നൂറുമേനി നേടി ആന്തൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ  

 വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന പാടശേഖരം  കൃഷി യോഗ്യമാക്കി  നൂറുമേനി നേടി ആന്തൂരിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. ആന്തൂര്‍ നഗരസഭയിലെ മൂന്നാം വാര്‍ഡ് കാനൂലില്‍ എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് നടത്തിയ മൂന്നേക്കര്‍ നെല്‍കൃഷിയിലാണ് വലിയ വിളവ് ലഭിച്ചത്.  അട്ടശല്യവും ഉപ്പുവെള്ളവും മൂലം  വര്‍ഷങ്ങളോളം  തരിശായി കിടന്നിരുന്ന പാടമാണിവർ  കൃഷിയോഗ്യമാക്കിയത്. കൃഷിഭവനില്‍ നിന്നും ലഭിച്ച മട്ട ത്രിവേണി വിത്താണ് വിതച്ചത്.
കഴിഞ്ഞ ജൂണിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അതിന്  ഒരു മാസം മുമ്പ് ഉപ്പു വെള്ളം തടയുന്നതിനും അട്ടശല്യം ഒഴിവാക്കുന്നതിനും വേണ്ട  മുന്‍കരുതലുകള്‍ ചെയ്തു. അട്ടശല്യം ഇല്ലാതാക്കുന്നതിന് മൂന്ന് ഘട്ടങ്ങളിലായി കുമ്മായം വിതറുകയും ഉപ്പുവെള്ളം തടയുന്നതിനായി വരമ്പ് കയറ്റി കെട്ടുകയും ചെയ്തു. മഴ കുറഞ്ഞതും ഒരു പരിധി വരെ ഉപ്പുവെള്ള കയറ്റം തടയാന്‍ സഹായകമായി.
കൊയ്ത്തുല്‍സവം നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ കെ വി പ്രേമരാജന്‍, കെ പി ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ എം പ്രീത, കൃഷി ഓഫീസര്‍ ടി ഒ വിനോദ് കുമാര്‍, പാച്ചേനി വിനോദ്, പാടശേഖര സമിതി പ്രസിഡണ്ട് കെ രാജന്‍, മുതിര്‍ന്ന കര്‍ഷകന്‍ പാച്ചേനി ഗോവിന്ദന്‍, അജിത്ത് പി, കെ ധനേഷ്, കൃഷി അസിസ്റ്റന്റ് കെ ജനാര്‍ദ്ദനന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ സംബന്ധിച്ചു.
error: Content is protected !!