വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സ്വാതന്ത്ര്യ ദിനം: വിപുലമായ ആഘോഷ പരിപാടികള്‍

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ എഡിഎം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ വിവിധ സേനാ വിഭാഗങ്ങളുടെയും എന്‍സിസി, എസ്പിസി, സ്‌കൗട്ട് ആന്റ് ഗെഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് എന്നിങ്ങനെയുള്ള വിദ്യാര്‍ഥികളുടയും പ്ലാറ്റൂണുകളെ പങ്കെടുപ്പിക്കും. പ്രതിരോധ സംരക്ഷണ സേനയുടെയും സ്‌കൂള്‍ സംഘങ്ങളുടെയും ബാന്റ് വാദ്യവും പരേഡില്‍ അണിനിരക്കും. യുവജന ക്ഷേമ ബോര്‍ഡിനു കീഴിലുള്ള യുവജന വളണ്ടിയര്‍ സംഘത്തിന്റെ ഒരു പ്ലാറ്റൂണും പരേഡിലുണ്ടാകും. പരേഡിന്റെ ഒരുക്കം സംബന്ധിച്ച കാര്യങ്ങള്‍ യോഗം വിലയിരുത്തി. വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ യോഗം നിശ്ചയിച്ചുനല്‍കി. ആഗസ്ത് 10 മുതല്‍ 13 വരെ നാല് ദിവസം റിഹേഴ്‌സല്‍ പരേഡ് നടത്തും. 13ന് നടക്കുന്ന ഫൈനല്‍ റിഹേഴ്സല്‍ രാവിലെയും മറ്റ് ദിവസങ്ങളിലെ റിഹേഴ്സല്‍ പരേഡ് ഉച്ചക്ക് ശേഷവും ആയിരിക്കും. യോഗത്തില്‍ സബ് കലക്ടര്‍ സന്ദീപ് കമാര്‍, അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്ര ബോസ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരേഡ്: വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ യാത്രാസൗജന്യം

സ്വാതന്ത്ര്യദിന പരേഡിന്റെ പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ യാത്രാസൗജന്യം അനുവദിക്കണമെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന ജില്ലാതല യോഗം നിര്‍ദേശിച്ചു. ഇക്കാര്യം ഉറപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് യോഗം ആര്‍ ടി ഒയെ ചുമതലപ്പെടുത്തി. ആഗസ്ത് 10 മുതല്‍ 13 വരെ നടക്കുന്ന റിഹേഴ്സല്‍ പരേഡിനും സ്വാതന്ത്ര്യ ദിനത്തിലും യാത്രാ സൗജന്യം അനുവദിക്കും.

95.66 ശതമാനം മാര്‍ക്ക് നേടി


മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിക്ക് മദര്‍ ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് ഹോസ്പിറ്റല്‍ അംഗീകാരം

മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായുള്ള മദര്‍ ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് (എം ബി എഫ് എച്ച് ഐ )അംഗീകാരം ലഭിച്ചു. ദേശീയ ആരോഗ്യ ദൗത്യം നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച്  95.66 ശതമാനം മാര്‍ക്കോടെയാണ് അംഗീകാരം നേടിയത്. ആഗസ്റ്റ് രണ്ടിന്  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിലൂടെ ഉണ്ടാകുന്ന ശാരീരികവും  വൈകാരികവുമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗര്‍ഭകാലം മുതല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിന് അമ്മക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി. പൊതു, സ്വകാര്യ ആശുപത്രികളില്‍ പ്രസവശേഷം മുലപ്പാല്‍ ഉറപ്പാക്കുന്നതിനും അതിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടിന്റെയും ലോകാരോഗ്യ സംഘടനയുടെയും ആഗോള ബേബി-ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവില്‍ (ബിഎഫ്എച്ച്‌ഐ) നിന്ന് സ്വീകരിച്ച പത്ത് മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കുന്നത്. ഇവ നടപ്പിലാക്കിയാലാണ് ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കുന്നത്. ആ നേട്ടമാണിപ്പോള്‍ മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി കരസ്ഥമാക്കിയിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് കൃത്രിമ പാല്‍ നല്‍കുന്നതിനെയോ അതിനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളെയോ ആശുപത്രി പ്രോത്സാഹിപ്പിക്കുന്നില്ല. പരമാവധി മുലപ്പാല്‍ തന്നെ ഉറപ്പ് വരുത്താനാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലാ കലക്ടര്‍ ചെയര്‍മാനായിട്ടുള്ള ആശുപത്രി വികസന സൊസൈറ്റിയും ആന്തൂര്‍ നഗരസഭയുമാണ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശിശുരോഗ വിഭാഗം മേധാവി ഡോ. കെ സി രാജീവന്‍, എംബിഎഫ്എച്‌ഐ നോഡല്‍ ഓഫീസര്‍ ഡോ. ബി സന്തോഷ്, സ്ത്രീരോഗ വിഭാഗത്തിലെ ഡോ. പി ശോഭ, ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ്, ദേശീയ ആരോഗ്യ ദൗത്യം പിആര്‍ഒ കെ സബിത, നഴ്സുമാര്‍ മറ്റു ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ കൂടി ഫലമാണ് അംഗീകാരം.

വനിതാ ഫിറ്റ്‌നസ് സെന്ററുമായി മയ്യില്‍ ഗ്രാമപഞ്ചായത്ത്

വനിതകളെ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരാക്കാന്‍ മയ്യില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ ഫിറ്റ്‌നസ് സെന്റര്‍ ഒരുങ്ങുന്നു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മയ്യില്‍ പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും.
സ്ത്രീകളില്‍ അധികമായി കണ്ടു വരുന്ന രക്തക്കുറവ്, ജീവിതശൈലി രോഗങ്ങള്‍, പി സി ഒ ഡി പ്രശ്‌നങ്ങള്‍ എന്നിവ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ സ്വന്തം ശരീരവും ആരോഗ്യവും മറന്ന് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവരുടെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കാനും ഫിറ്റ്‌നസ് സെന്റര്‍ ഉപകരിക്കും.
മയ്യില്‍ ബസ്റ്റാന്‍ഡില്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കുന്നത്. ജിമ്മിലേക്കാവശ്യമായ ഉപകരണങ്ങളും സജ്ജീകരണങ്ങളും ഇവിടെ ഒരുക്കി കഴിഞ്ഞു. കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമത്തിനും മസില്‍ സ്‌ട്രെങ്ത്തനിങ്ങിനും അമിതഭാരം കുറയ്ക്കുവാനുള്ള ഉപകരണങ്ങളായ ട്രെഡ്മില്‍, സ്പിന്‍ ബൈക്, മള്‍ട്ടി ജിം, എക്സര്‍സൈസ് ബൈക്, ക്രോസ് ട്രെയിനര്‍ എന്നിങ്ങനെയുള്ള ഫിറ്റ്നസ് ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്തോടെ ഫിറ്റ്‌നസ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കും. പഞ്ചായത്ത് നേതൃത്വം നല്‍കുന്ന ജനകീയ പരിപാലന കമ്മിറ്റിക്ക് ആണ് ജിമ്മിന്റെ നടത്തിപ്പ് ചുമതല. പ്രവര്‍ത്തന സമയം, ഫീസ് തുടങ്ങിയ കാര്യങ്ങള്‍ ഈ കമ്മിറ്റിയാണ് തീരുമാനിക്കുക.
പട്ടയകേസുകള്‍ മാറ്റിആഗസ്റ്റ് രണ്ടിന്  കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകള്‍ സെപ്റ്റംബര്‍ അഞ്ചിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

കോളയാട് ഗ്രാമപഞ്ചായത്തില്‍ പ്രീമെട്രിക് ഹോസ്റ്റല്‍ ഒരുങ്ങുന്നു

കോളയാട് ഗ്രാമപഞ്ചായത്ത് ചെമ്പുകാവ് കോളനിയില്‍ പെണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ ഒരുങ്ങുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. 4.2 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. 2021 ലാണ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത്. താമസിക്കാനുള്ള മുറികള്‍, ബാത്‌റൂമുകള്‍, അടുക്കള, മെസ്സ് ഹാള്‍, സ്റ്റഡി ഹാള്‍ എന്നിവ ഉള്‍പ്പെട്ട മൂന്ന് നില കെട്ടിടമാണ് പണിതത്. 60 കുട്ടികള്‍ക്കുള്ള സൗകര്യമാണ് ഒരുക്കുക. കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലീഡ് എഞ്ചിനീയറിംഗ് കമ്പനി (കെ ഇ എല്‍) ക്കാണ് നിര്‍മ്മാണ പ്രവൃത്തി നല്‍കിയത്.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ കോളയാട് ഗ്രാമപഞ്ചായത്തില്‍ നിലവില്‍ പെണ്‍കുട്ടികളുടെ ഒരു പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ മയ്യില്‍, വെളിമാനം, ഇരിട്ടി, വയത്തൂര്‍, ആറളം, നടുവില്‍ എന്നിവിടങ്ങളിലും പ്രീമെട്രിക് ഹോസ്റ്റലുണ്ട്. നടുവിലില്‍ ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലാണ്. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വകുപ്പിന് കീഴിലെ ജില്ലയിലെ എട്ടാമത്തെ പ്രീമെട്രിക് ഹോസ്റ്റലാകും ചെമ്പുകാവിലേത്.

ഓണം ആഘോഷമാക്കാന്‍ ‘ഓണശ്രീ’ വില്ലേജ് ഫെസ്റ്റിവലുമായി തളിപ്പറമ്പ് മണ്ഡലം

ഇത്തവണത്തെ ഓണം ആഘോഷമാക്കാന്‍ ‘ഓണശ്രീ’ വില്ലേജ് ഫെസ്റ്റിവലുമായി തളിപ്പറമ്പ്. തളിപ്പറമ്പ് മണ്ഡലത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഓണശ്രീ’ ആഗസ്റ്റ് 21 ന് തദ്ദേശസ്വയഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ്, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും (കുറുമാത്തൂര്‍, പരിയാരം, ചപ്പാരപ്പടവ്, കൊളച്ചേരി, മയ്യില്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം) രണ്ട് നഗരസഭകളിലുമായി (തളിപ്പറമ്പ്, ആന്തൂര്‍) ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികൾ  സംഘടിപ്പിക്കുമെന്ന്  എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

കുടുംബശ്രീ സ്റ്റാളുകളോടൊപ്പം സ്വയം സംരംഭകരുടെയും ചെറുകിട വ്യവസായ യൂണിറ്റുകളുടെയും സ്റ്റാളുകളും ഒരുക്കും. വ്യത്യസ്തമായ ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കി ഫുഡ് കോര്‍ട്ട് ആകര്‍ഷകമാക്കും. ജൈവ പച്ചക്കറി സ്റ്റാളുകള്‍, തദ്ദേശസ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം, കുടുംബശ്രീ പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനം എന്നിവയുമുണ്ടാകും. കൂടാതെ എല്ലാ ദിവസവും പൊതുജന പങ്കാളിത്തത്തോടെയുള്ള കലാപരിപാടികള്‍ നടത്തും. സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള സാംസ്‌കാരികമേളയാണ് സംഘടിപ്പിക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു ദിവസം നീളുന്ന ഓണച്ചന്തയാണ് നടത്തിയിരുന്നത്.
പൊതുജനപങ്കാളിത്തത്തോടെ നടക്കുന്ന കലാസംസ്‌കാരിക പരിപാടികള്‍ ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. ഈ മേള കുടുംബശ്രീ സംരംഭകരുടെയും വനിതാ കൂട്ടായ്മകളുടെയും ഉല്‍പന്നങ്ങള്‍ക്കുള്ള വിപുലമായ വിപണി ഒരുക്കുന്നതോടൊപ്പം ജനങ്ങളുടെ മാനസികോല്ലാസം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു.

തദ്ദേശ സ്ഥാപന അധ്യക്ഷൻ   ചെയര്‍മാനും    സി ഡി എസ് ചെയര്‍പേഴ്സണ്‍ കണ്‍വീനറുമായി ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിന് കീഴിലും സംഘാടക സമിതി രൂപീകരിച്ചു.
തളിപ്പറമ്പ് പ്രസ്സ് ഫോറം ഹാളില്‍ നടന്ന  വാർത്ത സമ്മേളനത്തില്‍ തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന, പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ബാബുരാജന്‍, ആന്തൂര്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണവിപണിയില്‍ അമിതവില ഈടാക്കരുത്; ജില്ലാ കലക്ടര്‍

ഓണക്കാലത്ത് വിപണിയില്‍ അമിതവില ഈടാക്കരുതെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു.  ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  വിപണിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തി അമിതവില ഈടാക്കി സാധനങ്ങള്‍ വില്‍പ്പന നടത്തില്ലെന്ന് യോഗത്തില്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍ ഉറപ്പുനല്‍കി.  യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം സുള്‍ഫിക്കര്‍, ജില്ലാ താലൂക്ക് തലങ്ങളിലെ വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

അധ്യാപക നിയമനം

നെരുവമ്പ്രം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് സി വിഭാഗത്തില്‍ ഓട്ടോമൊബൈല്‍ വൊക്കേഷണലില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് മൂന്നിന് രാവിലെ 10 മണി മുതല്‍ സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

താലൂക്ക് വികസന സമിതി യോഗം

കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് അഞ്ചിന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.പയ്യന്നൂര്‍ താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പൊതുജനങ്ങളെ ബാധിക്കുന്ന പൊതുവായ പരാതികള്‍ ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി താലൂക്ക് ഓഫീസില്‍ ലഭിക്കണം. പരാതിക്കാര്‍ യോഗത്തില്‍ ഹാജരാകണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാരുടെ 2022-23 വര്‍ഷത്തെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന തൊഴിലാളി-തൊഴിലുടമ യോഗത്തില്‍ തീരുമാനമായി. വ്യവസ്ഥയനുസരിച്ച് മുഴുവന്‍ തൊഴിലാളികള്‍ക്കും മൊത്ത വരുമാനത്തിന്റെ 8.33 ശതമാനം ബോണസ് നല്‍കും. യോഗത്തില്‍ എം സി പ്രവീണ്‍, പി പ്രണവ്, ഹരികൃഷ്ണന്‍, വി ഡെന്നി അഗസ്റ്റിന്‍, എം വേണുഗോപാല്‍, വി വി ശശീന്ദ്രന്‍, എം പി സജീഷ്, പി സി വിനോദന്‍, സുജിത്ത് കോയ്യാടന്‍ എന്നിവര്‍ പങ്കെടുത്തു.

വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന  പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവാഹ വായ്പാ പദ്ധതിക്ക്  കീഴില്‍ വായ്പാ അനുവദിക്കുന്നതിനായി കണ്ണൂര്‍  ജില്ലയിലെ  പട്ടികജാതി  പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട  യുവതികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 3.5 ലക്ഷം രൂപയാണ്  വായ്പ. അപേക്ഷകര്‍ 18 നും 65 ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബവാര്‍ഷിക  വരുമാനം ഏഴ് ലക്ഷം രൂപയില്‍ കവിയരുത്. പലിശ  നിരക്ക് ഏഴ് ശതമാനം. തുക 60 തുല്ല്യ മാസ ഗഡുക്കളായി   (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം.  തുകക്ക്  കോര്‍പ്പറേഷന്റെ  നിബന്ധനകള്‍ക്കനുസരിച്ച്  ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താല്പര്യമുള്ളവര്‍  അപേക്ഷ  ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി  കോര്‍പ്പറേഷന്റെ   ജില്ലാ  ഓഫീസുമായി  ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513.

അപേക്ഷ ക്ഷണിച്ചു

ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ, പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ കറസ്പോണ്ടന്‍സ് എന്നിവയാണ് കോഴ്സുകള്‍.  എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന്‍ 689533 എന്ന വിലാസത്തില്‍ ആഗസ്റ്റ് 10നകം അപേക്ഷകള്‍ ലഭിക്കണം. വെബ്സൈറ്റ്. www.vasthuvidyagurukulam.com. ഫോണ്‍: 0468 2319740, 9847053294, 9847053293, 9947739442.

ഡി സി എ കോഴ്സിന് അപേക്ഷിക്കാം

സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി സി എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 21 വരെ പിഴ കൂടാതെയും 60 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ ഒന്നു വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം.  ഓണ്‍ലൈനായി www.scoleklerala.org എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി ഒ തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ സ്പീഡ്/രജിസ്ട്രേഡ് തപാല്‍ മാര്‍ഗം ലഭ്യമാക്കണം. ഫോണ്‍: 0471 2342950, 2342271, 2342369.

സംരംഭക ശില്‍പശാല 2ന്

കൂടാളി ഗ്രാമപഞ്ചായത്തിലെ സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കൂടാളി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്ത് രണ്ടിന് രാവിലെ 10 മണിക്ക് സംരംഭക ബോധവല്‍ക്കരണ ശില്‍പശാല നടത്തുന്നു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9567343927.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് തുടങ്ങുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെയും  https://srccc.in/download ലൂടെ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്തെടുത്തും അപേക്ഷിക്കാം.   അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവൃത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പിഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570

സി ആര്‍ ഇസെഡ്: തീയതി നീട്ടി

2011 തീരദേശ പരിപാലന വിജ്ഞാപന പ്രകാരം കേരള തീരദേശ പരിപാലന അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വിജ്ഞാപന പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തീകരിച്ചതും നിര്‍മ്മാണം തുടങ്ങിയതുമായ വാസഗൃഹങ്ങളുടെ സി ആര്‍ ഇസെഡ് ക്ലിയറന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടിയതായി കേരള തീരദേശ പരിപാലന അതോറിറ്റി അറിയിച്ചു. അപേക്ഷ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന ജില്ലാ തീരദേശ പരിപാലന അതോറിറ്റിക്ക് നല്‍കണം.

നെരുവമ്പ്രം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്ലസ്ടു ബ്ലോക്ക് കെട്ടിടം ശിലാസ്ഥാപനം 4ന്

നെരുവമ്പ്രം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് എം വിജിന്‍ എം എല്‍ എ നടത്തും. പ്ലസ്ടു ബ്ലോക്ക് കെട്ടിടത്തിന് ഒരു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. രണ്ട് ക്ലാസ് റൂം,  കമ്പ്യൂട്ടര്‍ ലാബ്, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുള്‍പ്പടെ 295.68 ചതുരശ്ര മീറ്ററുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഒരു സ്റ്റെയര്‍കെസ്സ് റൂമും സജ്ജീകരിക്കും.

ലാറ്ററല്‍ എന്‍ട്രി – തത്സമയ പ്രവേശനം

തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഗവ. പോളിടെക്‌നിക് കോളേജിലെ മൂന്നാം സെമസ്റ്ററിലെ ഒഴിവുളള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് അഞ്ചിന് കോളേജില്‍ നടത്തും.  രാവിലെ 9.30 മുതല്‍ 10.30 വരെ രജിസ്റ്റര്‍ ചെയ്യാം.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളുമായി രക്ഷാകര്‍ത്താവിനൊപ്പം നിര്‍ദ്ദേശിക്കപ്പെട്ട സമയത്തുതന്നെ എത്തണം.
ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ ലഭിക്കുന്ന എസ് സി/എസ് ടി വിഭാഗത്തില്‍ പെടാത്തവര്‍ സാധാരണ ഫീസിനുപുറമേ സ്‌പെഷ്യല്‍ ഫീസായ പതിനായിരം രൂപ കൂടി അടക്കണം. പിടിഎ ഫണ്ട് ഒഴികെയുളള തുക എടിഎം കാര്‍ഡ് ഉപയോഗിച്ച് അടക്കേണ്ടതാണ്. ഫോണ്‍: 0467 211400, 9400006459.
error: Content is protected !!