ഇടുക്കിയില്‍ കാറിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് ഒരു മരണം; അഞ്ച് പേര്‍ക്ക് പരിക്ക്

കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ട കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സൗമിനി (67) ആണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്നവർ പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രത്തിൽനിന്ന് മടങ്ങി വരുന്നതിനിടെ ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

കമ്പംമേട്ട് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ബിബിനും പോലീസ് ഉദ്യോഗസ്ഥയായ ഭാര്യ അനുഷ്‌കയും കുടുംബസമേതം പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം ഇവരുടെ കൂടെയുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ ജോലിക്കാരിയാണ് മരിച്ച സൗമിനി. മണ്ണിടിച്ചിലിൽ ഇവർ ഇരുന്ന ഭാഗത്താണ് കൂടുതല്‍ ആഘാതമുണ്ടായത്.

വളഞ്ഞങ്ങാനത്ത് എത്തിയപ്പോൾ കാര്‍ നിര്‍ത്തി യാത്രക്കാരില്‍ ചിലര്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ സോമിനി വാഹനത്തിനുള്ളില്‍ത്തന്നെ ഇരുന്നു. ഈ സമയത്താണ് കാറിനു മുകളിൽ മണ്ണിടിഞ്ഞു വീണത്. കാറില്‍ത്തന്നെയുണ്ടായിരുന്ന ബിബിനും അനുഷ്‌കയും മറ്റു മൂന്നുപേരും നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറെ മണിക്കൂറായി പ്രദേശത്ത് മഴയുണ്ടായിരുന്നു. ഇതാണ് മണ്ണിടിച്ചിലിനു കാരണമായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പീരുമേട്ടില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

error: Content is protected !!