കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് പലയിടങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായി. വരും മണിക്കൂറുകളിൽ അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ജാർഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുകയാണ്. ഇതിൻറെ സ്വാധീനത്തിൽ വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് ഇടവിട്ട മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു . വിതുരയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. നെയ്യാർ ഡാമിൻറെ ഷട്ടറുകൾ ഉയർത്തിയതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. ഇടുക്കി കാഞ്ചിയാർ കോഴിമലയിൽ ശക്തമായ മഴയെ തുടർന്ന് വീട് തകർന്നു. തൃശ്ശൂർ മുകുന്ദപുരം താലൂക്കിൽ നേരിയ നാശനഷ്ടങ്ങൾ ഉണ്ടായി.

കോഴിക്കോടിന്റെ മലയോര മേഖലയിൽ ഇന്നലെ മുതൽ മഴ ശക്തമാണ്. കനത്ത മഴയിലും കാറ്റിലും പെട്ട് വീടിന് മുകളിലേക്ക് തെങ്ങ് വീഴാൻ ഇടയായി. കൊയിലാണ്ടി കുഞ്ഞോറ മല ഇടിഞ്ഞതിനെ തുടർന്ന് ബൈപ്പാസ് നിർമ്മാണം നിർത്തി. അഴിത്തലയിൽ വള്ളം അപകടത്തിൽ പെട്ട് മത്സ്യത്തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. കണ്ണൂരിൽ പല പുഴകളിലും ജല നിരപ്പ് ഉയർന്നു. വടക്കേ വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ ചെറിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

error: Content is protected !!