ദിലീപിന്‍റെ ഫോണുകള്‍ ആലുവ കോടതിയിലെത്തിച്ചു; മജിസ്ട്രേറ്റ് കോടതി ഇനി തീരുമാനമെടുക്കും

ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍  എത്തിച്ചു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അന്വേഷണ സംഘത്തിന് കൈമാറണമോ എന്ന കാര്യത്തില്‍ മജിസ്ട്രേറ്റ് തീരുമാനം എടുക്കും. ഹൈക്കോടതിയിലും വിചാരണക്കോടതിയിലും ഇരട്ടതിരിച്ചടികളാണ് ഇന്ന് പ്രോസിക്യൂഷന്‍ നേരിട്ടത്. പ്രതികളെ കസ്റ്റഡിയില്‍ വേണം, മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി കൈമാറണം എന്നിവയായിരുന്നു ഹൈക്കോടതിയില്‍ ദിവസങ്ങളായുള്ള പ്രോസിക്യൂഷന്‍റെ പ്രധാന ആവശ്യങ്ങള്‍.

എന്നാല്‍ ഇതിലൊന്നും തീരുമാനം എടുക്കാതെയാണ് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ  ഇടക്കാല ഉത്തരവ്. പ്രതികള്‍ എന്തുകൊണ്ട് മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഇന്ന് പ്രോസിക്യൂഷന്‍റെ പ്രധാന വാദങ്ങള്‍. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. പന്ത്രണ്ടായിരം കോളുകള്‍ ചെയ്ത ഫോണിനെക്കുറിച്ച് പോലും അറിയില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 31 വരെ ഈ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. നിലവില്‍ ഹാജാരാക്കിയ ഫോണുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കും. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് അനിവാര്യമെന്നും ഡിജിപി വാദിച്ചു.

ഫോണുകള്‍ പ്രോസിക്യൂഷന് കൈമാറാമെന്ന് ആദ്യഘട്ടത്തില്‍ ജഡ്ജി പറയുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് ഈ ഫോണുകള്‍ രജിസ്ട്രിയില്‍ പരിശോധിക്കാന്‍ സമയം നല്‍കി വാദം മാറ്റിവെക്കുകയും ചെയ്തു. കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ പ്രതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതായി തന്നോട് ചിലര്‍ അഭിപ്രായപ്പെട്ടതായി ജഡ്ജി  പറഞ്ഞു. ഇത് പ്രോത്സാഹിപ്പിക്കാനാവില്ല. അങ്ങനെ വന്നാല്‍ നാളെ മറ്റു കേസുകളിലെ പ്രതികളും ഇതേ പരിഗണന ആവശ്യപ്പെട്ട് കോടതിയിലെത്തുമെന്ന് ജഡ്ജി ചുണ്ടിക്കാട്ടി.

തുടര്‍ന്ന് ഫോണുകള്‍ ഡിജിപിയെ ഏല്‍പ്പിക്കുകയാണെന്ന് ജഡ്ജി അറിയിച്ചു. എന്നാല്‍ ഇതിനെ ദിലീപ് എതിര്‍ത്തു. പ്രോസിക്യൂഷന് കൈമാറുന്നതില്‍ തനിക്ക് കടുത്ത ആശങ്കയുണ്ടെന്നായിരുന്നു വാദം. എങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് രജിസ്ട്രാര്‍ ജനറലിനോട് ഇന്ന് തന്നെ ഫോണുകള്‍ ആലുവ കോടതിയിലെത്തിക്കാന്‍ ഉത്തരവിട്ടു. ഫോണുകള്‍ പ്രതിഭാഗത്തിന് പരിശോധനക്ക് നല്‍കണമോ എന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി കേസ് മറ്റന്നാളത്തേക്ക് മാറ്റുകയും ചെയ്തു.

ഇതിനിടെ വിചാരണക്കോടതിയിലും പ്രോസിക്യൂഷന് വന്‍ തിരിച്ചടി നേരിട്ടു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ആറുമാസം സമയം അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം വിചാരണക്കോടതി തളളി. ഒരു മാസം കൂടിയേ സമയം അനുവദിക്കു എന്നും അടുത്ത മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തുടരന്വേഷണം നടക്കുന്നതിനാല്‍ വിചാരണ അവസാനിപ്പിക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നേരത്തെ  സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

നിലവില്‍ ഈ മാസം 16 ആണ് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി. എന്നാല്‍ വീചാരണ കാലയളവ് നീട്ടണമോ എന്ന ആവശ്യം ഉന്നയിക്കേണ്ടത്  വിചാരണ കോടതിയാണെന്ന് വ്യക്തമാക്കി  സുപ്രീംകോടതി ഈ ആവശ്യം തള്ളിയിരുന്നു. ഇതിനിടെ കൊച്ചി  എംജി റോഡിലെ മേത്തര്‍ അപ്പാര്‍ട്ട്മെന്‍റില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഈ ഫ്ലാറ്റില്‍ വെച്ചും ഗുഡാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

error: Content is protected !!