വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എൻ്റെ കേരളം രണ്ടാം പതിപ്പ്
സെലിബ്രിറ്റി വോളി എട്ടിന്

ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും തമ്മിലുള്ള വാശിയേറിയ വോളിബോൾ പോരാട്ടത്തിന് ഏപ്രിൽ എട്ടിന് കണ്ണൂർ സെൻട്രൽ ജയിൽ മൈതാനം സാക്ഷിയാകും. സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷം –  എൻ്റെ കേരളം രണ്ടാം പതിപ്പിൻ്റെ മുന്നോടിയായാണ് സെലിബ്രിറ്റി വോളി സംഘടിപ്പിക്കുന്നത്. വൈകിട്ട് 4.30 ന് കണ്ണൂർ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും. വി ശിവദാസൻ എം പി, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, എം വിജിൻ, കെ പി മോഹനൻ, അസി. പൊലീസ് കമ്മീഷണർ ടി കെ രത്നകുമാർ, ഫുട്ബോൾ താരം സി കെ വിനീത് എന്നിവർക്കൊപ്പം കണ്ണൂർ പ്രസ് ക്ലബിലെ മാധ്യമ പ്രവർത്തകർ, സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർ എന്നിവർ ഇരു ടീമുകളിലായി അണിനിരക്കും. വി ശിവദാസൻ എം പി യുടെ നേതൃത്വത്തിലുള്ള മാധ്യമ പ്രവർത്തകരുടെ ടീമും കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സെൻട്രൽ ജയിൽ ടീമും തമ്മിലാണ് ഏറ്റുമുട്ടുക. വിജയികൾക്കുള്ള സമ്മാനദാനം  സെൻട്രൽ പ്രിസൺ ആൻറ് കറക്ഷണൽ ഹോം സൂപ്രണ്ട് ഡോ.പി വിജയൻ നിർവഹിക്കും.

അതിദരിദ്ര കുടുബങ്ങള്‍ക്ക് പശുക്കളെ നൽകാൻ ക്ഷീര വികസന വകുപ്പ്  

ക്ഷീര വികസന വകുപ്പിന്റെ അതിദരിദ്ര വിഭാഗത്തില്‍പെട്ട കര്‍ഷക കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പശുക്കളെ നല്‍കുന്ന പദ്ധതി വിജയത്തിലേക്ക്. 90% സബ്സിഡിയോട് കൂടി ഒരു കറവപ്പശുവിനേയും  കിടാവിനേയും നൽകുന്നതാണ് പദ്ധതി. 1.06 ലക്ഷം രൂപ ചെലവ് വരുന്ന പശു യൂണിറ്റിന് 95,400 രൂപ സബ്സിഡി ലഭിക്കും.പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി 15 കുടുംബങ്ങള്‍ക്ക് പശു യൂണിറ്റുകളെ  നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഏകദേശം 14.31 ലക്ഷം രൂപയോളം ഇതിനായി ക്ഷീരവികസന വകുപ്പ് ചെലവഴിച്ചു. ക്ഷീര സംഘങ്ങളുടെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ജീവിതമാര്‍ഗമായി പശുവിനെ വളര്‍ത്താന്‍ തയ്യാറുള്ള ദരിദ്ര വിഭാഗത്തിലുള്ള സ്ത്രീകളില്‍ നിന്നാണ് ഇതിനുള്ള അപേക്ഷ സ്വീകരിക്കുന്നത്. അര്‍ഹരായ ഉപഭോക്താക്കളെ ഓരോ ബ്ലോക്കില്‍ നിന്ന് വകുപ്പ് നേരിട്ടും ക്ഷീര സംഘങ്ങളുടെ സഹായത്താലും കണ്ടെത്തിയാണ് സഹായം ലഭ്യമാക്കുന്നത്.സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലയില്‍ പാലുല്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുള്ള പ്രവര്‍ത്തനത്തിന് ഊര്‍ജം നല്‍കിയ മറ്റൊരു പദ്ധതിയാണ് മില്‍ക്ക് ഷെഡ് പദ്ധതി. നാടന്‍ സങ്കരയിനം പശുക്കളുടെ വിതരണം,കാലിതൊഴുത്ത് നിര്‍മാണം,നവീകരണം,ആവശ്യാധിഷ്ഠിത ധനസഹായം,ഡയറി ഫാമുകളുടെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയിലൂടെ നടപ്പാക്കി. പദ്ധതിക്കായി 1.84 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മില്‍ക്ക് ഷെഡ് പദ്ധതിയിലൂടെ ജില്ലയിലെ പാലുല്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. കൂടാതെ ക്ഷീര കര്‍ഷകരേയും കാന്നുകാലികളെയും ഉള്‍പ്പെടുത്തി ക്ഷീര സാന്ത്വനം എന്ന പേരില്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി വരുന്നു. തീറ്റപ്പുല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 148 ഹെക്ടറിലേറെ പുല്‍കൃഷി വ്യാപിപ്പിച്ചു. കാലിത്തീറ്റ സബ്സിഡി ഇനത്തില്‍ 33.12 ലക്ഷം രൂപ ചെലവഴിച്ചു.വിവിധ പദ്ധതികളിലൂടെ  പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിലാണ് ക്ഷീരവികസന വകുപ്പ് .

നിയമസഭ പിന്നോക്ക സമുദായ ക്ഷേമ സമിതി യോഗം 10ന്

കേരള നിയമസഭയുടെ പിന്നോക്ക സുമദായ ക്ഷേമം സംബന്ധിച്ച സമിതി ഏപ്രില്‍ 10ന് രാവിലെ 10.30ന് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.  സര്‍ക്കാര്‍ സര്‍വീസ് , പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും പിന്നോക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും അപേക്ഷ സ്വീകരിക്കും.  പിന്നോക്ക വികസനം, പട്ടികജാതി പട്ടികവര്‍ഗ വികസനം, ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, റവന്യൂ റവന്യൂ (ദേവസ്വം), തൊഴിലും നൈപുണ്യവും, ആരോഗ്യ കുടുംബക്ഷേമം, സാമൂഹ്യനീതി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.


കണ്ണൂര്‍ മണ്ഡലത്തില്‍ 1.74 കോടി രൂപയുടെ പ്രവര്‍ത്തനാനുമതി

എംഎല്‍എമാരുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്ക് 1.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അരയണ കുന്നുമ്പ്രം റോഡിന് 15 ലക്ഷം രൂപ, ബര്‍ണശ്ശേരി കണ്‍ടോന്‍മെന്റ് കുടിവെള്ള പദ്ധതിക്ക് 30 ലക്ഷം രൂപ, കണ്ണൂര്‍ വനിത ഐടിഐ കെട്ടിടത്തിന് 40 ലക്ഷം രൂപ, പടന്നോട്ട് അങ്കണവാടി കെട്ടിട നിര്‍മാണത്തിന് 20 ലക്ഷം രൂപ, കൂടത്തില്‍ താഴെ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് 27 ലക്ഷം രൂപ, മുണ്ടേരി പഞ്ചായത്തിലെ വിവിധ റോഡുകള്‍ക്ക് 31 ലക്ഷം രൂപ, മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 11 ലക്ഷം രൂപ, എന്നിങ്ങനെയാണ് തുക അനുവദിച്ചത് . ഇതിനു പുറമെ മുഴുവൻ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്നതിന് 20 ലക്ഷം രൂപ അനുവദിക്കാൻ സർക്കാർ അനുമതി നൽകി.

മൃദംഗശൈലേശ്വരി മ്യൂസിയം കെട്ടിടത്തിന്റെയും നവീകരിച്ച കുളത്തിന്റെയും ഉദ്ഘാടനം എട്ടിന് മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാന ടൂറിസം വകുപ്പ് പ്രത്യേകമായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച പഴശ്ശി ടെമ്പിള്‍ മ്യൂസിയം കെട്ടിടം, നവീകരിച്ച കുളം എന്നിവയുടെ ഉദ്ഘാടനം ഏപ്രില്‍ എട്ടിന്  നടക്കും.  രാവിലെ 11.30ന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി   ഉദ്ഘാടനം ചെയ്യും.  പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.  സണ്ണി ജേസഫ് എം എല്‍ എ മുഖ്യാഥിതിയാകും. എം പിമാരായ കെ സുധാകരന്‍, ഡോ.വി ശിവദാസന്‍ എന്നിവരുടെ വിശിഷ്ട സാന്നിധ്യവുമുണ്ടാകും.

ചൊവ്വ മഹാശിവക്ഷേത്രത്തിലെ
നവീകരിച്ച ക്ഷേത്രകുളം സമര്‍പ്പണം 9ന്

രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ വിനിയോഗിച്ച നവീകരിച്ച ചൊവ്വ മഹാശിവക്ഷേത്ര കുളം സമര്‍പ്പണം ഏപ്രില്‍ ഒമ്പതിന് നടക്കും.  രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ചടങ്ങ് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്യും.  മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം ആര്‍ മുരളി അധ്യക്ഷത വഹിക്കും.  മേയര്‍ അഡ്വ.ടി ഒ മോഹനന്‍ മുഖ്യാതിഥിയാകും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി നന്ദകുമാര്‍ വിശഷ്ടാതിഥിയാകും.

ഗവ.വനിതാ ഐ ടി ഐയിലെ പുതിയ കെട്ടിടോദ്ഘാടനം 10ന്

കണ്ണൂര്‍ ഗവ.വനിതാ ഐ ടി ഐയില്‍ പുതിയതായി നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പെണ്‍കുട്ടികള്‍ക്കായുള്ള അമിനിറ്റി സെന്റര്‍, ടോയ്‌ലറ്റ് ബ്ലോക്ക്, പ്രവേശന കവാടം, ചുറ്റുമതില്‍ എന്നിവയുടെ ഉദ്ഘാടനം ഏപ്രില്‍ 10ന് വൈകിട്ട് 4.30ന് പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി  വി ശിവന്‍കുട്ടി നിര്‍വഹിക്കും.  രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. എം പി മാരായ കെ സുധാകരന്‍, അഡ്വ.പി സന്തോഷ് കുമാര്‍, വി ശിവദാസന്‍, മേയര്‍ അഡ്വ.ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളാവും .

ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം

കേരള സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍ ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍.ഐ.ഡി കളില്‍ നിന്ന് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സ്, ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, ഹാന്‍ഡ്‌ലൂം ടെക്‌നോളജി എന്നിവയില്‍ ഡിഗ്രി/ ഡിപ്ലോമ ലെവല്‍ കോഴ്‌സ്  എന്നിവ വിജയിച്ചവർക്ക്  അപേക്ഷിക്കാം . മൂന്ന് മുതൽ അഞ്ച് വർഷം വരെ ടെക്‌സ്റ്റൈല്‍ ഡിസൈനിംഗില്‍ പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താല്‍ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തില്‍. അപേക്ഷകള്‍ തപാല്‍ വഴിയോ, നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്.ഇ-മെയില്‍ വഴിയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഏപ്രിൽ 19 വൈകീട്ട്  5 മണിവരെ. അപേക്ഷകള്‍ അയക്കുമ്പോള്‍ കവറിന് പുറത്ത് ‘ടെക്‌സ്റ്റൈല്‍
ഡിസൈനര്‍ക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. വിലാസം: എക്‌സിക്യൂട്ടീവ് ഡയരക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി- കണ്ണൂര്‍ പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ -670007 .ഫോണ്‍ : 04972835390  ഇമെയിൽ: info@iihtkannur.ac.in ,വെബ്സൈറ്റ് : www.iihtkannur.ac.in

താല്‍ക്കാലിക  നിയമനം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ/ കെ എ എസ് പി പദ്ധതിയുടെ കീഴില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തസ്തിക, യോഗ്യത എന്ന ക്രമത്തില്‍.
സ്‌ക്രബ് നഴ്‌സ് – പ്ലസ്ടു സയന്‍സ്, ജി എന്‍ എം/ ബി എസ് സി നഴ്‌സിങ്, കാത്ത് ലാബില്‍ സ്‌ക്രബ് നഴ്‌സായി ജോലി ചെയ്ത പരിചയം. കാത്ത് ലാബ് ടെക്‌നീഷ്യന്‍ – ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി.  ഇ സി ജി ടെക്‌നീഷ്യന്‍ – വി എച്ച് എസ് ഇ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ സി ജി ആന്റ് ആഡിയോമെട്രിക് ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി. എക്കോ/ടി എം ടി ടെക്‌നീഷ്യന്‍ – ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി.  എല്ലാ തസ്തികകളിലേക്കും പി എസ് സി അംഗീകരിച്ച പ്രവൃത്തി പരിചയം അഭികാമ്യം.  താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 11ന് രാവിലെ 10 മണിക്ക് മുമ്പായി യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

അപ്രന്റിസ്ഷിപ്പ് സ്റ്റൈപ്പന്റ്; ഇ- കെ വൈ സി അപ്‌ഡേറ്റ് ചെയ്യണം

നാഷണല്‍ അപ്രന്റിസ്ഷിപ്പ് പ്രമോഷന്‍ സ്‌കീം വഴി അപ്രന്റിസ്ഷിപ്പ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ട്രേഡ് അപ്രന്റിസ് ട്രെയിനികളും അപ്രന്റിസ്ഷിപ്പ് ആക്ട് 1961 പ്രകാരം അപ്രന്റിസ്ഷിപ്പിന് പരിഗണിക്കാന്‍ ഓള്‍ ഇന്ത്യ അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ട്രെയിനികളും അവരവരുടെ വ്യക്തിഗത അപ്രന്റിസ്ഷിപ്പ് പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് ഇ-കെ വൈ സി അപ്‌ഡേറ്റ് ചെയ്യണം. അപ്രന്റിസ്ഷിപ്പ് സ്റ്റൈപന്റ് റീ ഇംബേഴ്‌മെന്റ് തുക ഇനി മുതല്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം രീതിയിലേക്ക് മാറുന്നു. കൂടുതല്‍ വിവരങ്ങള്‍ ആര്‍ ഐ സെന്ററില്‍ ലഭിക്കും.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിലവിലുള്ള എന്‍ ഡി പി എസ് (നാര്‍കോട്ടിക്  ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) കേസുകളുടെ വിചാരണക്കായി  ജില്ലയില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു.  ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ള അഭിഭാഷകരായിരിക്കണം അപേക്ഷകര്‍.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ജനന തീയതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ഏപ്രില്‍ 18ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ കലക്ടറേറ്റിലെ സീക്രട്ട് സെക്ഷനില്‍ നേരിട്ട് സമപ്പിക്കണം.

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്); ഇന്റര്‍വ്യൂ 11ന്

ജില്ലയില്‍ വിദ്യാഭ്യുസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്)  യു പി എസ് (സെക്കന്റ് എന്‍ സി എ – എസ് സി, 219/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഏപ്രില്‍ 11ന് കണ്ണൂര്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ എന്നിവ പ്രൊഫൈലില്‍ ലഭിക്കും.  കമ്മീഷന്‍ അംഗീകരിച്ച അസ്സല തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ 11ന് രാവിലെ 7.30ന് പി എസ് സി ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

സേന വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്‌മെന്റ് സൗജന്യ പരിശീലനം

പട്ടികജാതി വിഭാഗക്കാര്‍ക്കായി സേന വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സൈനിക, അര്‍ധസൈനിക, പൊലീസ്, എക്‌സെസ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്ക് തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവതിയുവാക്കള്‍ക്ക് രണ്ട് മാസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുന്നത്. 18 നും 26നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പുരുഷന്‍മാര്‍ക്ക് 167 സെമിയും വനിതകള്‍ക്ക് 157 സെമിയും ഉയരമുണ്ടായിരിക്കണം. എസ്എസ്എല്‍സി വിജയിച്ചിരിക്കണം. പ്ലസ്ടുവോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് മുന്‍ഗണന. കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റെറിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും മൂന്ന് കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടയും സഹിതം ഏപ്രില്‍ 10 ന് രാവിലെ 11 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ പ്രാഥമിക യോഗ്യതാ നിര്‍ണയത്തിന് ഹാജരാകണം.  ഫോണ്‍: 9447469280, 9447546617.

ശാസ്ത്ര ക്വിസ്സ് മത്സരം നടത്തി

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കണ്ണൂര്‍ ജില്ലാതല ശാസ്ത്രക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.  ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സരിന്‍ശശി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസിത സ്വാഗതം പറഞ്ഞു. അവളിടം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അനിഷ പി പി ജംഷീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മണ്ഡലാടിസ്ഥാനത്തില്‍  സംഘടിപ്പിച്ച പരിപാടിയില്‍ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് മൊകേരി രാജീവ്ഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂളിലെ സി ദേവ് കൃഷ്ണന്‍, നിഹാരിക സി പ്രമോദ് എന്നിവര്‍ ഒന്നാം സ്ഥാനവും അഴീക്കോട് മണ്ഡലത്തിലെ കണ്ണാടിപ്പറമ്പ് ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ ശ്രീഹരി, നവതേജ് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്സും സര്‍ട്ടിഫിക്കറ്റും നല്‍കി.

 ഖാദി മേള ഉദ്ഘാടനം വ്യാഴാഴ്ച

പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ഈസ്റ്റര്‍ വിഷു റംസാന്‍ ഖാദി മേള ഏപ്രിൽ ആറ് വ്യാഴം   രാവിലെ 10 മണിക്ക്  കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും.സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമവികസന കോര്‍പ്പറേഷന്‍ സോമന്‍ നമ്പ്യാര്‍ ആദ്യ വില്‍പന ഏറ്റുവാങ്ങും. പയ്യന്നൂർ സുന്ദരിപട്ട് , കസവ് മുണ്ട് എന്നിവയുടെ ലോഞ്ചിങ്ങും നടക്കും ,പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ വി രാജേഷ്, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രെജക്ട് ഓഫീസര്‍ ഐ കെ അജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുക്കും

error: Content is protected !!