വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലാ ആസൂത്രണ സമിതി യോഗം

മാലിന്യ മുക്തം നവകേളം എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്‌കരണ പ്രൊജക്ടുകള്‍ ഉള്‍പ്പെടത്തി പരിഷ്‌കരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതി അംഗീകാരവുമായി ബന്ധപ്പെട്ട ജില്ലാ ആസൂത്രണ സമിതി യേഗം ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 2.30ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സ്വാതന്ത്ര്യ ദിനാഘോഷം: വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി  ആഗസ്റ്റ് 10 മുതല്‍ 12 വരെ ഉച്ചക്ക് 2.30 ന് റിഹേഴ്‌സല്‍ പരേഡും 13ന് രാവിലെ 7.30ന് സ്വാതന്ത്ര്യദിനാഘോഷ ഫൈനല്‍ റിഹേഴ്‌സല്‍ പരേഡും  15ന് സെറിമോണിയല്‍ പരേഡും കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടത്തും. മേല്‍ പരിപാടിയില്‍ പങ്കെടുക്കേണ്ട മുഴുവന്‍ കേഡറ്റുകള്‍ക്കും/വിദ്യാര്‍ഥികള്‍ക്കും അവധി ദിവസം ഉള്‍പ്പെടെ ബസ് കണ്‍സഷന്‍ അനുവദിക്കണം.  വീഴ്ച വരുത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

എൻ ആർ ഐ സമ്മിറ്റിന് കണ്ണൂർ ഒരുങ്ങുന്നു.

സംരംഭകരും നിക്ഷേപകരുമാവാൻ താൽപര്യമുള്ള പ്രവാസികൾക്കായി കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് കണ്ണൂർ എൻ ആർ ഐ സമ്മിറ്റ് എന്ന് പേരിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. ഒക്ടോബർ 19,20 തിയ്യതികളിൽ നായനാർ അക്കാദമിയിലാണ് സമ്മിറ്റ് നടക്കുക. ജില്ലയുടെ വ്യവസായ സാധ്യതകൾ, അനൂകൂല ഘടകങ്ങൾ, നിക്ഷേപക സൗകര്യങ്ങൾ, പുതു സംരംഭങ്ങളിലെ വൈവിധ്യം, ഭൂമി ലഭ്യത, സാമ്പത്തിക സഹായവഴികൾ, തുടങ്ങിയവ പ്രവാസി നിക്ഷേപകരെ ബോധ്യപ്പെടുത്തുകയും നിക്ഷേപ സമാഹരണവും സംരംഭക സാധ്യതകളും ഉപയോഗപ്പെടുത്തുകയുമാണ് ലക്‌ഷ്യം. വ്യവസായ സംരഭക സ്റ്റാളുകൾ, ആശയ വിനിമയ വേദികൾ, പുതിയ ആശയങ്ങൾ അവതരിപ്പിക്കാനുള്ള ഇടങ്ങൾ എന്നിവയും സമ്മിറ്റിൻ്റെ ഭാഗമായി ഒരുക്കും. ജില്ലയുടെ വ്യാവസായിക നിക്ഷേപ സാദ്ധ്യതകൾ സംബന്ധിച്ച പ്രത്യേക അവതരണവും സമ്മിറ്റിലുണ്ടാകും.
സമ്മിറ്റ് നടത്തിപ്പ് സംബസിച്ച ആദ്യ ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ചേംബറിൽ ചേർന്നു. വരും ദിവസങ്ങളിൽ വിപുലമായ മീറ്റിംഗുകൾ വിളിച്ച് ചേർത്ത് പരിപാടികൾ ആസൂത്രണം ചെയ്യാൻ  തീരുമാനമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ എസ് ഷിറാസ്, ലീഡ് ബാങ്ക് മാനേജർ ഇ പ്രശാന്ത്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി കെ രമേശ് കുമാർ, വൈസ് പ്രസിഡണ്ട് സച്ചിൻ സൂര്യകാന്ത്, കെ എസ് എസ് ഐ എ പ്രസിഡണ്ട് ജീവരാജ് നമ്പ്യാർ, തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂര്‍ കെ എസ് ആര്‍ ടി സി
ബഡ്ജറ്റ് ടൂറിസം സെല്‍ മുന്നൂറിന്റെ നിറവില്‍

കെ എസ് ആര്‍ ടി സി കണ്ണൂര്‍ ഡിപ്പോയുടെ നേതൃത്വത്തില്‍ നടത്തുന്ന ടൂര്‍ പാക്കേജുകള്‍ 296 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി മുന്നൂറിലേക്ക് കടക്കുന്നു. ഈ ആഴ്ച പുറപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം, വാഗമണ്‍, മൂന്നാര്‍, വയനാട്, പൈതല്‍മല ട്രിപ്പോടുകൂടി 300 ലേക്ക് കടക്കുകയായാണ് ബഡ്ജറ്റ് ടൂറിസം സെല്‍.
വാഗമണ്‍ – മൂന്നാര്‍.  ആഗസ്റ്റ് 11ന് വൈകിട്ട് ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ശനിയാഴ്ച രാവിലെ വാഗമണ്ണില്‍ എത്തി ഓഫ് റോഡ് ജീപ്പ് സഫാരി, സൈറ്റ് സീയിങ്, ക്യാമ്പ് ഫയര്‍, ഹോട്ടലില്‍ താമസം.  രണ്ടാമത്തെ ദിവസം മൂന്നാറില്‍ ചതുരംഗപാറ വ്യൂ പോയിന്റ്, പൊന്‍മുടി ഡാം, ആനയിറങ്ങല്‍ ഡാം, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ലോക്ക് ഹാര്‍ട്ട് വ്യൂ പോയിന്റ്, ഓറഞ്ച് ഗാര്‍ഡന്‍, സിഗ്‌നല്‍ പോയിന്റ് എന്നിവ സന്ദര്‍ശിച്ച് തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.

വയനാട് – ആഗസ്റ്റ് 13ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് തുഷാരഗിരി വെള്ളച്ചാട്ടം, എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് ചങ്ങല മരം രാത്രി 11 മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.

പൈതല്‍മല – പാലക്കയം തട്ട് – ഏഴരക്കുണ്ട് വെള്ളച്ചാട്ടം – ആഗസ്റ്റ് 13ന് രാവിലെ  6.30ന് പുറപ്പെട്ട് പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദര്‍ശിച്ച് രാത്രി 8.30ന് തിരിച്ചെത്തും.  ഫോണ്‍: 8089463675, 9496131288.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ ജില്ലാ കൃഷിത്തോട്ടത്തിലെ അഗ്രി ബയോടെക്നോളജി ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നീഷ്യനായി  പ്രവര്‍ത്തിക്കാന്‍ തയ്യാറുളള മൈക്രോബയോളജി/ അഗ്രി ബയോടെക്നോളജി അടിസ്ഥാന യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ടിഷ്യൂകള്‍ച്ചര്‍/മൈക്രോബയോളജി മേഖലകളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യതയുളളവര്‍ ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0460 2203154.

ഹിന്ദി ട്രാൻസലേറ്റർ   ഒഴിവ്

എറണാകുളം ജില്ലയിലെ  കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി  ട്രാൻസലേറ്റർ തസ്തികയില്‍ ഒരു സ്ഥിരം  ഒഴിവുണ്ട്. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ് (ഇളവുകള്‍ അനുവദനീയം).  ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിലുള്ള ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ബിരുദ തലത്തില്‍ ഇംഗ്ലീഷ്  ഒരു വിഷയമായി പഠിച്ച് ഹിന്ദിയിലുള്ള ബിരുദാനന്തരബിരുദം, ഏതെങ്കിലും ഒരു സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനത്തില്‍ ഹിന്ദി ഇംഗ്ലീഷ്   ട്രാൻസലേഷനില്‍ രണ്ടു രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം,  പി ജി  ഡിപ്ലോമ ഇന്‍   ട്രാൻസലേഷൻ, മലയാള ഭാഷാ പരിജ്ഞാനം  എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 16 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി  ഹാജരാക്കണം.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍

എറണാകുളം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സി എ/ ഐ സി ഡബ്ല്യു എയും 15 വര്‍ഷത്തെ  തൊഴില്‍ പരിചയവുമുള്ള  50 വയസ്സില്‍ താഴെയുള്ള (ഇളവുകള്‍  അനുവദനീയം) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ആഗസ്റ്റ് 14നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി  ഹാജരാക്കണം.

സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, അനസ്‌തേഷ്യോളജി, ഓർത്തോപീഡിക്സ് , റേഡിയോ ഡയഗ്നോസിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ആഗസ്ത് 10 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍, അതത് വിഭാഗത്തിലുള്ള പി ജി ഡിഗ്രി എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പെങ്കിലും ഹാജരാകണം. വിശദാംശങ്ങള്‍ www.gmckannur.edu.in ല്‍ ലഭിക്കും.

ബോധവല്‍ക്കരണ ക്ലാസ്

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സംരംഭകര്‍ക്കായി ചെറുകിട വ്യവസായം, കച്ചവടം, സേവന സംരംഭങ്ങള്‍ മുതലായവ തുടങ്ങുന്നവര്‍ക്കുള്ള വായ്പകള്‍, സബ്സിഡികള്‍, ഗ്രാന്റുകള്‍ എന്നിവയെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ആഗസറ്റ് എട്ടിന് രാവിലെ 10 മണിക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലാണ് ക്ലാസ്.  ഫോണ്‍:7012051880, 9447772638.

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം

ക്ഷേത്രകലാ അക്കാദമിയില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  പ്ലസ്ടു, അക്കൗണ്ടിങ്ങിലും കമ്പ്യൂട്ടറിലുമുള്ള പരിചയം എന്നിവയാണ് യോഗ്യത. മലയാളം ഡി ടി പി അഭികാമ്യം. വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 21നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂര്‍ 670303 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.  ഫോണ്‍: 0497 2986030.

വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പയ്യന്നൂര്‍ ബ്ലോക്കില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. താല്‍ക്കാലിക നിയമനത്തിന് താല്‍പര്യമുള്ള വെറ്ററിനറി ബിരുദധാരികള്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, കെവിസി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 12 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

വാഹന ഗതാഗതം നിരോധിച്ചു

മേനപ്രം – പൂക്കോട് റോഡില്‍ താഴെ പൂക്കോം ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ആഗസ്റ്റ്  11 വരെ പൂര്‍ണ്ണമായും നിരോധിച്ചു.  കുഞ്ഞിപ്പള്ളി വഴി കൂത്തുപറമ്പ് പോകുന്ന വാഹനങ്ങള്‍ ഇലാങ്കോട് – കടവത്തൂര്‍ കീഴ്മാടം – മേക്കുന്ന് വഴിയും കൂത്തുപറമ്പ് – കുഞ്ഞിപ്പള്ളി പോകുന്ന വാഹനങ്ങള്‍ തിരിച്ചും പോകേണ്ടതാണെന്നും പന്ന്യന്നൂര്‍ – പൂക്കോം വഴി പാനൂര്‍ പോകുന്ന വാഹനങ്ങള്‍ അരയാക്കൂല്‍ വഴിയും പാനൂര്‍ – പന്ന്യന്നൂര്‍ പോകുന്ന വാഹനങ്ങള്‍ തിരിച്ചും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ലൈബ്രേറിയന്‍ നിയമനം

പട്ടുവം കയ്യംതടത്തെ കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം ഒഴിവുള്ള ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ലൈബ്രറി സയന്‍സിലുള്ള ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയം. പ്രായപരിധി 20 – 36. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 10ന് രാവിലെ 11 മണിക്ക് എം ആര്‍ എസ്സിലെ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് യോഗ്യത തെളിയിക്കുന്ന സട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ബയോഡാറ്റയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ്‍: 0460 2996794, 9496284860.

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പട്ടുവം കയ്യംതടത്തിലെ കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം ഒഴിവുള്ള  കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ബി സി എ/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും പി ജി ഡി സി എയും ജോലി പരിചയം.  പ്രായപരിധി 20 – 36.  താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 10ന് ഉച്ചക്ക് രണ്ട് മണിക്ക് എം ആര്‍ എസ്സിലെ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് യോഗ്യത തെളിയിക്കുന്ന സട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ബയോഡാറ്റയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ്‍: 0460 2996794, 9496284860.

സൗജന്യ മത്സരപരീക്ഷാ പരിശീലനം

പി എസ് സി നടത്തുന്ന മത്സരപരീക്ഷക്ക് തയ്യാറടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലന പരിപാടി തുടങ്ങുന്നു. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍  യൂണിവേഴ്സിറ്റിയുടെ താവക്കരയിലുള്ള  യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ ഗൈഡന്‍സ് ബ്യൂറോയില്‍ ഹാജരായി ആഗസ്റ്റ് 19നകം അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0497-2703130.

ആക്ഷേപാഭിപ്രായങ്ങള്‍ അറിയിക്കാം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം വക കൈവശ ഭൂമിയില്‍ ക്ഷേത്ര വരുമാനം വര്‍ധിപ്പിച്ച് സാമ്പത്തിക സ്വയം പര്യാപ്തത നേടുന്നതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയുടെ പെട്രോള്‍ പമ്പ് ക്ഷേത്ര ഉടമസ്ഥതയില്‍ തുടങ്ങുന്നതിന് ഭൂമി പാട്ടം നല്‍കുന്നു. കണ്ണാടിപ്പറമ്പ് വില്ലേജിലെ റീ സര്‍വെ നമ്പര്‍ 19ല്‍ പെട്ട 1600 സ്‌ക്വയര്‍ മീറ്റര്‍ (40 മീറ്റര്‍ x 40 മീറ്റര്‍) സ്ഥലം 40,000 രൂപ പ്രതിമാസ വാടക നിരക്കില്‍ 20 വര്‍ഷത്തേക്കാണ് പാട്ടം നല്‍കുക. പാട്ടത്തിന് നല്‍കുന്ന കാര്യത്തില്‍ ക്ഷേത്രവിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ആക്ഷേപാഭിപ്രായങ്ങള്‍ ആഗസ്റ്റ് 21ന് വൈകിട്ട് നാല് മണിക്ക് മുമ്പായി കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഹൗസ് ഫെഡ് കോംപ്ലക്സ്, എരിഞ്ഞിപ്പാലം പി ഒ, കോഴിക്കോട് – 6 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 7907044639.

ഇ ഡബ്ല്യു എസ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കണം

എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍  ഇ ഡബ്ല്യു എസ് (മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍) വിഭാഗത്തില്‍പ്പെടുന്നവര്‍ ആയതിന്റെ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ രേഖകളില്‍ ചേര്‍ക്കേണ്ടതാണ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക്  സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പില്‍ പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തി rpeeekm.emp.lbr@kerala.gov.in എന്ന ഇ- മെയിലില്‍ അയക്കാം. ഇ ഡബ്ല്യു എസ് വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ ആ വിവരവും രേഖാമൂലം അറിയിക്കേണ്ടതാണെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു.

കിക്മയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ – ബി സ്‌കൂള്‍)  അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ എ ഐ സി റ്റി ഇ നിബന്ധനകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ആഗസ്റ്റ് 11 ന്  രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസില്‍ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

ഐ ടി ഐ പ്രവേശനം

പേരാവൂര്‍ ഗവ.ഐ ടി ഐയില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ 230 ഇന്‍ഡക്സ് മാര്‍ക്കുള്ളവരും അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പെണ്‍കുട്ടികളും ആഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷാകര്‍ത്താവിനൊപ്പം ഐ ടി ഐയില്‍ ഹാജരാകണം.  ഫോണ്‍: 0490 2996650.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ്  യോഗ്യത. താല്‍പര്യമുള്ള   ഡോക്ടര്‍മാര്‍ക്ക് ആഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍- 0497 2709920.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ എഫക്ട്സിന് പ്രവേശനം തുടങ്ങി. യോഗ്യത: എസ് എസ് എല്‍ സി. ഫോണ്‍: 0495 2301772, 8590605275.

വാഹനം ആവശ്യമുണ്ട്

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി മാസ വാടക നിരക്കില്‍ ഡ്രൈവര്‍ സഹിതം ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും ടാക്സി പെര്‍മിറ്റുള്ളതും അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളതുമായ വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 16ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2321818

ക്വട്ടേഷന്‍

കണ്ണവം മോഡല്‍ പ്രീ സ്‌കൂളിലേക്ക് ടെലിവിഷന്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 11ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും  ഫോണ്‍: 0497 2700357.

error: Content is protected !!