കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വാട്ടർ അതോറിറ്റി: പെൻഷൻ മുടങ്ങി, ആകെ ബാധ്യത 1900 കോടി

വാട്ടര്‍ അതോറിറ്റിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. 1900 കോടിയുടെ ബാധ്യത  അതോറിറ്റിക്കുണ്ടെന്നാണ് ഏറ്റവുമൊടുവിലെ കണക്കുക്കള്‍ വ്യക്തമാക്കുന്നത്. ചരിത്രത്തിലാദ്യമായി വാട്ടർ അതോറിറ്റിയിൽ ഇക്കുറി പെന്‍ഷന്‍ മുടങ്ങി. സര്‍ക്കാരില്‍ നിന്നുള്ള ഗ്രാൻ്റ് ലഭിച്ചാല്‍ പെന്‍ഷൻ വിതരണം ചെയ്യാമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രതീക്ഷ.

ആറായിരത്തി അഞ്ഞൂറോളം ജീവനക്കാരും ഒന്‍പതിനായിരത്തോളം പെന്‍ഷന്‍കാരുമാണ് കേരള വാട്ടര്‍ അതോറിറ്റിയിലുള്ളത്. പെന്‍ഷന്‍ നല്‍കാന്‍ പ്രതിമാസം 24 കോടിയും ശമ്പളത്തിനായി 34 കോടിയും വേണം. സര്‍ക്കാരില്‍ നിന്ന് പ്രതിവര്‍ഷം ലഭിക്കുന്ന 320 കോടിയുടെ ഗ്രാന്‍റും വെള്ളക്കരവുമാണ് ഇതിനായി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ സഹായത്തിലെ ഇടിവും വെള്ളക്കര കുടിശ്ശികയും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. വിരമിക്കുന്ന ജിവനക്കാര്‍ക്ക്കഴിഞ്ഞ 16 മാസമായി ഗ്രാറ്റുവിറ്റി മുടങ്ങി. പെന്‍ർഷന്‍ കമ്മ്യൂട്ടേഷനും നല്‍കാന്‍ കഴിയുന്നില്ല, വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കെഎസ്ഈബിക്ക് 778 കോടി കുടിശ്ശികയാണ് നൽകാനുള്ളത്. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 1901.27 കോടിയുടെ ബാധ്യതയുണ്ട് വാട്ടർ അതോറിറ്റിക്ക്. സര്‍ക്കാര്‍ ഗ്രാന്‍റ് വൈകിയതോടെ ഈ മാസം പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല

പെന്‍ഷൻ മുടങ്ങിയ സാഹചര്യത്തില്‍ ജീവനക്കാരുടെ വിവിധ സംഘടനകള്‍ തലസ്ഥാനത്തെ ജലഭവനു മുന്നില്‍ പരസ്യ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭിച്ചാലുടന്‍ പെന്‍ഷന്‍ വിതരണം ചെയ്യാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രതീക്ഷ. പ്രശനം പരിഹാരം നീണ്ടാല്‍ അനിശ്ചിതകാല സമരമുള്‍പ്പെടെ ആലോചിക്കുമെന്ന് ജീവനക്കാരുടേയും പെൻഷൻക്കാരുടേയും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

error: Content is protected !!