വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നടുവിലില്‍ വരുന്നു ഷോപ്പിംഗ് കോംപ്ലക്‌സ്

വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടുവില്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 20 സെന്റില്‍ 2.2 കോടി രൂപ ചെലവിലാണ് നിര്‍മാണം. 12 മുറികളാണ് ഇവിടെ ഒരുക്കുക. ഒരു മുറിക്ക് ശരാശരി 20000 രൂപയാണ് മാസവാടകയിനത്തില്‍ ലഭിക്കുക.
ഇതിലൂടെ വര്‍ഷംതോറും 25 ലക്ഷം രൂപയുടെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടംപള്ളില്‍ പറഞ്ഞു. അടുത്തവര്‍ഷം മാര്‍ച്ചോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, റസ്റ്റോറന്റുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ കോംപ്ലക്‌സിലുണ്ടാവും. പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കും. പ്രാദേശിക കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് സ്ഥിരം വിപണന കേന്ദ്രം ഒരുക്കാനും ഷോപ്പിംഗ് കോംപ്ലക്‌സ് സൗകര്യമൊരുക്കും. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇടനിലക്കാരെ ഒഴിവാക്കി കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനും സാധിക്കും. ദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടാന്‍ ഷോപ്പിംഗ് കോംപ്ലക്‌സിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതര്‍.

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നല്‍കുന്നു

ഒറ്റത്തവണ ഉപയോഗിക്കുന്ന പാത്രങ്ങളോടും ഗ്ലാസുകളോടും വിടപറഞ്ഞ് ആലക്കോടെ കുടുംബശ്രീകള്‍. ബദലായി മുഴുവന്‍ കുടുംബശ്രീകള്‍ക്കും സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കുകയാണ് പഞ്ചായത്ത്. 500 വീതം പാത്രങ്ങളും ഗ്ലാസുകളുമാണ് 21 വാര്‍ഡുകളിലെ ഓരോ കുടുംബശ്രീ യൂണിറ്റിനുമായി നല്‍കുന്നത്. ഇതിനായി 2022-23 വാര്‍ഷിക പദ്ധതിയില്‍ നാല് ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കിവെച്ചത്. ഒരു മാസത്തിനകം വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത്തരം വസ്തുക്കളുടെ ഉപയോഗം കുറക്കാന്‍ ഒരു പരിധിവരെ സാധിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഇപ്പോഴും സജീവമാണ്. ഈ പശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. കല്യാണമുള്‍പ്പടെയുള്ള പരിപാടികളില്‍ സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും കുറഞ്ഞ നിരക്കില്‍ വാടകക്ക് നല്‍കും. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഒരു വരുമാന മാര്‍ഗം കൂടിയാണ് പദ്ധതി.

സിനിമാ പ്രേമികള്‍ക്കായി ചലച്ചിത്ര ശില്പശാല

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മൂന്ന് ദിവസത്തെ ചലച്ചിത്ര ശില്‍പശാല നടത്തുന്നു. സിനിമയുടെ പ്രൊഡക്ഷന്‍, പ്രീ പ്രൊഡക്ഷന്‍, തിരക്കഥാ നിര്‍മ്മാണം, സംവിധാനം, സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ്, ഗ്രാഫിക്‌സ്, സംഗീത സംവിധാനം, കലാസംവിധാനം, ചമയം, പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് വിതരണം, ഒടിടി പ്ലാറ്റ്‌ഫോമുകള്‍, പിച്ച് ഡെക്ക് നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സ്വന്തമായി തയ്യാറാക്കിയ ഒരു ഫോട്ട് ഫിലിം/ഡോക്യുമെന്ററി/ആല്‍ബം/മ്യൂസിക്കല്‍ വീഡിയോ/പരസ്യ ചിത്രം/റീല്‍സ് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ (ദൈര്‍ഘ്യം അരമണിക്കൂറില്‍ താഴെ, എംപി ഫോര്‍ ഫോര്‍മാറ്റ്) ലിങ്ക് filimworkshop01@gmail.com എന്ന ഇ-മെയിലില്‍ അയക്കണം. യൂട്യൂബ് വീഡിയോ, ഗൂഗിള്‍ ഡ്രൈവ് ലിങ്കുകളും അയക്കാം. ഫോണ്‍ നമ്പര്‍, പൂര്‍ണ്ണ വിലാസം എന്നിവ ഉള്‍പ്പെടുത്തിയ ബയോഡാറ്റ, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ് എസ് എല്‍ സി/ആധാര്‍/വോട്ടര്‍ ഐ ഡി എന്നിവയില്‍ ഏതെങ്കിലും) എന്നിവയും അയക്കണം. പ്രായപരിധി 18-35 ഇടയില്‍. അപേക്ഷക അയക്കേണ്ട അവസാന തീയ്യതി ഒക്‌ടോബര്‍ അഞ്ച്. ഫോണ്‍: 0471 2733602.

ഖാദി-ഗാന്ധിയന്‍ സംഗമം 28ന്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് ഖാദി-ഗാന്ധിയന്‍ സംഗമം നടത്തുന്നു. സെപ്റ്റംബര്‍ 28ന് വൈകിട്ട് മൂന്ന് മണിക്ക് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷനാകും. സ്വാതന്ത്ര്യ സമര സേനാനി പി വി അപ്പുക്കുട്ട പൊതുവാള്‍ വിശിഷ്ടാതിഥിയാകും. ചടങ്ങില്‍ പ്രമുഖ ഗാന്ധിയന്‍മാരെ ആദരിക്കും. ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഖാദി മേളകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ മൂന്ന് വരെ ഖാദിക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും.

കാഴ്ച പരിമിതിയുള്ള അംഗങ്ങളുടെ വിവരങ്ങള്‍ നല്‍കണം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളിൽ  70 ശതമാനമോ അതിനു മുകളിലോ കാഴ്ച പരിമിതിയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നു  സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത,കാഴ്ച പരിമിതിയുള്ളവർ സെപ്റ്റംബര്‍ 30നകം  ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ വിവരം നല്‍കണമെന്ന് ജില്ലാഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2701081.

പട്ടയകേസുകള്‍ മാറ്റി

കലക്ടറേറ്റില്‍ സെപ്റ്റംബര്‍ 28ന് വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ഒക്ടോബര്‍ ആറിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

കലക്ടറേറ്റില്‍ സെപ്റ്റംബര്‍ 28ന് വിചാരണ നടത്താനിരുന്ന ഇരിട്ടി, തലശ്ശേരി ലാന്റ് ട്രിബ്യൂണല്‍ ദേവസ്വം പട്ടയക്കേസുകള്‍ ഒക്ടോബര്‍ 19ലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ഡിജിറ്റല്‍ സര്‍വ്വെ; ജാഗ്രതാ സമിതി യോഗം ചേര്‍ന്നു

ഡിജിറ്റല്‍ സര്‍വ്വെയുമായി ബന്ധപ്പെട്ട് ജില്ലയില്‍ തെരഞ്ഞെടുത്ത 14 വില്ലേജുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ ജാഗ്രതാ സമിതി യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കണ്ണൂര്‍ ഒന്ന്, രണ്ട്, പള്ളിക്കുന്ന്, എളയാവൂര്‍, പുഴാതി, ചാവശ്ശേരി, തലശ്ശേരി, കരിക്കോട്ടക്കരി, ആറളം, വളപട്ടണം, അഴീക്കോട് സൗത്ത്, കണിച്ചാര്‍, കോട്ടയം, വിളമന എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് ഡിജറ്റല്‍ സര്‍വ്വെയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പൂര്‍ണ്ണ ജനപങ്കാളിത്തം ഉറപ്പാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, റവന്യൂ-സര്‍വ്വെ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ഓപ്പണ്‍ സര്‍വകലാശാല യു ജി/പി ജി പ്രവേശനം സെപ്റ്റംബര്‍ 30 വരെ

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വിവിധ യു ജി/ പി ജി പ്രോഗ്രാമുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യു ജി സി അംഗീകാരമുള്ള 22 യു ജി / പി ജി പ്രോഗ്രാമുകള്‍ക്കാണ്  അപേക്ഷ ക്ഷണിച്ചത്. www.sgou.ac.in അല്ലെങ്കില്‍ erp.sgou.ac.in എന്നിവയിലൂടെ അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള പഠന കേന്ദ്രങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സൗകര്യം ലഭിക്കും. ഫോണ്‍: 0474 2966841, 9188909901, 9188909902.

താലൂക്ക് വികസന സമിതി

കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ ഏഴിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് 28നകം ഘടിപ്പിക്കണം

പുതുതായി രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങള്‍ക്കും സെപ്തംബര്‍ 28നകം അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് വാഹന്‍ സോഫ്‌റ്റ്വെയറില്‍ അപ്ലോഡ് ചെയ്ത് വിവരങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് കണ്ണൂര്‍ ആര്‍ ടി ഒ അറിയിച്ചു. പുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് 24 മണിക്കൂറിനകം അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നല്‍കണമെന്ന നിര്‍ദ്ദേശം വാഹന ഡീലര്‍മാര്‍ പാലിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഏകീകൃത പ്രിന്റിംഗ് ഡെസ്പാച്ച് സംവിധാനം നിലവില്‍ വരുന്ന മുറക്ക് ആര്‍ സി പ്രിന്റിന് 280 രൂപ അടക്കണമെന്നും ആര്‍ ടി ഒ നിര്‍ദേശിച്ചു. ഇവ പാലിക്കാത്ത ഡീലര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും.

ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ നിയമനം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് സൂപ്പര്‍ സൂപ്പര്‍വൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍-ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എംവി ലൈസന്‍സ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം. ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍- ഡിഗ്രി/ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക് എഞ്ചിനീയറിങ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റാ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ ആശുപത്രി ഓഫീസില്‍ ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍
സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളിലേക്കായി വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നു. പയ്യന്നൂര്‍ എംപ്ലോയ്മെന്റ് ബ്യൂറോയില്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക്
ഒരു മണി വരെയാണ് രജിസ്‌ട്രേഷന്‍. 250 രൂപ ഫീസ്. പ്രായപരിധി 50 വയസില്‍ താഴെ. ഉദ്യോഗാര്‍ഥികള്‍ക്ക്ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ ഉണ്ടാകണം. ആധാര്‍/വോട്ടേഴ്സ് ഐ ഡി/പാസ്‌പോര്‍ട്ട്/പാന്‍ കാര്‍ഡ്
എന്നിവയില്‍ ഏതെങ്കിലും ഹാജരാക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷന്‍ ചെയ്ത് തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂവിനും പങ്കെടുക്കാം. ഫോണ്‍:  0497 2707610, 6282942066.

error: Content is protected !!