മണിച്ചിത്രത്താഴ് ഇന്നും ജനഹൃദയങ്ങളിൽ; കേരളീയത്തിൽ നിറഞ്ഞ വേദിയിൽ പ്രദർശനം

കേരളീയം പരിപാടിയിലെ സിനിമാ മേളയിൽ തരംഗമായി മാറി ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഇന്നലെ വൈകിട്ട് 7.30ന് ഷോ കാണാന്‍ കാണികളുടെ നീണ്ട നിര മണിക്കൂറുകൾക്ക് മുൻപെ തിയേറ്ററിന് മുന്നില്‍ രൂപപ്പെട്ടു. തിരക്ക് വർധിച്ചതോടെ അധിക ഷോകളും നടത്തേണ്ടി വന്നു. ഇത് ലിയോയോ ജയിലറോ കാണാനുള്ള ആൾക്കൂട്ടമല്ല, 3 പതിറ്റാണ്ടു മുമ്പ് ഇറങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട മണിച്ചിത്രത്താഴ് കാണാനുള്ള തിരക്കാണിതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കേരളീയത്തിൽ സാംസ്‌കാരികവകുപ്പ് ഒരുക്കിയ ചലച്ചിത്ര മേളയിൽ മണിച്ചിത്രത്താഴ്‌ കാണാൻ അഭൂതപൂർവമായ ജനത്തിരക്ക്. ഒരു ഷോ നിശ്ചയിച്ചിരുന്ന സ്ഥാനത്ത് തിരക്കിനെ തുടർന്ന് എക്സ്ട്രാ 3 ഷോ പ്രദർശിപ്പിച്ചു. മറ്റ് ചിത്രങ്ങളും നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നതെന്നും മന്ത്രി കുറിച്ചു.

 

30 വർഷം പിന്നിട്ടിട്ടും ഈ സിനിമയോടുള്ള സ്നേഹം ഒരു തരി പോലും കുറഞ്ഞിട്ടില്ലെന്ന സൂചനയാണ് ഇന്നലെ തിരുവനന്തപുരത്ത് കണ്ടത്. സ്ക്രീനില്‍ പ്രിയ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇന്ന് റിലീസ് ചെയ്ത സിനിമ പോലെ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചു.ഇന്നലെ ഉച്ച മുതല്‍ ഒട്ടനവധി പേരാണ് ടിക്കറ്റിനായി ക്യു നിന്നത്. ഇതിന്റെ വിഡിയോകളും ഫോട്ടോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

error: Content is protected !!