കേരളവർമ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ വിവാദം; കെ.എസ്.യു ഹർജി ഇന്ന് ഹൈക്കോടതിയിൽ

 ശ്രീ കേരളവർമ്മ കോളേജിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണം എന്നാണ് ഹർജിക്കാരനായ കെഎസ്‌യുവിൻ്റെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ്റെ ആവശ്യം. ജസ്റ്റിസ് ടിആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. വെള്ളിയാഴ്ച ഹർജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിച്ചു എങ്കിലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി മടക്കി. ഈ സാഹചര്യത്തിൽ ആണ് അധികാര പരിധിയുള്ള ബെഞ്ച് ഹർജി പരിഗണിക്കുന്നത്.

റീഇലക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്.

കെഎസ്‍യുവിന്‍റെ ചെയർപേഴ്സണ്‍ സ്ഥാനാർഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചു എന്നായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് ഫലം. ഇതിനെതുടർന്ന് എസ്എഫ്ഐ റീകൗണ്ടിങ് ആവശ്യപ്പെട്ടു. ആദ്യത്തെ റീകൗണ്ടിങ്ങില്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ഒരു വോട്ടിന്റെ ലീഡില്‍ വിജയിച്ചതായി സ്ഥിരീകരിച്ചെങ്കിലും വീണ്ടും കൗണ്ടിങ് വേണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെടുകയായിരുന്നു.

കൗണ്ടിങ്ങിനെച്ചൊല്ലി കോളേജില്‍ ചെറിയ സംഘര്‍ഷവുമുണ്ടായി. എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എസിപിയുടെ പൊലീസ് സംഘം സ്ഥലത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൗണ്ടിംഗ് നിര്‍ത്തിവെക്കണമെന്ന് കോളേജ് പ്രിന്‍സിപ്പലും പൊലീസും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇടത് അനുകൂല അധ്യാപക സംഘടന നേതാവായ റിട്ടേണിംഗ് ഓഫീസര്‍ അതിനു തയ്യാറാവുന്നില്ലെന്ന് കെഎസ്‌യു ആരോപിച്ചു. കൗണ്ടിംഗ് ടേബിളിലെ അധ്യാപകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയാതായും കെഎസ്‌യു ആരോപിച്ചു. 32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ കെഎസ്‌യു വിജയിച്ചത്. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടനായിരുന്നു കെഎസ്‌യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. പാലക്കാട് മുണ്ടൂര്‍ സ്വദേശിയാണ് ശ്രീക്കുട്ടന്‍. എന്നാൽ കെ എസ് യു തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ കേരള വർമ്മയിലെ ചെയർപേഴ്സൻ പ്രഖ്യാപനം അനിശ്ചിതത്വത്തിലായി.

error: Content is protected !!