വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍: കായിക മേളക്ക് ചൊവ്വാഴ്ച തുടക്കം
ഐ എം വിജയന്‍ ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ് ഹാപ്പിനെസ്സ്   ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക മേളയുടെ ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് വൈകിട്ട് ആറ് മണിക്ക് കോട്ടക്കുന്നിലെ ആന്‍ഫീല്‍ഡ് ടര്‍ഫില്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും.

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റോടെയാണ് കായിക മേളയ്ക്ക് തുടക്കമാകുന്നത്. ഫുട്‌ബോള്‍  മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം 30000 രൂപ. രണ്ടും മൂന്നും നാലും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20000, 5000, 5000 രൂപ വീതം സമ്മാനത്തുക നല്‍കും.
ഷട്ടില്‍ ടൂര്‍ണ്ണമെന്റ്, വോളിബോള്‍ ടൂര്‍ണമെന്റ്, ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് എന്നിവയും കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കും. ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഡിസംബര്‍ ആറിന് വൈകിട്ട് ആറ് മണിക്ക് മൊറാഴ ഗ്രാമീണ ഗ്രന്ഥാലയത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിക്കും.
ഡിസംബര്‍ 9, 10 തീയതികളിലായി ബ്രദേഴ്‌സ് കൂവേരി ഗ്രൗണ്ടില്‍ നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യന്‍ വോളിബോള്‍ താരം കിഷോര്‍ കുമാര്‍ നിര്‍വഹിക്കും. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബര്‍ പത്തിന് മയ്യില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

ജില്ലാതല സായുധ സേനാ പതാക ദിനാചരണം ഏഴിന്

സായുധ സേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല സായുധ സേനാ പതാക വില്പനോദ്ഘാടനം ഡിസംബര്‍ ഏഴിന് നടക്കും. രാവിലെ 10 മണിക്ക് കലക്ടറുടെ ചേംബറിൽ  എന്‍സിസി കേഡറ്റില്‍ നിന്ന് ടോക്കണ്‍ ഫ്‌ളാഗ് സ്വീകരിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്യും.

സംരംഭകര്‍ക്ക് പലിശ സബ്‌സിഡി

2022 ഏപ്രില്‍ ഒന്നിന് ശേഷം ബാങ്ക് വായ്പ എടുത്ത്  പ്രവര്‍ത്തനമാരംഭിച്ച ഉല്പാദന, സേവന, കച്ചവടമേഖലകളിലെ സംരംഭകര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന പലിശ സബ്‌സിഡി അനുവദിക്കുന്നു. 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പരമാവധി ആറ് ശതമാനം സബ്‌സിഡിയാണ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍മാരെയോ, പഞ്ചായത്ത് തല വ്യവസായ ഹെല്‍പ് ഡെസ്‌കിലോ സമീപിക്കുക.

ഇന്‍ഷുറന്‍സ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് ഈ വർഷം  നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും മത്സ്യബന്ധനയാനത്തിന് രജിസ്‌ട്രേഷന്‍, ലൈസന്‍സ് ഉള്ളവരുമായിരിക്കണം അപേക്ഷകർ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20. അപേക്ഷ ഫോറങ്ങള്‍ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0497 2731081.

ലെവല്‍ക്രോസ് അടച്ചിടും

എന്‍ എച്ച്- ബീച്ച് (മഠം ഗേറ്റ്) റോഡിലെ  തലശ്ശേരി-എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 233-ാം നമ്പര്‍ ലെവല്‍ ക്രോസ് ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മണി മുതല്‍ രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.

വിവരസഞ്ചയിക പദ്ധതി ഉദ്ഘാടനം അഞ്ചിന്

കണ്ണൂര്‍ വിവരസഞ്ചയിക പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക്  കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരത്തോടെ ജില്ലാ പഞ്ചായത്തും, സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പും സംയുക്തമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

സംഘാടക സമിതി രൂപീകരണം

ജില്ലാ പഞ്ചായത്ത് ഡിസംബര്‍ 31ന് പയ്യാമ്പലം ബീച്ചില്‍ നടത്തുന്ന ഷീ നൈറ്റ് ഫെസ്റ്റിന്റെ സംഘാടകസമിതി രൂപീകരണയോഗം ഡിസംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കും.

പട്ടയകേസ് മാറ്റി

ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ കലക്ടറേറ്റില്‍ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ 2024 ജനുവരി 16, 17 തീയതികളിലേക്ക് മാറ്റിയതായി ലാന്റ് ട്രൈബ്യൂണല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

പി എസ് സി പരീക്ഷാ സൗജന്യ പരിശീലനം

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചൊക്ലിയിലെ പരിശീലന കേന്ദ്രത്തില്‍ ജനുവരിയില്‍ തുടങ്ങുന്ന പി എസ് സി പരീക്ഷാ സൗജന്യപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് തികഞ്ഞവരായിരിക്കണം . അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. രണ്ട് പാസ്‌പോര്‍ട്ട് സെസ് ഫോട്ടോ, ആധാര്‍, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ നല്‍കണം. അപേക്ഷ ഫോം ചൊക്ലിയിലെ ഓഫീസില്‍ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 9656048978, 9656307760.

ലോക മണ്ണ് ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച

ജില്ലാ മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് മയ്യില്‍ പഞ്ചായത്തിലെ വേളം പൊതുജന വായനശാലയില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് നിര്‍വഹിക്കും. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷത വഹിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എം രാജീവ്, മണ്ണ് പര്യവേക്ഷണം അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി പി നിധിന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തളിപ്പറമ്പ് മണ്ണ് സംരക്ഷണ ഓഫീസര്‍ വി വി പ്രകാശന്‍, കോഴിക്കോട് മേഖലാ മണ്ണ് പരിശോധന ലാബോറട്ടറി സീനിയര്‍ കെമിസ്റ്റ് എം രവി എന്നിവര്‍ കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് എടുക്കും. മണ്ണിനങ്ങള്‍ കൊണ്ട് നടത്തിയ കൊളാഷ് ചിത്ര നിര്‍മാണ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും.

മയ്യില്‍ ഗ്രാമ പഞ്ചായത്ത്  സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ഗ്രാമ പ്രഖ്യാപനം  ചൊവ്വാഴ്ച

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത ഗ്രാമമായി മയ്യില്‍ ഗ്രാമ പഞ്ചായത്ത്. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം ഡിസംബര്‍ അഞ്ച് ചൊവ്വ രാവിലെ 11 മണിക്ക് മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റർ എം എല്‍ എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷത വഹിക്കും. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 28 ഭവനങ്ങളുടെ താക്കോല്‍ കൈമാറല്‍ ചടങ്ങും നടക്കും.

തളിപ്പറമ്പ് മണ്ഡലത്തിലെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ മീഡിയ സാക്ഷരത യജ്ഞം ‘ഇടം’ പദ്ധതിയിലൂടെയാണ് മയ്യില്‍ പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ഗ്രാമം എന്ന നേട്ടം കൈവരിച്ചത്. സംസ്ഥാന സര്‍ക്കാര്‍, സാക്ഷരതാ മിഷന്‍, കൈറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
മയ്യില്‍ പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി 262 പഠന കേന്ദ്രങ്ങള്‍ വഴി 7045 പേരാണ് പദ്ധതിയിലൂടെ ഡിജിറ്റല്‍ സാക്ഷരത നേടിയത്. 6 മാസം കൊണ്ടാണ് പഞ്ചായത്തില്‍ പദ്ധതി പൂര്‍ത്തീകരിച്ചത്.
ഏപ്രിലില്‍ സംഘാടക സമിതി രൂപീകരിച്ചു. മെയ് മുതല്‍ വാര്‍ഡുകളില്‍ ഒന്നാം ഘട്ട പരിശീലനം നല്‍കി. പദ്ധതിയുടെ ആദ്യഘട്ടം വളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തി ഡിജിറ്റല്‍ ഫോം സര്‍വ്വേ നടത്തിയാണ് പഠിതാക്കളെ കണ്ടെത്തിയത്. പിന്നീട് ഓരോ വാര്‍ഡിലും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ പഞ്ചായത്ത് തലത്തില്‍ പരിശീലനം നല്‍കി. 142 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ഇതിന്റെ ഭാഗമായി. ദിവസം രണ്ടു മണിക്കൂര്‍ വീതം അഞ്ച് ദിവസമാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ പണമിടപാട്, സാമൂഹ്യ മാധ്യമങ്ങള്‍, ഇമെയില്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്.

തൊഴിലാളി സംഘടനാ പ്രതിനിധി യോഗം  ഏഴിന്

ജില്ലയിലെ സംഘടിത/ അസംഘടിത മേഖലയിലെ പരിചയ സമ്പന്നരായ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് ലേബര്‍ ബാങ്ക് പദ്ധതിയില്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍  പരിചയപ്പെടുത്തുന്നതിനും അനുബന്ധ ചര്‍ച്ചകള്‍ക്കുമായി ജില്ലയിലെ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് ചേരും. ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.

ഭരണസമിതി യോഗം ഏഴിന്

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ഡിസംബര്‍ ഏഴിന് 11.30ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍ ചേരും.

error: Content is protected !!