സപ്ലൈകോയുടെ 14 കേന്ദ്രങ്ങളിലും എല്ലാ ഉൽപ്പന്നങ്ങളുമുണ്ട്: മന്ത്രി ജി ആർ അനിൽ

സപ്ലൈകോയുടെ 14 കേന്ദ്രങ്ങളിലും എല്ലാ ഉൽപ്പന്നങ്ങളും ഉണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പുറത്തു നിന്ന് കൊണ്ടു വരുന്നതിനാലാണ് ചിലത് വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. 24-ന് പച്ചക്കറിയുടെ സബ്സിഡി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണക്കാലത്ത് കുട്ടികൾക്ക് അഞ്ച് കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 24-നകം വിതരണം പൂർത്തിയാക്കും. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽ നിന്നാണ് അരി വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളുകയും ചെയ്തു. ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ചില സ്ഥലങ്ങളില്‍ സാധനങ്ങള്‍ വേഗത്തില്‍ തീര്‍ന്ന് പോകുന്നതിനാലാണ് ചിലയിടത്ത് സാധനങ്ങള്‍ കിട്ടാത്തതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. ഫലപ്രദമായ പൊതുവിതരണ സമ്പ്രദായമാണ് കേരളത്തിലുള്ളത്.

1600-ല്‍ പരം സപ്ലൈകോ ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. പ്രതിമാസം 40 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളാണ് സപ്ലൈകോയില്‍ നിന്നും സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നത്. നിക്ഷിപ്ത താല്‍പര്യക്കാരുടെ നിര്‍ബന്ധമാണ് ഈ രംഗത്ത് ഒന്നും നടക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കുന്നത്. അവമതിപ്പുണ്ടാക്കി വലിയ രീതിയിലുള്ള കുപ്രചരണം അഴിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

error: Content is protected !!