‘കേന്ദ്ര ധനമന്ത്രിയെ കാണാന്‍ എംപിമാര്‍ വന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ല; നിവേദനത്തില്‍ ഒപ്പിട്ടില്ല എന്നതായിരുന്നു പ്രശ്‌നം’; ധനമന്ത്രി

തനിക്കൊപ്പം യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാന്‍ വന്നില്ലെന്ന ആക്ഷേപം എവിടെയും ഉന്നയിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉന്നയിക്കാത്ത പ്രശ്‌നത്തിന് മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ബാലഗോപാല്‍ പറഞ്ഞു.

a

കേന്ദ്രത്തിന്റെ സാമ്പത്തിക അഗവണ കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും വിഷയത്തില്‍ ഒരു നിവേദനം കേന്ദ്ര ധനകാര്യ മന്ത്രിയ്ക്ക് സമര്‍പ്പിക്കണമെന്നും തീരുമാനമെടുത്തിരുന്നു. ഇതിനായി വിശദമായ കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ എംപിമാരുടെ നിവേദനത്തില്‍ ഒപ്പിടാനോ നിവേദക സംഘത്തിന്റെ ഭാഗമാകാനോ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല എന്നതാണ് താന്‍ ഉന്നയിച്ചതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പൊതുവായ താല്‍പര്യമുയര്‍ത്തിപ്പിടിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അര്‍ഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കണമെന്ന പൊതു തീരുമാനത്തില്‍ നിന്ന് യുഡിഎഫ് എംപിമാര്‍ പിന്മാറിയത് ദുഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി വ്യക്തമാക്കി.

സ്വന്തം കഴിവുകേട് മറച്ചുവെക്കാനാണ് സര്‍ക്കാര്‍ എംപിമാരെ കുറ്റപ്പെടുത്തുന്നതെന്ന് വിഷയത്തില്‍ വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ എത്തുന്ന ധനമന്ത്രി കേന്ദ്രമന്ത്രിമാരെ കാണാന്‍ പോകുന്നത് എംപിമാരോട് പറയാറില്ല. ഒന്നും പറയാതെ കാറില്‍ ഒപ്പം കയറി പോകാന്‍ അത്ര ഗതികെട്ടവരല്ല യുഡിഎഫ് എംപിമാരെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

error: Content is protected !!