മാനവീയം വീഥിയിൽ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പൊലീസ്; 12 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധനം

കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ നിയന്ത്രണം വരുന്നു. കഴിഞ്ഞ ദിവസം കലാപരിപാടിക്കിടെ കൂട്ടത്തല്ലുണ്ടായ സാഹചര്യത്തിൽ, മാനവീയത്തിൽ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകി. നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നും റിപ്പോർട്ടിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകി.

മാനവീയം വീഥിയിൽ കലാപരിപാടിയിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. ഒരു സമയം ഒന്നിൽ കൂടുതൽ കലാ പരിപാടികൾ അനുവദിക്കരുത്. രാത്രി 12 മണിക്ക് ശേഷം കലാപരിപാടികൾ പാടില്ല. 12 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഘർഷങ്ങളുണ്ടാകുന്നത് പൊലീസിന് വലിയ തലവേദനയായിരുന്നു. കേരളീയം ആഘോഷം കൂടി നടക്കുന്നതിനാല്‍ ഇപ്പോൾ‌ വന്‍ തിരക്കാണ് മാനവീയം വീഥിയിലുണ്ടാകുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിരുന്നു.

പൂന്തുറ സ്വദേശിയായ യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആരും പരാതിയുമായി സമീപിച്ചിട്ടില്ലെങ്കിലും സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. പൂന്തുറ സ്വദേശിയായ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിയാന്‍ സാധിച്ചെന്നാണ് പൊലീസ് പറയുന്നത്. മര്‍ദനമേറ്റ യുവാവിനെയും അക്രമികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണോ അതോ ക്രിമിനല്‍ സംഘമാണോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

മാനവീയം വീഥിയില്‍ നൈറ്റ് ലൈഫും ആഘോഷങ്ങളും ആരംഭിച്ചതിന് പിന്നാലെ ഇവിടെ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ സ്ഥിരമാണെന്നാണ് പൊലീസ് പറയുന്നത്. പലപ്പോഴും മദ്യപസംഘങ്ങളും ലഹരിമാഫിയയും തമ്മില്‍ ഏറ്റുമുട്ടാറുണ്ട്. ഇവര്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി മാനവീയം കൂട്ടായ്മ പരാതിപ്പെട്ടെന്നും വാർത്തകളുണ്ട്. ഇതിനിടെയാണ് മാനവീയം വീഥിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന സൂചന പുറത്തുവന്നിരിക്കുന്നത്.

error: Content is protected !!