ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്; നേട്ടം ഇലക്ട്രോൺ ഡൈനാമിക്സ് പഠനത്തിൽ

2023ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞനായ പിയറെ അഗസ്തിനി, ഹംഗേറിയൻ ഗവേഷകൻ ഫെറെൻച് ക്രോസ്, ഫ്രഞ്ച് ശാസ്ത്രജ്ഞ ആൻ ലുലിയെ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ഏറ്റവും വേഗതയേറിയ പ്രകാശ കിരണങ്ങൾ ഉപയോഗിച്ച് വസ്തുക്കളിലുള്ള ഇലക്ട്രോണുകളുടെ ചലനത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഇവർ പുരസ്‌കാരത്തിന് അർഹരായത്.

ഇവരുടെ ഗവേഷണം ആറ്റോ ഫിസിക്സ് സംബന്ധിച്ച പുതിയ പഠന സാധ്യതകൾ ലോകത്തിന് നൽകിയതായി നൊബേൽ അക്കാദമി അഭിപ്രായപ്പെട്ടു. നേട്ടത്തിലൂടെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന അഞ്ചാമത്തെ വനിതയായി മാറിയിരിക്കുകയാണ് ആൻ ലുലിയെ.

കഴിഞ്ഞ വർഷവും ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടിരുന്നു. അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്‍റൺ സിലിംഗർ എന്നിവർക്കാണ് നൊബേൽ. ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്കാണ് പുരസ്കാരം ലഭിച്ചത്.

അതേസമയം ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ കാറ്റലിന്‍ കരീക്കോ, ഡ്രൂ വീസ്മാന്‍ എന്നിവർക്കാണ് ലഭിച്ചത്. രണ്ട് പേരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണമാണ് മരുന്ന് വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്.

error: Content is protected !!