പോഷകാഹാര മാസാചരണം: പ്രദര്‍ശന ബോധവല്‍ക്കരണ പരിപാടി സമാപിച്ചു

പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ കണ്ണൂരിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഇരിക്കൂറില്‍ സംഘടിപ്പിച്ച ദ്വിദിന സംയോജിത ആശയ വിനിമയ ബോധവല്‍ക്കരണ പരിപാടി സമാപിച്ചു. സമാപന സമ്മേളനം അഡ്വ. സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഇരിക്കൂര്‍ ബ്ലോക്ക് ഐ സി ഡി എസ് അഡീഷണലിന് കീഴിലെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പോഷകാഹാരം സംബന്ധിച്ച അവബോധം വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശന പരിപാടി ഒരുക്കിയത്.
വൈറല്‍ രോഗങ്ങളുടെ പ്രതിരോധത്തെക്കുറിച്ച് ഇരിക്കൂര്‍ ഗവ. ആശുപത്രിയിലെ ഡോ. അനുപമ ക്ലാസെടുത്തു. ബാങ്കിങ് സേവനങ്ങളും ഡിജിറ്റല്‍ ബാങ്കിങ്ങും എന്ന വിഷയം കാസര്‍കോട് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സലര്‍ കെ ജെ ഫ്രാന്‍സിസ് അവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം, വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനം, ആധാര്‍ തിരുത്തല്‍ സേവനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.


സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ജില്ലാ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു കെ മാത്യു അധ്യക്ഷത വഹിച്ചു. വനിതാ ശിശുവികസന ഓഫീസര്‍ നിഷ പാലത്തടത്തില്‍, സി ബി സി ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ എസ് ബാബു രാജന്‍ പ്രസംഗിച്ചു.

error: Content is protected !!