വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

‘സമം’ സ്ത്രീ ശാക്തീകരണ പുരസ്‌കാരം പ്രഖ്യാപിച്ചു

ജില്ലാ പഞ്ചായത്ത് സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്ന് ‘സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം’ എന്ന സന്ദേശം ഉയര്‍ത്തി ആവിഷ്‌കരിച്ച ‘സമം’ സ്ത്രീ ശാക്തീകരണ പുരസ്‌കാരം പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ജില്ലയിലെ 20 വനിതകളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. നിഖില വിമല്‍ -സിനിമാതാരം, സയനോര ഫിലിപ്പ്-ഗായിക, കെ ലീല, കൂത്തുപറമ്പ്-പൊതുപ്രവര്‍ത്തനം, കെ സി ലേഖ- ബോക്‌സിങ് താരം, ധ്യാന്‍ ചന്ദ് പുരസ്‌കാര ജേതാവ്, ബീവി ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. മുബാറക്ക ബീവി, പഴയങ്ങാടി-സീനിയര്‍ ഗൈനക്കോളജിസ്റ്റ്, ഷീജ ജയകുമാര്‍, കണ്ണവം  -ചെത്ത് തൊഴിലാളി, ജലറാണി ടീച്ചര്‍, ചാല- ഭിന്നശേഷി കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വനിത, നാജി നൗഷി, മാഹി- യുട്യൂബ്‌  ട്രാവല്‍ വ്‌ളോഗര്‍, ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ കണ്ണൂരില്‍ നിന്ന് ഖത്തറിലേക്ക് ഒറ്റക്ക് വണ്ടിയോടിച്ച വനിത, രജനി മേലൂര്‍-നാടകം, സുനിത തൃപ്പാണിക്കര,കുഞ്ഞിമംഗലം-ചിത്രകാരി, മൗത്ത് പെയിന്റര്‍, നാരായണി മേസ്തിരി, മട്ടന്നൂര്‍-80 വയസ് കഴിഞ്ഞ നിര്‍മാണ തൊഴിലാളി, ഈ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ടു, കെ പി ലക്ഷ്മി, പഴയങ്ങാടി-തെയ്യം കലാകാരി, വി ലത, ബക്കളം- സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍, റജി മോള്‍, കണ്ണൂര്‍ സിറ്റി-ബസ്സുടമ, ജീവനക്കാരി, കെ വി ശ്രുതി, ചെറുപുഴ-ഡെപ്യൂട്ടി കലക്ടര്‍, ഷൈന്‍ ബെനവന്‍, തളിപ്പറമ്പ്-വനിത വ്യവസായി, സി അശ്വനി -കണ്ണപുരം റെയില്‍വേസ്റ്റേഷനില്‍ ട്രാക്കില്‍ വീണു പോയ യാത്രക്കാരനെ രക്ഷിച്ച വനിത, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ചെറുകുന്ന്, സംഗീത അഭയ്, മങ്ങാട്ട് പറമ്പ് -നവ സംരംഭക, കലാമണ്ഡലം ലീലാമണി, കല്യാശ്ശേരി-നൃത്തം, എസ് സിത്താര, കണ്ണൂർ -സാഹിത്യം എന്നിവരാണ് പുരസ്‌കാരം നേടിയത്. ഇതിനു പുറമെ ജില്ലയിലെ രണ്ട് വനിത സംഘങ്ങള്‍ കൂടി പുരസ്‌കാരത്തിന് അര്‍ഹരായി. മികച്ച പ്രവര്‍ത്തനം നടത്തിയ ആന്തൂര്‍ നഗരസഭയിലെ ഹരിതകര്‍മ സേന, ഈ വര്‍ഷത്തെ റിപ്പബ്ലിക് ഡേ പരേഡില്‍ കേരളത്തിന്റെ പ്ലോട്ടില്‍ ശിങ്കാരിമേളം അവതരിപ്പിച്ച പാപ്പിനിശ്ശേരിയിലെ സപ്തവര്‍ണ കുടുംബശ്രീ സംഘം എന്നിവയാണിത്. ആഗസ്ത് ആറിന് രണ്ട് മണിക്ക് അരോളി ഗവ.ഹൈസ്‌കൂളില്‍ നടക്കുന്ന സമം സ്ത്രീ ശാക്തീകരണം 2023 പരിപാടിയില്‍ സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജേതാക്കള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ആറന്മുളവള്ള സദ്യയിൽ പങ്കെടുക്കാൻ ഒരു  അവസരം കൂടി  

ആറൻമുള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടന യാത്ര ” എന്ന ടാഗ് ലൈനിൽ ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്.

തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ആറൻമുള പള്ളിയോട സേവാ സംഘത്തിന്റെ നേത്യത്വത്തിൽ 2023 ഒക്ടോബർ രണ്ട് വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണാനും , കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിൽ പങ്കെടുക്കാനും  തീർത്ഥാടകർക്ക് അവസരമുണ്ട് . ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറൻമുളക്കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനും ഉള്ള സൗകര്യവും  തീർത്ഥാടകർക്ക് ഒരുക്കും.

ആഗസ്ത്  12 ശനിയാഴ്ച  രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും പുറപ്പെട്ടു വൈക്കം ക്ഷേത്രം,കടുത്തുരുത്തി ക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, ചോറ്റാനിക്കര  എന്നീ ക്ഷേത്രങ്ങൾ ദർശനം നടത്തി അന്ന് രാത്രി ചെങ്ങന്നൂരിൽ ഹോട്ടലിൽ താമസിച്ചു രണ്ടാമത്തെ ദിവസം പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും വള്ള സദ്യയിലും പങ്കെടുത്തു വൈകുന്നേരം കണ്ണൂരിലേക്ക് തിരികെവരും വിധമാണ് യാത്ര. തിങ്കളാഴ്ച രാവിലെ 6 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും. ബുക്കിങ്ങിന്  8089463675 , 9496131288

മുന്നേറ്റം ജില്ലാതല ശില്പശാല നടത്തി

സംസ്ഥാന സാക്ഷരതാമിഷന്‍, കേരള മഹിള സമഖ്യ, കുടുംബശ്രീ, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയില്‍ നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ തുടര്‍ വിദ്യാഭ്യാസ പരിപാടിയായ ‘മുന്നേറ്റം ജില്ലാതല ശില്പശാല നടത്തി.  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി വികസന വിദ്യാകേന്ദ്രം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓഡിനേറ്റര്‍ ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. കേരള മഹിളാസമഖ്യ ജില്ലാ കോ-ഓഡിനേറ്റര്‍ എന്‍ പി അസീറി, ജില്ലാ സാക്ഷരതാമിഷന്‍ അസി കോ-ഓഡിനേറ്റര്‍ ടി വി ശ്രീജന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി ഷൈജു, കുടുംബശ്രീ ആറളം ഫാം സ്‌പെഷ്യല്‍ പ്രോജക്ട് കോ-ഓഡിനേറ്റര്‍ പി സനൂപ്, മഹിളാസമഖ്യ റിസോഴ്‌സ് പേഴ്‌സണ്‍ എം എന്‍ ആതിര, നോഡല്‍ പ്രേരക്മാരായ എ ജിജിന, കെ വി റീത്ത എന്നിവര്‍ പങ്കെടുത്തു.

ഒഞ്ചിയം പ്രഭാകരന്റെ ‘വടക്കന്‍പാട്ടുകളിലെ ചരിത്രസ്വാധീനം’ പുസ്തക പ്രകാശനം നാലിന്

കേരള ഫോക്‌ലോര്‍ അക്കാദമി പ്രസിദ്ധീകരിക്കുന്ന ഒഞ്ചിയം പ്രഭാകരന്റെ ”വടക്കന്‍പാട്ടുകളിലെ ചരിത്രസ്വാധീനം” എന്ന പുസ്തകത്തിന്റെ പ്രകാശനം  ആഗസ്ത് നാലിന് വൈകിട്ട് 4.30ന് വടകര കേളുവേട്ടന്‍ സ്മാരക ഹാളില്‍ കായിക വകുപ്പ് മന്ത്രി  വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. അക്കാദമി ചെയര്‍മാന്‍  ഒ എസ് ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഗായകന്‍ വി ടി മുരളി പുസ്തകം ഏറ്റുവാങ്ങും. അക്കാദമി സെക്രട്ടറി  എ വി അജയകുമാര്‍, വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട്, മുന്‍ സെക്രട്ടറി ടി കെ വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സുകുമാരനും സംഘവും അവതരിപ്പിക്കുന്ന വടക്കന്‍ പാട്ടുകളും, അരങ്ങ് കൊയിലാണ്ടിയുടെ നാടന്‍പാട്ടുകളും അവതരിപ്പിക്കും.

സീനിയര്‍ മാനേജര്‍ ഒഴിവ്

കോട്ടയം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (സിവില്‍ എഞ്ചിനീയറിങ്) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. സിവില്‍ എഞ്ചിനീയറിങ്ങില്‍  ബിരുദവും ഏഴ് വര്‍ഷത്തെ തൊഴില്‍ പരിചയവുമുള്ള 45 വയസ്സില്‍ താഴെയുള്ള  (ഇളവുകള്‍ അനുവദനീയം) നിശ്ചിത യോഗ്യതയുള്ളവര്‍   യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 10നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി  ഹാജരാക്കണം

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍/ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 (527/2019) തസ്തികയിലേക്ക് പി എസ് സി 2023 ഫെബ്രുവരി 23ന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ട്രെയിനി നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിന്റെ ട്രൈബല്‍ പാരാമെഡിക്സ് പദ്ധതിയില്‍ ട്രെയിനികളെ നിയമിക്കുന്നു.  നഴ്സിങ് ഉള്‍പ്പെടെയുള്ള വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ പാരാമെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ താല്‍ക്കാലികമായി നിയമിക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.
നഴ്സിങ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്സ് ബിരുദം/ ഡിപ്ലോമ ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 21-35.  ഒരു വര്‍ഷമാണ് നിയമന കാലാവധി. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഐ ടി ഡി പ്രൊജക്ട് ഓഫീസില്‍ ആഗസ്റ്റ് 16ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ഐ ടി ഡി പ്രൊജക്ട് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലും www.stdd.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0497 2700357.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ടിഗ് ആന്റ് മിഗ് വെല്‍ഡിങ് പുതിയ ബാച്ചിലേക്ക് പ്രവേശനം തുടങ്ങി. ആഗസ്ത് ഏഴ് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 7560865447.

ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 2954252, 9072592458.


ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; തീയതി നീട്ടി

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിലെ വിധവകള്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുമുള്ള ‘ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 25 വരെ നീട്ടി.
ശരിയായ ജനലുകള്‍ വാതിലുകള്‍/ മേല്‍ക്കൂര/ഫ്‌ളോറിങ്/ഫിനിഷിങ്/പ്ലംബിംങ്/സാനിറ്റേഷന്‍/വൈദ്യുതീകരണം എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബിപിഎല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാണെങ്കിലും, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകയാണെങ്കിലും മുന്‍ഗണന.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോം ലഭിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കുക. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കലക്ടറേറ്റിലേയ്ക്ക് തപാലിലും അപേക്ഷിക്കാം.
വീട് അറ്റകുറ്റപണി ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ഓഫീസര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസി. എഞ്ചിനീയര്‍/ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. മറ്റു വകുപ്പുകളില്‍ നിന്നോ, സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റഷന്‍ ഓഫീസറില്‍ നിന്നോ പഞ്ചായത്ത് സെക്രട്ടറിയില്‍നിന്നോ ഹാജരാക്കണം.

സീറ്റ് ഒഴിവ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത ബി എസ് സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്സില്‍ ജനറല്‍, പട്ടികജാതി, മുസ്ലിം, ഒ ബി എച്ച്, ഈ ഡബ്ല്യു എസ്, പി ഡബ്ല്യു ഡി, സ്പോര്‍ട്സ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ ഒഴിവുണ്ട്.  താല്‍പര്യമുള്ള ബന്ധപ്പെട്ട വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകണം. ഫോണ്‍: 9567463159, 0490 2353600, 6282393203, 7293554722.

സ്‌കോളര്‍ഷിപ്പോടെ   ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി

അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ കണ്ണൂര്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ഡിഗ്രി കോഴ്സില്‍ സീറ്റ് ഒഴിവ്.  50 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം എട്ട്  ലക്ഷം രൂപയിൽ താഴെയായിരിക്കണം. പ്രായപരിധി 25 വയസ്. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8301030362, 9995004269.

അക്ഷയ കേന്ദ്രങ്ങള്‍ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം

സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പൊതുജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന്‌ കണ്ണൂര്‍ അക്ഷയ ചീഫ് കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സേവനനിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ എല്ലാ അക്ഷയകേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിനും, നല്‍കുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധമായും നല്‍കുന്നതിനും അക്ഷയ കേന്ദ്രങ്ങള്‍ക്ക് നിദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ സേവനനിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലോ രസീത്  ലഭ്യമല്ലെങ്കിലോ ആ വിവരം പൊതുജനങ്ങള്‍ക്ക് ജില്ലാ ഓഫീസിലോ സംസ്ഥാന സര്‍ക്കാരിന്റെ സിറ്റിസണ്‍ കോള്‍ സെന്ററിലോ അറിയിക്കാം. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികള്‍ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ സമര്‍പ്പിക്കാം. സേവനങ്ങള്‍ക്കു അമിത നിരക്കു ഈടാക്കുക, രസീത് നല്‍കാതിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക എന്നീ സന്ദര്‍ഭങ്ങളില്‍ വിവരം സിറ്റിസണ്‍ കോള്‍ സെന്ററിനെയോ (155300),  ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസിനെയോ (0497 2712987 ) അറിയിക്കുകയോ adpoknr.akshaya@kerala.gov.in ലേക്ക് മെയില്‍ അയക്കുകയോ ചെയ്യാം. അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍  കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സേവനങ്ങള്‍, സേവന നിരക്ക് എന്നിവ സംബന്ധിച്ച് പൊതു ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് കലക്ടര്‍ അറിയിച്ചു.

ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു

ജില്ലയിലെ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2022-23 വര്‍ഷത്തെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന യോഗത്തില്‍ ഒത്തു തീര്‍ന്നു. വ്യവസ്ഥയനുസരിച്ച് അടിസ്ഥാന ശമ്പളം 10,500 രൂപ പരിധി കണക്കാക്കി ആയതിന്റെ 18 ശതമാനം ബോണസ് നല്‍കുവാന്‍ തീരുമാനമായി. യോഗത്തില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് പി സുമേഷ്, സി കെ ജയപ്രകാശ്, എം കെ ആശിഖ്,  പി സി ശ്യാം യൂണിയനെ പ്രതിനിധീകരിച്ച് കെ വി രാഘവന്‍, കെ പ്രേമരാജന്‍, എം വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.

ലാറ്ററല്‍ എന്‍ട്രി

ഈ അധ്യയനവര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലെ (ലാറ്ററല്‍ എന്‍ട്രി) തോട്ടട ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുകളിലേക്ക് തത്സമയ പ്രവേശനം ആഗസ്റ്റ് നാലിന് നടക്കും. ഫീസ് അടക്കേണ്ട തുക എടിഎം കാര്‍ഡ് വഴിയും പിടിഎയില്‍ അടയ്‌ക്കേണ്ട തുക പണമായും കരുതണം.
വെബ്‌സൈറ്റ്: www.polyadmission.org /let

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് അഞ്ചിന്  രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രമുഖ സ്‌കൂളിലെ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും അഭിമുഖം നടത്തുന്നു. പി ജി ടി ഫിസിക്സ്, ടി ജി ടി ഫിസിക്സ്, ആര്‍ട്ട് ടീച്ചര്‍, ടി ജി ടി സോഷ്യല്‍ സയന്‍സ്, സീനിയര്‍ എജുകണ്‍സല്‍ട്ടന്റ്, ടീം ലീഡര്‍, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍/എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
യോഗ്യത: എം എസ് സി/ബി എഡ്, ബി എസ് സി/ ബി എഡ് ഫിസിക്സ്, കെ ജി സി ഇ, എം എ/ബി എഡ്  സോഷ്യല്‍ സയന്‍സ്, ഡിഗ്രി, പി ജി. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്റ്ററേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

താലൂക്ക് വികസന സമിതി

തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ എല്ലാ വികസന സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 16 മുതല്‍ 28 വരെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാര്‍ഷിക പരമ്പരാഗത വ്യവസായ ഉല്‍പന്ന പ്രദര്‍ശന മേളയില്‍ ഫുഡ് കോര്‍ട്ട് നടത്തുന്നതിനുള്ള അപേക്ഷയും മേളയില്‍ സെക്യൂരിറ്റി ഏര്‍പ്പെടുത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നുള്ള അപേക്ഷയും ക്ഷണിച്ചു. ആഗസ്റ്റ് ഒമ്പതിന് വൈകിട്ട് മൂന്ന് മണിക്കകം മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.

താല്‍ക്കാലിക നിയമനം

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട്  ടെക്നിക്കല്‍ എക്സ്പെര്‍ട്ട്, അഭിഭാഷകര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ടെക്നിക്കല്‍ എക്സ്പെര്‍ട്ട് – എം സി എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബി ടെക് /ഡിപ്ലോമ, മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് അറിഞ്ഞിരിക്കണം, കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ് എന്നിവയില്‍ പരിജ്ഞാനം.
അഭിഭാഷകര്‍ – അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം, അഭിഭാഷകവൃത്തിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായ പരിധി 40 വയസ്സ്.
താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും, പകര്‍പ്പും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ആഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2308630.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം – തസ്തിക മാറ്റം വഴി – 660/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിച്ച 148/2023/എസ് എസ് വി നമ്പര്‍  റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

സാനിറ്റേഷന്‍ വര്‍ക്കര്‍; ഇന്റര്‍വ്യൂ 7ന്

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ഏഴാം ക്ലാസ് പാസ്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0497 2706666.

അറ്റന്റര്‍ നിയമനം; ഇന്റര്‍വ്യൂ 8ന്

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കോസ്മെറ്റോളജി വിഭാഗത്തില്‍ ഫീമെയില്‍ അറ്റന്ററെ നിയമിക്കുന്നു.  യോഗ്യത: ബ്യൂട്ടീഷന്‍ കോഴ്സ് പാസ്.  താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.  ഫോണ്‍: 0497 2706666.

You may have missed

error: Content is protected !!