കോൺഗ്രസ് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷമായ ആരോപണവുമായി പി.കെ രാഗേഷ്

തനിക്ക് കോൺഗസുകാരനായി തുടരാനും പാർട്ടിക്കാരനായി മരിക്കാനും ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും പാർട്ടിക്ക് പുറത്ത് നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരെ കൂട്ടിയോജിപ്പിച്ച് പ്രവർത്തിക്കുമെന്നും കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട കൗൺസിലർ പി.കെ രാഗേഷ് പ്രസ് ക്ലബിൽ പറഞ്ഞു.

ഡി.സി.സിയെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി
സമാനമായ ചിന്തയുള്ളവരെ കൂടി യോജിപ്പിച്ച് പ്രവർത്തിക്കുമെന്നും. തന്നെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുക എന്നത് മേയർ ടി.ഒ മോഹനൻ , കെ പ്രമോദ് എന്നീ നേതാക്കളുടെ താല്പര്യമാണ്. അതിന് വേണ്ടി അവർ ഗൂഢാലോചന നടത്തിയെന്നും പികെ രാകേഷ് ആരോപിച്ചു.

പള്ളിക്കുന്ന് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പല്ല തന്നെ പുറത്താക്കാനുള്ള വിഷയം. കണ്ണൂരിലെ ചില വക്ര ബുദ്ധിക്കാരായ രാഷ്ട്രീയക്കാരുടെ വ്യക്തി താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി തന്നെ പുറത്താക്കുകയായിരുന്നു. കോൺഗ്രസ് ഭരണഘടന ലംഘിച്ചാണ് എന്നെ പുറത്താക്കിയത്. ഇതിനെതിരെ നിയമപരമായി നേരിടും. പുറത്താക്കിയതിനെതിരെ അപ്പീൽ നൽകിയിട്ടുട്ടുണ്ടെന്നും പികെ രാകേഷ് പറഞ്ഞു.

തന്റെ വായും രണ്ടു കൈയ്യും കെട്ടിയിട്ടാണ് പള്ളിക്കുന്ന് സഹകരണ ബാങ്ക് തിരഞ്ഞടുപ് നടന്നത്. എന്നിട്ടും കോൺഗ്രസ് നേതൃത്വം നൽകിയ യു.ഡി. എഫ് പാനൽ സ്ഥാനാർഥി തോറ്റിട്ടുണ്ടെങ്കിൽ എന്നെ പുറത്താക്കുകയല്ല വേണ്ടത്, ഡി.സി.സി യെ പിരിച്ച് വിടുകയാണ് വേണ്ടത്. എന്നിട്ട് കഴിവും പ്രാപ്തിയുളവരുടെ കൈയ്യിൽ നേതൃത്വം ഏൽപ്പിക്കണം.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ ഇപ്പോൾ നയിക്കുന്നത് ഉപജാപ സംഘമാണ്. പാർട്ടിയെ നയിക്കാൻ കറുത്തുളളവർ ഇപ്പോൾ പുറത്താണ്.

കെ.സുധാകരൻ ജില്ലയിൽ പാർട്ടിയെ അമ്മാനമാടുമ്പോഴും പാർട്ടിയെ ജില്ലയിൽ നയിക്കാൻ രണ്ടാം നിര നേതാക്കളെ ഉണ്ടാക്കാൻ പോലും കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ വീടിരിക്കുന്ന സ്ഥലത്ത് കണ്ണൂർ ബ്ലോക് പ്രസിഡന്റായി നിയമിക്കാനുള്ള ആളെ പോലും കണ്ടെത്താൻ കഴിഞ്ഞില്ല.

മേയർ സ്ഥാനത്തേക്ക് പാർലമെന്ററി പാർട്ടി യാഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ തനിക്
11 വോട്ടും ടി. ഒ മോഹനന് 9വോട്ടുമാണ് ലഭിച്ചത്. എന്നാൽ സംഘടന ചുമതലയുളള ഡി.സി.സി ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലാണ് അട്ടിമറിച്ചത്. ഇതിനെതിരെ കെ.സുധാകരന് പരാതി നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായില്ല.

സ്ഥിരം സമിതി ചെയർമാൻ സ്ഥാനം രാജിവയ്ക്കില്ല. തന്നോട് രാജിവയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പി.കെ രാഗേഷ് പറഞ്ഞു

വാർത്താ സമ്മേളനത്തിൽ എം വി പ്രദീപ് കുമാർ, ചേറ്റൂർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!