കരുവന്നൂർ തട്ടിപ്പ്: സുരേഷ് ഗോപി നയിക്കുന്ന സഹകരണ സംരക്ഷണ പദയാത്ര ഇന്ന്

കരുവന്നൂർ ബാങ്ക് തട്ടിപ്പു വിഷയത്തിൽ സുരേഷ് ​ഗോപി നയിക്കുന്ന പദയാത്ര ഇന്ന് തൃശൂരിൽ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇവിടെ നിന്ന് തൃശൂർ സഹകരണ ബാങ്കിലേക്ക് ബഹുജനമാർച്ച് നീളും. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പണം നഷ്ടമായ ഇരകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പദയാത്ര.

17കിലോമീറ്റർ ദൂരമാണ് മാർച്ച് നടത്തുന്നത്. പണം നഷ്ടമായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെയും ദുരിതത്തിലായവരുടെയും കുടുംബാംഗങ്ങളും പദയാത്രയില്‍ അണിനിരക്കുമെന്നാണ് വിവരം. തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും പദയാത്ര തുടങ്ങുക.

അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത് എത്തിയിരുന്നു. ഇ ഡി സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ മത്സരിക്കാനുള്ള കളമൊരുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!