കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുന്നത് വൈകും

ഭാരത്​ ബയോടെക്​ ഉല്‍പാദിപ്പിച്ച കോവാക്​സിന്‍റെ രണ്ടുഡോസ്​ എടുത്ത ഇന്ത്യക്കാര്‍ക്ക്​ വിദേശയാത്രക്ക്​ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന്​ റിപ്പോര്‍ട്ട്​. കോവാക്​സിന്​ ഉടന്‍ അനുമതി ലഭിക്കുമെന്ന്​ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കോവാക്​സിന്​ അടിയന്തര അനുമതി നല്‍കുന്നത്​ ലോകാരോഗ്യ സംഘടന ഇനിയും വൈകിപ്പിക്കുന്നതായാണ്​ സൂചന.

വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ തേടിയിരിക്കുകയാണ്​. ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്​ധസമിതിയുടെ യോഗം ഒക്​ടോബര്‍ അഞ്ചിന്​ നടക്കും. ഇതിന്​ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ഫൈസര്‍-ബയോണ്‍ടെക്​, ജോണ്‍സണ്‍ & ജോണ്‍സണ്‍, മൊഡേണ, സിനോഫാം, ഓക്​സ്​ഫെഡ്​-ആസ്​ട്ര സെനിക്ക തുടങ്ങിയ വാക്​സിനുകള്‍ക്കാണ്​ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കിയത്​. ലോകാരോഗ്യ സംഘടനക്ക്​ വേണ്ട എല്ലാ ഡേറ്റയും നല്‍കിയെന്നായിരുന്നു ഭാരത് ബയോടെക്ക് നേരത്തെ പറഞ്ഞിരുന്നത്.

ഇതിനിടയിലാണ് സാങ്കേതിക വിഷയങ്ങളില്‍ ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ തേടിയത്​. ക്ലിനിക്കല്‍ ട്രയലിന്‍റെ ഡേറ്റ ഭാരത്​ ബയോടെക്​ മുഴുവനായി സമര്‍പ്പിച്ചില്ലെന്നാണ്​ റിപ്പോര്‍ട്ട്​. മൂന്നാം ഘട്ട പരീക്ഷണ​ത്തിന്‍റെ ഡേറ്റയാണ്​ സമര്‍പ്പിക്കാത്തത്​. അന്താരാഷ്ട്ര അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്ന വേളയില്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന്‍റെ അഭാവം കോവാക്​സിന്‍ എടുത്തവരെ ‘അണ്‍ വാക്​സിനേറ്റഡ്​’ ഗണത്തില്‍ പെടുത്തുന്നു. ഇതാണ്​ വിദേശയാത്ര ബുദ്ധിമുട്ടിലാക്കുന്നത്​.

error: Content is protected !!