വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ചെണ്ടുമല്ലി കൃഷി ഗ്രൂപ്പുകൾക്ക് പരിശീലനം നൽകി

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെട്ട ‘ഓണത്തിന് ഒരു കൊട്ട പൂവ്’ ചെണ്ടുമല്ലി കൃഷി ഗ്രൂപ്പുകൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.

2023-24 വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി നീക്കി വെച്ചിട്ടുള്ളത്. 15 സെന്റോ അതിൽ കൂടുതലോ കൃഷി ചെയ്യാൻ കഴിയുന്നവരെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. ഇത്തരത്തിൽ 2500 ഓളം കർഷകർ ഉൾപ്പെട്ട 450 ഗ്രൂപ്പുകൾ ജില്ലയിലുണ്ട്. രണ്ട് ലക്ഷം ചെണ്ടുമല്ലി തൈകളാണ് വിതരണം ചെയ്തത്. ജില്ലയിലെ അഞ്ച് സർക്കാർ ഫാമുകളിൽ നിന്നാണ് തൈകൾ ഉൽപാദിപ്പിച്ചത്. 40 ഹെക്ടർ സ്ഥലത്താണ് ഇക്കുറി കൃഷി ചെയ്യുന്നത്.

കണ്ണൂർ കൃഷി വകുപ്പ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം പി അനൂപ് ക്ലാസെടുത്തു. ചെണ്ടുമല്ലി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വളപ്രയോഗം, കീടനിയന്ത്രണം, നല്ല വിളവ് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച കർഷകരുടെ സംശയങ്ങൾ ക്ലാസിൽ ദുരീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എം രാഘവൻ, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ കെ വി മുകുന്ദൻ എന്നിവർ പങ്കെടുത്തു. 

പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി 11ന് ജില്ലയിൽ

പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ജൂൺ 11 ഞായറാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണി മയ്യിൽ ഗവ. എൽപി സ്‌കൂൾ പ്രവൃത്തി ഉദ്ഘാടനം, 11 മണി വടക്കാഞ്ചേരി എൽപി സ്‌കൂൾ കെട്ടിടോദ്ഘാടനം, 12 മണി പന്നിയൂർ കാലിക്കടവ് ഹൈസ്‌കൂൾ കെട്ടിടോദ്ഘാടനം, 1.45 വായാട്ടുപറമ്പ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സകൂളിൽ ഇരിക്കൂർ മണ്ഡലം കരിയർ ഗൈഡൻസ് പദ്ധതി ഉദ്ഘാടനം, 2.15 രയരോം ഗവ. ഹൈസ്‌കൂൾ കെട്ടിടോദ്ഘാടനം, 3.00 ശ്രീകണ്ഠപുരം നെടുങ്ങോം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടോദ്ഘാടനം, 4.00 കാപ്പാട് മദ്രസ എൽപി സ്‌കൂൾ ചാലഞ്ച് ഫണ്ട് കെട്ടിടോദ്ഘാടനം, 5.00 വേങ്ങാട് ഊർപ്പള്ളി എൽപി സ്‌കൂൾ ഉദ്ഘാടനം.

സഹകരണ പരിശീലന കേന്ദ്രം സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം 12ന്

2020-21 വാർഷിക പദ്ധതി പ്രകാരം കണ്ണൂർ സഹകരണ പരിശീലന കേന്ദ്രത്തിന് സർക്കാർ അനുവദിച്ച 31 ലക്ഷം രൂപ ഉപയോഗിച്ച് പുതുതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം ജൂൺ 12 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നിർവഹിക്കും. സംസ്ഥാന സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ൺൻ നായർ അധ്യക്ഷനാവും.

ഭൂഗർഭ കേബിൾ വഴി വൈദ്യുതി കടത്തി വിടും

ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിയാമൂല പി സി കെ 13 പോസ്റ്റ് നമ്പറിൽ നിന്നും കണ്ണൂർ ക്ലബ്ബിലേക്ക് വലിച്ച 11 കെ വി ഭൂഗർഭ കേബിൾ വഴി ജൂൺ ഒമ്പത് വെള്ളി രാവിലെ 10 മണിക്ക് വൈദ്യുതി കടത്തി വിടുന്നതിനാൽ പൊതുജനങ്ങൾ കേബിളിലും പോസ്റ്റുകളിലും സ്പർശിക്കരുതെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പിൽ ലിഥിയം അയോൺ ബാറ്ററിയും ചാർജ്ജറും വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13 ഉച്ചക്ക് 12.30. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കുക. ഫോൺ: 0497 2780226.

റേഷൻ കട  സ്ഥിരം ലൈസൻസി: അപേക്ഷ ക്ഷണിച്ചു

പയ്യന്നൂർ താലൂക്കിൽ ഭിന്നശേഷി സംവരണ വിഭാഗത്തിൽപ്പെട്ടവർക്കായി നീക്കിവെച്ച എആർഡി നമ്പർ 120 റേഷൻ കടക്ക് സ്ഥിരം ലൈസൻസി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ ഏഴിന് വൈകിട്ട് മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. വിശദ വിവരങ്ങൾ ജില്ലാ സപ്ലൈ ഓഫീസ് (0497 27005520), പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫീസ് (0498 5299677) എന്നിവിടങ്ങളിൽ ലഭിക്കും.

പൊതുജനങ്ങൾക്കായി കൈറ്റിന്റെ സ്‌ക്രൈബസ് കോഴ്‌സ്

ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സ്‌ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്റ്റ് വെയറിൽ ഓൺലൈൻ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. കൈറ്റിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റ്‌ഫോം ‘കൂൾ’ വഴിയാണ് നാലാഴ്ചത്തെ പരിശീലനം. www.kite.kerala.gov.in എന്ന പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാം. 2000 രൂപയും 18 ശതമാനം ജി എസ് ടിയുമാണ് കോഴ്‌സ് ഫീസ്. ലോഗോകൾ, മാഗസിൻ, ഫോട്ടോ ബുക്ക്, ഡിജിറ്റൽ ബുക്ക് എന്നിവയുടെ ലേ ഔട്ടിനും ഡിസൈനിനും സ്‌ക്രൈബസ് ഉപയോഗിക്കാം. ബിസിനസ് കാർഡുകൾ, പോസ്റ്റ് കാർഡുകൾ, ബുക്ക് കവറുകൾ, ഫ്‌ളൈയറുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലഘുചിത്രങ്ങൾ എന്നിവ തയ്യാറാക്കാനും സാധിക്കും.

മെഡിക്കൽ ഓഫീസർ നിയമനം

പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസറെ കരാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത:എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ (സൈക്യാട്രിയിലുള്ള പി ജിയും പരിഗണിക്കും). അഭിമുഖം ജൂൺ 15ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ചേംബറിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 0497 2700194.

പരിയാരം ഗവ മെഡിക്കൽ കോളേജ് പബ്ലിക്  സ്‌കൂൾ   പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

പരിയാരം ഗവ. മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം വിജിൻ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് 243.26 ചതുശ്ര മീറ്ററിൽ കെട്ടിടം നിർമ്മിക്കുക. മൂന്ന് ക്ലാസ് മുറികൾ, സ്റ്റെയർ റൂം, ടോയ്ലറ്റ് ബ്ലോക്ക് ചുറ്റുമതിൽ എന്നിവ ഒരുക്കും. ഒമ്പത് മാസം കൊണ്ട് പ്രവൃത്തി പൂർത്തികരിക്കും.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സി സവിത റിപ്പോർട്ട് അവതരിപ്പിച്ചു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ വി കോമളവല്ലി, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് എൻ എം
സുഗുണ, പി ടി എ പ്രസിഡണ്ട് ടി മനോഹരൻ, സ്‌കൂൾ വികസന സമിതി ചെയർമാൻ കെ അശോകൻ, മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി ആർ ജിതേഷ്, ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഐ ടി ഡി പി ഓഫീസിന്റെ പരിധിയിൽ 2006 ഏപ്രിൽ ഒന്നിന് ശേഷം നിർമ്മിച്ചതും 2018 ഏപ്രിൽ ഒന്നിന് ശേഷം ഭവന പുനരുദ്ധാരണത്തിനോ ഭവന പൂർത്തീകരണത്തിനോ സർക്കാർ ധനസഹായം കൈപ്പറ്റാത്തവരും രണ്ടര ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവരുമായ പട്ടികവർഗക്കാരിൽ നിന്ന് സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലെ വീടിന് വാതിലുകളും ജനലുകളും സ്ഥാപിക്കൽ, അടുക്കള നിർമ്മാണം, നവീകരണം, കിച്ചൺ സ്ലാബ് ഷെൽഫ്, അടുക്കള ഉൾപ്പെടെ അധികമായി റൂം നിർമ്മിക്കൽ, നിലം ടൈൽ പാകൽ, വയറിംഗ്, വൈദ്യുതി കണക്ഷൻ ലഭ്യമാക്കൽ, ഫാൻ, ലൈറ്റ് സ്ഥാപിക്കൽ, പ്ലംബിംഗ് പ്രവൃത്തികൾ, ഭിത്തികൾ ബലപ്പെടുത്തൽ, ചുവരുകൾ തേക്കൽ, പെയിന്റ് ചെയ്യൽ, മേൽക്കൂര നവീകരണം, ടോപ്പ് പ്ലാസ്റ്ററിംഗ്, ടോയിലറ്റ് നിർമ്മാണം എന്നീ പ്രവൃത്തികൾക്കാണ് ധനസഹായം. അപേക്ഷാ ഫോറം തളിപ്പറമ്പ്, കൂത്തുപറമ്പ്, പേരാവൂർ, ഇരിട്ടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും www.stdd.kerala.gov.in ലും ലഭിക്കും. അപേക്ഷകന്റെ വീട് സ്ഥിതി ചെയ്യുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12. അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (വീടിന്റെ വിസ്തീർണം ഉൾപ്പെടെ), ഭവന നിർമ്മാണം പൂർത്തിയാക്കിയ വർഷം സംബന്ധിച്ച സർട്ടിഫിക്കറ്റ്, മുമ്പ് ഭവന പുനരുദ്ധാരണ ധനസഹായം ലഭിച്ചിട്ടില്ലെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്, ആധാർ, റേഷൻകാർഡ് എന്നിവയുടെ പകർപ്പ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് അതത് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായി ബന്ധപ്പെടുക.

ടെണ്ടർ

മാങ്ങാട്ടുപറമ്പ്  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് രണ്ട് ടൺ എയർകണ്ടീഷണർ (രണ്ട് എണ്ണം) വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. അവസാന തീയ്യതി ജൂൺ 20 രാവിലെ 11 മണി. ഫോൺ: 04972 784650.

തടി ലേലം

കണ്ണോത്ത് ഗവ.ടിമ്പർ ഡിപ്പോയിൽ ജൂൺ 15ന് ഇരൂൾ, ആഞ്ഞിലി, വേങ്ങ, മരുത്, കരിമരുത്, മഹാഗണി, പൂവ്വം, കുന്നിവാക തുടങ്ങിയ തടികളുടെ ലേലം നടക്കുന്നു. ഓൺലൈനായി നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ www.mstcecommerce.com വഴിയും ഡിപ്പോയിൽ നേരിട്ടും രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനായി പാൻകാർഡ്, ആധാർ/തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ കൊണ്ടുപോകണം. ഫോൺ: 0490 2302080, 9562639496.

അപേക്ഷ ക്ഷണിച്ചു

പട്ടുവം കയ്യംതടത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org വഴി അപേക്ഷിക്കാം. എസ് സി/എസ് ടി/ഒ ഇ സി/ ഒ ബി എച്ച് വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 8547005048, 9447964008.

ഐ എച്ച് ആർ ഡി കോളേജുകളിൽ പി ജി

ഐ എച്ച് ആർ ഡിയുടെ കീഴിൽ കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത അപ്ലൈഡ് സയൻസ് കോളേജുകളിൽ ഈ അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374, 9495877099), മാവേലിക്കര (0479-2304494, 0479-2341020, 8547005046), കാർത്തികപ്പള്ളി (0479 2485370, 2485852, 8547005018), പെരിശ്ശേരി (0479-2456499,8547005006) എന്നീ കോളേജുകളിലേക്ക് www.ihrdadmissions.org വഴി അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധങ്ങളും 1000 രൂപ (എസ് സി, എസ് ടി 350 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം അതത് കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക.അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ സിഡിറ്റിന്റെ കണ്ണൂർ ജില്ലയിലെ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷൻ ഡാറ്റാ എൻട്രി, ടാലി, ഡി ടി പി, എം എസ് ഓഫീസ്, സി, സി പ്ലസ് പ്ലസ്, പൈത്തൺ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എൽസി. എസ് സി, എസ് ടി, ബി പി എൽ വിഭാഗത്തിൽ പെട്ടവർക്ക് സീറ്റ് സംവരണവും ഇളവും ലഭിക്കും. വിശദവിവരങ്ങൾക്ക് മേലെ ചൊവ്വ, ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശമുള്ള സീ ഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 9947763222.

കെൽട്രോണിൽ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളം സെന്റിൽ ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി എന്ന കോഴ്സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അവസാന തീയതി ജൂൺ 20. പ്രായപരിധി ഇല്ല. യോഗ്യത പ്ലസ് ടു . ഫോൺ 04842 971400, 8590605259. നമ്പറിലോ ഹെഡ് ഓഫ് സെന്റർ കെൽട്രോൺ നോളജ് സെന്റർ, കലൂർ എറണാകുളം-082 017 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

 

error: Content is protected !!