സ്‌കില്‍ ഷെയര്‍ പദ്ധതി; ജില്ലാതല ഉദ്ഘാടനം നടത്തി

വി എച്ച് എസ് ഇ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന സ്‌കില്‍ ഷെയര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പയ്യാമ്പലം ഗേള്‍സ് ഗവ. വി എച്ച് എസ് എസില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍വ്വഹിച്ചു.

വൊക്കേഷണല്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സാമൂഹിക പ്രതിബദ്ധതയുള്ള നൂതന പദ്ധതി ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് സ്‌കില്‍ ഷെയര്‍ പദ്ധതിയുടെ ലക്ഷ്യം. പി ടി എയും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിലവിലുള്ള കോഴ്സുമായി ബന്ധപ്പെട്ട ഒരു പ്രൊജകട് തയ്യാറാക്കുകയായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. ജില്ലയിലെ 19 സ്‌കൂളുകളില്‍ നിന്നും ഓരോ പ്രൊജക്ടുകളാണ് ജില്ലാതല അവതരണത്തില്‍ ഉണ്ടായത്. അവയില്‍ നിന്നും മികച്ച അഞ്ച് പ്രൊജക്ടുകളാണ് നടപ്പാക്കാനായി തെരെഞ്ഞെടുത്തത്. ഗവ. ആര്‍ എഫ് ടി വി എച്ച് എസ് എസ് അഴീക്കല്‍, ഗവ. വി എച്ച് എസ് എസ് കതിരൂര്‍, ഗവ. വി എച്ച് എസ് നെരുവമ്പ്രം, ടി വി ജി വി എച്ച് എസ് എസ് തളിപ്പറമ്പ്, ഗവ. വി എച്ച് എസ് എസ് ഗേള്‍സ് പയ്യാമ്പലം എന്നീ സ്‌കൂളുകളിലെ പ്രൊജക്ടുകളാണ് തെരെഞ്ഞെടുത്തത്. ഇവ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കാന്‍ പരമാവധി 50000 രൂപ വരെ ധനസഹായം നല്‍കും. പദ്ധതി നടപ്പാക്കുന്നതിന് 40 ശതമാനം തുക സ്‌കൂളിന് മുന്‍കൂറായി നല്‍കും. ബാക്കി തുക പ്രവര്‍ത്തന പുരോഗതി വിലയിരുത്തി രണ്ട് ഘട്ടമായി 30 ശതമാനം വീതം നല്‍കും. ഏതെങ്കിലും പ്രൊജക്ടിന് തുക 50000 രൂപയില്‍ അധികരിക്കുകയാണെങ്കില്‍ അത് പ്രാദേശികമായി കണ്ടെത്തണം. മൂന്നുമാസത്തിനകം പ്രൊജക്ട് പൂര്‍ത്തീകരിക്കും. നടപ്പാക്കിയ പ്രൊജക്ടുകളില്‍ മികച്ചവ സംസ്ഥാനതലത്തിലേക്കും തെരഞ്ഞെടുക്കും. സംസ്ഥാനതലത്തിലെ പ്രൊജക്ട് അവതരണത്തിന് ശേഷം അവയില്‍ നിന്നും മികച്ചവയെ കണ്ടെത്തും.

പയ്യാമ്പലം ഗേള്‍സ് ഗവ. വി എച്ച് എസ് സ്‌കൂളിലെ ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സില്‍ ഉള്‍പ്പെട്ട ഫേഷ്യല്‍ ട്രീറ്റ്മെന്റ് പ്രൊജക്ടാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. മധുരിമ, ഫാത്തിമത്തുല്‍ ഷിഫ, അര്‍ച്ചന, റീഹ എന്നീ വിദ്യാർത്ഥിനികളാണ് പ്രൊജക്റ്റ് അവതരിപ്പിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ പി വി ജയസൂര്യന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, ഡിഡിഇ എ പി അംബിക എന്നിവര്‍ മുഖ്യാതിഥികളായി. എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് പദ്ധതി വിശദീകരിച്ചു. വിഎച്ച്എസ്ഇ അഡീഷണല്‍ ഡയറക്ടര്‍ ആര്‍ ഉദയകുമാരി, കണ്ണൂര്‍ ആര്‍ ഡി ഡി കെ ആര്‍ മണികണ്ഠന്‍, എസ്എസ്‌കെ ഡി പി ഒ ഡോ. പി കെ സഭിത്ത്, സ്‌കില്‍ ഷെയര്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍ എസ് ശ്രീജ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ എസ് ആശ, ഹെഡ്മിസ്ട്രസ് എന്‍ കനകമണി, പി ടി എ പ്രസിഡണ്ട് ടി എന്‍ ബിന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!