വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

റവന്യു മന്ത്രി നാലിന് ജില്ലയിൽ

റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ സെപ്റ്റംബർ നാല് തിങ്കളാഴ്ച കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30 കീഴൂർ വില്ലേജ് ഓഫീസ് ഉൽഘാടനം, രാവിലെ 10.30 വയത്തൂർ സ്മാർട്ട് വില്ലേജ് ശിലാസ്ഥാപനം, ഉച്ച 12 മണി ആറളം വില്ലേജ് ഓഫീസ് ഉൽഘാടനം, എടൂരിൽ, ഉച്ച 2.30 വെള്ളാർവള്ളി വില്ലേജ് ഓഫീസ് ഉദ്ഘാടനം, ഉച്ച 3.30 മണത്തണ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം, വൈകീട്ട് 4.30 കൊട്ടിയൂർ.

പോളിടെക്‌നിക് തത്സമയ പ്രവേശനം

നടുവിൽ ഗവ.പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷത്തെ നിലവിൽ ഒഴിവുള്ള ഒന്നാംവർഷ ഡിപ്ലോമ സീറ്റുകളിലേക്ക് സെപ്റ്റംബർ അഞ്ച്, ഏഴ് തിയ്യതികളിൽ തത്സമയ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ രാവിലെ 10 മണിക്ക് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം രക്ഷിതാവിനോടൊപ്പം കോളേജിൽ ഹാജരാകണം.
സെപ്റ്റംബർ അഞ്ച്-ടി എച്ച് എസ് എൽ സി, വി എച്ച് എസ് എൽ സി, ഇ ഡബ്ല്യ എസ്, ഈഴവ, ലാറ്റിൻ കാത്തലിക്, ആംഗ്ലോ ഇന്ത്യൻ, മറ്റ് പിന്നോക്ക ക്രിസ്ത്യാനികൾ, മറ്റ് പിന്നോക്ക ഹിന്ദു, ധീവര ആന്റ് റിലേറ്റഡ് കമ്മ്യൂണിറ്റീസ്, വിശ്വകർമ്മ ആന്റ് റിലേറ്റഡ് കമ്മ്യൂണിറ്റീസ്, കുശവൻ ആന്റ് റിലേറ്റഡ് കമ്മ്യൂണിറ്റീസ്, പട്ടികജാതി, പട്ടികവർഗം, പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ്-റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും.
സെപ്റ്റംബർ ഏഴ് -ജനറൽ, ഫീ വെയ്‌വർ-റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും.
ഫീസിളവിന് അർഹതയുള്ള വിദ്യാർഥികൾ 1000 രൂപയും അർഹതയില്ലാത്തവർ 3,995 രൂപയും ഓൺലൈനായി അടക്കേണ്ടതാണ്.  പി ടി എ ഫണ്ട് പണമായി അടക്കണം.  കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നോൺക്രിമിലെയർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.  കൂടുതൽ വിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.

സൗജന്യ മത്സര പരീക്ഷ പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൂടാളി പൊതുജന വായനശാലയിൽ സെപ്റ്റംബർ രണ്ടാം വാരം മുതൽ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം നൽകുന്നു. പത്താംതരം മുതൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പി എസ് സി, എസ് എസ് സി മുതലായ മത്സര പരീക്ഷകൾക്ക് അപേക്ഷ നൽകിയവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സെപ്റ്റംബർ 16നകം ഫോൺ നമ്പർ സഹിതമുള്ള വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700 831.

കുട്ടികൾക്കായി വിവിധ മത്സരങ്ങൾ

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 16ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാ/ സംസ്ഥാനതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി ഉപന്യാസ മത്സരം, പ്രൊജക്ട് അവതരണം, പെയിന്റിങ് മത്സരം, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 18നകം ജൈവവൈവിധ്യ ബോർഡിന്റെ അതത് ജില്ലാ കോ ഓർഡിനേറ്ററുടെ ഇ മെയിൽ വിലാസത്തിൽ അയക്കണം. ഇ മെയിൽ: knrdcksbb@gmail.com  അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും www.keralabiodiversity.org ൽ ലഭിക്കും. ഫോൺ: 9567553557

ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം

അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ കണ്ണൂർ സെന്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്സിലേക്ക് പ്ലസ്ടു പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്‌റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ് 670142 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 8301030362, 9995004269.

തടികൾ വിൽപനക്ക്

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന സെപ്റ്റംബർ 18ന് നടക്കും. കണ്ണവം റേഞ്ച് 1959, 1960 തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച വിവിധ ക്ലാസിൽപെട്ട തേക്ക് തടികൾ വിൽപനക്കുണ്ട്. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://www.mstcecommerce.com  വഴി രജിസ്റ്റർ ചെയ്യണം. കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിലും രജിസ്‌ട്രേഷൻ നടത്താം. രജിസ്‌ട്രേഷൻ നടത്തുന്നതിന് പാൻകാർഡ്, ആധാർ/തിരിച്ചറിയൽ കാർഡ്, ഇ-മെയിൽ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ സഹിതം ഗവ. ടിമ്പർ ഡിപ്പോയിൽ ഹാജരാകണം. ഫോൺ: 0490 2302080, 9562639496

സംരംഭക  ബോധവത്കരണ ശിൽപശാല

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആറളം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് സംരംഭക ബോധവത്കരണ ശിൽപശാല സംഘടിപ്പിക്കുന്നു. ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9400404543

ചിത്രരചനാ മത്സര വിജയികൾ

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി  നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾ. നഴ്സറി വിഭാഗം ആദവ്യ ശ്രീജിത്ത് ഒന്നും വൈദേഹി ബിനീഷ് രണ്ടും സ്ഥാനം നേടി. എൽ പി വിഭാഗത്തിൽ വേദ് തീർഥ് ബിനീഷ്, നൈതിക് സന്തോഷ്, നോവാൻ ബി അജന്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നൈതിക സന്തോഷ്, സംവൃത് സജിത്ത് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
യു പി  വിഭാഗത്തിൽ ഭാഗ്യശ്രീ രാജേഷ് ഒന്നും ഗായത്രി എച്ച് ബിനോയ് രണ്ടും അദർവ് ശ്രീജിത്ത് പി മൂന്നും സ്ഥാനം നേടി. പി ആർ ശ്രീഹരി, ഹയ  ഫാത്തിമ  എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രദ്ധ പ്രകാശൻ ഒന്നും പി വിശാൽ രണ്ടും ഹർഷ പ്രമോദ് മൂന്നും സ്ഥാനം നേടി. എം സി ആശ ലക്ഷ്മി, കീർത്തന സതീഷ്, ഋഷിക ഷജിത് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
ഹയർ സെക്കണ്ടറി / കോളേജ് വിഭാഗം കെ എം ജഗന്നാഥ്, പ്രിയത് മനോഹരൻ, ആദിത് രാജേഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പി പി അദ്വൈത് പ്രോത്സാഹന സമ്മാനത്തിന് അർഹനായി.

താൽപര്യപത്രം ക്ഷണിച്ചു

കുടുംബശ്രീ ഗുണഭോക്താക്കൾക്ക് സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങുന്നതിന് വ്യത്യസ്തമേഖലയിൽ പരിശീലനം നൽകാൻ സ്ഥാപനങ്ങളിൽനിന്ന് താൽപര്യപത്രം  ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11ന് വൈകീട്ട് അഞ്ച് മണി. വിലാസം: കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, മൂന്നാം നില, ബി എസ് എൻ എൽ ഭവൻ, കാൽടെക്സ്, കണ്ണൂർ, 670002. ഫോൺ: 0497 2702080. വെബ്സൈറ്റ്. https://www.kudumbashree.org/

സ്പെഷ്യൽ സ്‌കൂൾ പാക്കേജ്: അപേക്ഷ ക്ഷണിച്ചു

2023-24 വർഷത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന (ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന) കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്‌കൂളുകൾക്കുള്ള പ്രത്യേക ധനസഹായത്തന് അപേക്ഷ ക്ഷണിച്ചു. https://www.ssportal.kerala.gov.in/ മുഖേനേ ഓൺലൈനായി സെപ്റ്റംബർ 10നകം അപേക്ഷിക്കണം.

മികച്ച ബി എൽ ഒമാരെ അനുമോദിച്ചു

ജില്ലയിലെ മികച്ച ബി എൽ ഒമാരായി തെരഞ്ഞെടുക്കപ്പെട്ട തളിപ്പറമ്പ് മണ്ഡലത്തിലെ അഞ്ചാം നമ്പർ ബൂത്തിലെ ഒ പി ശിവദാസൻ, തലശ്ശേരി മണ്ഡലത്തിലെ 163 ാം മ്പർ ബൂത്തിലെ അജിത കേളോത്ത് എന്നിവരെ അനുമോദിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, തലശ്ശേരി തഹസിൽദാർ ഷീബ, താലൂക്ക് ഇലക്ഷൻ വിഭാഗം ജീവനക്കാർ, കലക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ  സംബന്ധിച്ചു.

അപേക്ഷ ക്ഷണിച്ചു

രാജ്മോഹൻ ഉണ്ണിത്താൻ  എം പി യുടെ പ്രാദേശിക  നിധിയിൽ നിന്നും മാട്ടൂൽ, മാടായി, കാങ്കോൽ – ആലപ്പടമ്പ ഗ്രാമപഞ്ചായത്തുകളിലെ  ഭിന്നശേഷിയുള്ളവർക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടർ നൽകുന്നതിന് 40 ശതമാനമോ  അതിൽ കുടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുതി തയ്യാറാക്കിയ അപേക്ഷ ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈഡ് വീലോടു കൂടിയ സ്‌കൂട്ടർ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ലഭിച്ചിട്ടില്ലെന്ന സി ഡി പി ഒയിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സെപ്റ്റംബർ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കണം. ഫോൺ: 8281999015.

വായനോത്സവം

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ  സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന അഖില കേരള വായനോത്സവം സ്‌കൂൾ തല മത്സരം സെപ്റ്റംബർ ഏഴ് വ്യാഴാഴ്ച  ഉച്ചക്ക് രണ്ട് മണി മുതൽ മൂന്ന് വരെ അതാതു സ്‌കൂളുകളിൽ നടത്തും. ചോദ്യപേപ്പർ ഗ്രന്ഥശാല പ്രവർത്തകർ സ്‌കൂളുകളിൽ എത്തിക്കും. മുതിർന്നവർക്കുള്ള വായനമത്സരങ്ങൾ  സെപ്റ്റംബർ 10 ഞായറാഴ്ച രാവിലെ 11 മണി മുതൽ 12.30 വരെ ഗ്രന്ഥശാലകളിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി പി.കെ വിജയൻ അറിയിച്ചു.

error: Content is protected !!