കണ്ണൂരില്‍ റെയില്‍വേ പാളത്തിന് സമീപം ഗര്‍ത്തം, ഒഴിവായത് വന്‍ അപകടം

കണ്ണൂര്‍ സൗത്ത് – കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍ പാളത്തിന് സമീപം വലിയ ഗര്‍ത്തം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാളത്തിന് സമീപത്തായിരുന്നു കുഴി രൂപപ്പെട്ടത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വന്‍ദുരന്തം ഒഴിവായി. പാളത്തിലെ സ്ലീപ്പറിന്റെ അടുത്ത് വരെ മണ്ണിളകിയ നിലയിലാണ് കുഴി രൂപം കൊണ്ടത്. പൈപ്പ് ഇടാന്‍ ജല അതോറിറ്റി ഇട്ട കുഴി ഇടിഞ്ഞതാണ് ഗര്‍ത്തം രൂപം കൊള്ളാന്‍ കാരണമായത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

തിങ്കളാഴ്ച രാത്രിയാണ് കുഴി കണ്ടെത്തിയത്. പ്രദേശവാസിയായ ഷീന്‍ ബേക്കറിയിലെ ജീവനക്കാരന്‍ പവിത്രദാസാണ് ആദ്യം ഗര്‍ത്തം കണ്ടത്. തുടര്‍ന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. 12 മണിയോടെ തന്നെ പോലീസും റെയില്‍വേ പിഡബ്ല്യുഐ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് കല്ലുകള്‍ ഉറപ്പിച്ച് വണ്ടി വിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു. റെയില്‍വേ എന്‍ജിനിയറിങ് വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചയോടെ വേഗം കുറച്ച് പാളത്തിലൂടെ വണ്ടികള്‍ കടത്തിവിടുകയും ചെയ്തു. സ്ഥലത്ത് കാവലിനായി ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.

error: Content is protected !!