നാലാംഘട്ട ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നാലാംഘട്ട ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഹോട്ടല്‍ റോയല്‍ ഒമാര്‍സില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നാലാംഘട്ട കുളമ്പ് രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. ഡിസംബര്‍ 27 വരെയുള്ള 21 പ്രവൃത്തി ദിവസങ്ങളില്‍ വാക്‌സിനേറ്റര്‍മാര്‍ വീടുകളില്‍ എത്തി കുത്തിവെപ്പ് നടത്തും. നാലുമാസത്തിന് മുകളില്‍ പ്രായമുള്ള കന്നുകാലികള്‍ക്കാണ് കുത്തിവെപ്പ്. ജില്ലയില്‍ 91706 പശുക്കള്‍ക്കും 2446 എരുമകള്‍ക്കും കുത്തിവെപ്പ് നല്‍കും. കര്‍ഷകരില്‍ നിന്ന് ഫീസ് ഈടാക്കില്ല. നിയമപ്രകാരം കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലൈസന്‍സുകള്‍, ഇന്‍ഷൂറന്‍സ്, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് കുത്തിവെപ്പ് നിര്‍ബന്ധമാണ്.

കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു . ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി പ്രശാന്ത് പദ്ധതി വിശദീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സിനി സുകുമാരന്‍, കണ്ണൂര്‍ ആര്‍ ഡി ഡി എല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഒ എം അജിത, ആര്‍ എ എച്ച് സി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി ടി സന്തോഷ്, എ ഡി സി പി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍(ഇന്‍-ചാര്‍ജ്ജ്) ഡോ. ആരമ്യ തോമസ്, എ ഡി സി പി ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി സജീല തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!