ഏഴാം ക്ലാസുകാരിയെ കാണാതായ സ്‌കൂളില്‍ നാട്ടുകാരുടെ പ്രതിഷേധം; സ്വയം ഒളിച്ചിരുന്നതാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി

പാലക്കാട് ഏഴാം ക്ലാസുകാരിയെ കാണാതായ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. സ്‌കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം. ഇന്നലെ വൈകിട്ടായിരുന്നു കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിനിയെ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കൈകള്‍ ബന്ധിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഇന്നലെ ഒമ്പത് മണിയോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ പിടിവലി നടന്നതിന്റെയോ ബലം പ്രയോഗിച്ചതിന്റെയോ പാടുകളില്ല. സംഭവത്തില്‍ നാട്ടുകല്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. സ്വയം ഒളിച്ചിരുന്നതാണെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. സാധാരണ നാല് മണിയോടെ വീട്ടിലെത്തേണ്ട കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് നാട്ടുകാരും കുട്ടിക്കായി തെരച്ചില്‍ തുടങ്ങി. തുടര്‍ന്ന് നാലര മണിക്കൂറോളം നീണ്ട തെരച്ചിലിന് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്.

error: Content is protected !!