പാകിസ്താൻ പൊതു തിരഞ്ഞെടുപ്പ്; ഇമ്രാൻ ഖാന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തളളി

2024 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻ പ്രധാനമന്ത്രിയും തെഹ് രീകെ ഇൻസാഫ് പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാൻ സമർപ്പിച്ച നാമനിർദേശ പത്രിക തളളി പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. മിയാൻ വാലിയിൽ നിന്ന് മത്സരിക്കുന്നതിന് ഇമ്രാൻ ഖാൻ തന്റെ രേഖകൾ സമർപ്പിച്ചിരുന്നു. മിയാൻ വാലിയെ കൂടാതെ ഇസ്ലാമബാദ്, ലാഹോർ എന്നിവിടങ്ങളിലും ഇമ്രാൻ ഖാൻ മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

തോഷഖാന കേസിൽ ശിക്ഷിക്കപ്പെട്ട ഇമ്രാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയാണ്. ഔദ്യോ​ഗിക രഹസ്യ നിയമം ലംഘിച്ചെന്ന കേസിൽ ഡിസംബർ 23 ന് ജാമ്യം ലഭിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇമ്രാൻ ഖാന് അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയെങ്കിലും പിന്നീട് ഇസ്ലാമബാദ് ഹൈക്കോടതി ശിക്ഷ റദ്ദാക്കി.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആകെ 28,626 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. സംവരണ സീറ്റുകളിലേക്ക് യഥാക്രമം 459,1,365 നാമനിർദേശ പത്രികകളും ലഭിച്ചു. ജനുവരി 11 ന് സ്ഥാനാർ‌ത്ഥികളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടും. 12 വരെ നാമനിർദേശ പത്രിക പിൻവലിക്കാനുളള സമയമുണ്ട്. ഫെബ്രുവരി എട്ടിനാണ് പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പ്.

error: Content is protected !!