നതില്‍ ജനങ്ങളില്‍നിന്നും  വലിയരീതിയില്‍ ആക്ഷേപം ഉയരുന്നതായി കെ വി സുമേഷ് എം എല്‍ എ യോഗത്തില്‍ ഉന്നയിച്ചു. വളപട്ടണം, പുതിയതെരു ഭാഗങ്ങളില്‍ രാത്രി വൈകിയും ഗതഗതാക്കുരുക്ക് മൂലം യാത്രക്കാര്‍ വലിയ രീതിയില്‍ പ്രയാസപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്കില്‍ പെട്ട് വിദ്യാര്‍ഥികളടക്കം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പദ്ധതി യാഥാര്‍ഥ്യമാക്കാനായി വേഗത്തില്‍ നടപടി കൈക്കൊള്ളണമെന്നും  രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അറിയിച്ചു.
കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിലൂടെ കടന്നുപോകുന്ന 11 റോഡുകള്‍ വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിക്കായി 738 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
എ ഡി എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എം എല്‍ എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, എ ഡി എം കെ കെ ദിവാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) ടി വി രഞ്ജിത്ത്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാഹന ഗതാഗതത്തിന് പുറമെ കാല്‍നട യാത്രക്കാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. കൂടാതെ ട്രാഫിക് സിഗ്നൽ സംവിധാനങ്ങളും ഡ്രെയിനേജ്, ട്രാഫിക് ജങ്ഷന് പ്രത്യേക ഡിസൈന്‍, യൂട്ടിലിറ്റി സര്‍വീസ് തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

അരങ്ങേറ്റം 23ന്

കണ്ണപുരം കലാഗ്രാമത്തില്‍ ചെണ്ട പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഡിസംബര്‍ 23ന് വൈകിട്ട് 3.30ന് ചെറുകുന്ന് എല്‍ പി സ്‌കൂളില്‍ (ബോര്‍ഡ് സ്‌കൂള്‍) നടക്കും. എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും. ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രതി മുഖ്യാതിഥിയാകും.

രാത്രികാല മൃഗചികിത്സാ സേവനം; അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പ് കണ്ണൂര്‍, കൂത്തുപറമ്പ്,  ബ്ലോക്കുകളില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പര്യമുള്ളവര്‍ കെവിസി രജിസ്ട്രേഷന്‍, ബിരുദം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഡിസംബര്‍ 19ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

 

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് ഇരിട്ടി ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. താല്‍പര്യമുള്ള വെറ്ററിനറി ബിരുദധാരികള്‍ കെ വി സി രജിസ്ട്രേഷന്‍, ബിരുദം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഡിസംബര്‍ 19ന് രാവിലെ 11.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

തപാല്‍ അദാലത്ത് 29ന്

കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ നോര്‍ത്തേണ്‍ റീജിയണല്‍ തപാല്‍ അദാലത്ത് ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവ്, നോര്‍ത്തേണ്‍ റീജിയണ്‍, പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. ലെറ്റര്‍ പോസ്റ്റ്, സ്പീഡ് പോസ്റ്റ്, പാഴ്സല്‍സ്, സേവിങ്ങ്സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ സംബന്ധമായ പ്രശ്നങ്ങള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ തപാല്‍ മാര്‍ഗവും അയക്കാം. പി പി ജലജ, അസി. ഡയറക്ടര്‍    (മെയില്‍സ് ആന്റ് ബിഡി), പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജിയണ്‍, നടക്കാവ്, കോഴിക്കോട്-673011 എന്ന വിലാസത്തില്‍ ഡിസംബര്‍ 21 മുന്‍പ് ലഭിക്കണം. കവറിന് മുകളില്‍ ‘ഡാക് അദാലത്ത്’ എന്ന് എഴുതണം.

ഭരണസമിതി യോഗം 23ന്

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ഡിസംബര്‍ 23ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചട്ടുകപ്പാറ വനിതാ വ്യവസായ എസ്റ്റേറ്റില്‍ ഒഴിവുള്ള രണ്ട് വ്യവസായ ഷെഡുകള്‍ വാടകക്ക് എടുക്കുന്നതിന് വനിതാ സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23. വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. 0497 2700306,  2700232

ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്

പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 17 വയസ് പൂര്‍ത്തിയായ എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫീസ് 13100 രൂപ. താല്‍പര്യമുള്ളവര്‍ https://asapkerala.gov.in/course/fitness-trainer/ എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8075851148, 9633015813, 7907828369

മത്സ്യഫെഡ് ഒ ബി എം സര്‍വീസ് സെന്റര്‍ മെക്കാനിക്ക് നിയമനം

മാപ്പിളബേ ഹാര്‍ബറിലുള്ള മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വീസ് സെന്റര്‍ ( ഒ ബി എം ) ഏറ്റെടുത്ത് നടത്തുന്നതിന് മെക്കാനിക്കുകളെ ക്ഷണിക്കുന്നു. ഐ ടി ഐ ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ് ട്രേഡുകളില്‍ യോഗ്യതയും  മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയവും  അല്ലെങ്കില്‍ ഈ മേഖലയില്‍ 10 വര്‍ഷം പ്രവര്‍ത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ ഡിസംബര്‍ 19ന് ചൊവ്വ  രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. ഫോണ്‍: 9526041206.

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാംകെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്‌നിക്‌സ്, പി ജി ഡി സി എ, ഡി സി എ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, വേഡ് പ്രോസസ്സിങ് ആന്റ് ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍: 0460 2205474, 0460 2954252.

സംരംഭകര്‍ക്ക് പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്(കീഡ്) സംരംഭകര്‍ക്കായി ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിപാടി. സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. ഫോണ്‍: 0484 2532890, 701237994.

ഇ ടെണ്ടര്‍

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലേക്ക് കണ്‍സ്യൂമബിള്‍സ്, ഹാര്‍ഡ്‌വെയേഴ്‌സ് എന്നിവ വിതരണം ചെയ്യുന്നതിന് ഏജന്‍സികള്‍, സ്ഥാപനങ്ങളില്‍ നിന്ന് ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 26ന് ഉച്ചക്ക് രണ്ട് മണി വരെ.

error: Content is protected !!