കണ്ണൂരിൽ ഇവിഎം-വിവിപാറ്റ് വെയർ ഹൗസ് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലയിൽ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും സൂക്ഷിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിർമ്മിച്ച ഇവിഎം-വിവിപാറ്റ് വെയർ ഹൗസ് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കണ്ണൂർ താലൂക്ക് ഓഫീസ് വളപ്പിലാണ് 1523 ചതുരശ്ര മീറ്ററിലുള്ള നാലുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നിലവിൽ തളിപ്പറമ്പ് നാടുകാണി കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന വെയർ ഹൗസ് ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റും.

കണ്ണൂരിന് പുറമെ മലപ്പുറം വെയർഹൗസ് നേരിട്ടും തിരുവനന്തപുരം വെയർ ഹൗസ് ഓൺലൈനായും ഉദ്ഘാടനം ചെയ്തു. കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ സംസാരിച്ചു. തുടർന്ന് വെയർ ഹൗസിൽ ശിലാഫലകം അനാച്ഛാദനവും കലക്ടർ നിർവഹിച്ചു. നാടുകാണി വെയർഹൗസിൽനിന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഈ മാസം അവസാനത്തോടെ കണ്ണൂരിലേക്ക് മാറ്റുമെന്ന് കലക്ടർ അറിയിച്ചു.
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ആവശ്യമായ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ, വിവിപാറ്റ് മെഷീനുകൾ, റിസർവ് മെീഷൻ എന്നിവ സൂക്ഷിക്കാനുള്ള വിശാലമായ സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്. ആദ്യ രണ്ടുനിലകളിൽ ഇവിഎം സ്‌റ്റോർ സജ്ജീകരിച്ചിരിക്കുന്നു. രണ്ടാമത്തെ നിലയിൽ ഓഫീസാണ്. ബേസ്‌മെൻറ് ഫ്‌ളോറിൽ പാർക്കിംഗ് സൗകര്യമുണ്ട്. സിസിടിവി ക്യാമറകൾ, ലിഫ്റ്റ് സൗകര്യം, ഫയർ സേഫ്റ്റി സുരക്ഷാ സാമഗ്രികൾ, കോൺഫറൻസ് ഹാൾ, സെക്യൂരിറ്റി ജീവനക്കാർക്ക് താമസ സൗകര്യം എന്നിവ സജ്ജമാണ്.

മലപ്പുറത്ത് നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ അധ്യക്ഷനായി. തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജ്, കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ ആശംസ നേർന്നു. കണ്ണൂരിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, ഡെപ്യൂട്ടി കലക്ടർ (ഡിഎം) കെ വി ശ്രുതി, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവർ സംബന്ധിച്ചു.

error: Content is protected !!