ഭേദ​ഗതി സംസ്ഥാന സർക്കാർ വിഷയമെന്ന് വിശദീകരണം;​ഗവർണർ ഒപ്പിട്ടാൽ നിയമ നടപടിക്ക് പ്രതിപക്ഷം

ലോകായുക്ത നിയമഭേദഗതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ ഇനി ഗവർണറുടെ നീക്കം നിര്‍ണ്ണായകം.നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണര്‍ ഇന്ന് നിലപാട് എടുത്തേക്കും. ഗവര്‍ണർ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങും. ഓര്‍ഡിനൻസ് തിരിച്ചയച്ചാല്‍ സര്‍ക്കാരിന് വൻ തിരിച്ചടിയാകും.

ലോകായുക്ത നിയമത്തിലെ 14 ാം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി.അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം തേടിയ ശേഷമാണ് വിശദീകരണം നല്‍കിയത്.ലോക്പാൽ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്.അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നുംസര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

വിവാദങ്ങൾ ശക്തമായതോടെയാണ് ലോകായുക്ത ഓർഡിനൻസില്‍ ഗവർണറുടെ ഇടപെടൽ ഉണ്ടായത്. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്നാണ് ​ഗവർണർ ആവശ്യപ്പെട്ടിരുനനത്. യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഗവർണറുടെ നടപടി.

ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണം നടത്താനാണ് സർക്കാർ നീക്കം. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യും. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദ​ഗതി അം​ഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.

ലോകായുക്ത ഭേദഗതി ചർച്ചകൾ തുടങ്ങിയത് 2020 ഡിസംബറിൽ ആണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചത്. ആഭ്യന്തര വകുപ്പ് ഈ ഫയൽ നിയമ വകുപ്പിന് കൈമാറുകയായിരുന്നു.  മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കേയാണ് സർക്കാർ നീക്കം. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ ഉള്ളത്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയൻ്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്‌പ അടക്കാനും സ്വർണ്ണ പണയ വായ്‌പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകൾ.

കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ​ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ കേസ് വന്നത്. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടർന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല. മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ഉത്തരവുകൾ പുറപ്പെടുവിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോൾ സർക്കാർ നീക്കം നടത്തുന്നത്.

error: Content is protected !!