കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ മാറ്റം: ഗാന്ധിയൻ, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകളും ഉൾപ്പെടുത്തി

വിദഗ്‌ദ്ധ സമിതിയുടെ നി‌ര്‍ദേശാനുസരണം ബോര്‍ഡ് ഒഫ് സ്റ്റഡീസ് പരിഷ്കരിച്ച കണ്ണൂര്‍ സര്‍വകലാശാലയുടെ പുതിയ സിലബസിന് അക്കാദമിക് കൗണ്‍സിലിന്‍റെ അംഗീകാരം.

സര്‍വകലാശാല പുതുതായി തുടങ്ങിയ പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്ററിന്‍റെ വിവാദ സിലബസിലാണ് മാറ്റം വരുത്തിയത്. ദീന്‍ ദയാല്‍ ഉപാദ്യായ, ബല്‍രാജ് മദോക് എന്നിവരുടെ പുസ്തകങ്ങള്‍ സിലബസില്‍ നിന്നും ഒഴിവാക്കുകയും ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍ എന്നിവരുടെ കൃതികള്‍ വിമര്‍ശന വിധേയമായി പഠിപ്പിക്കുകയും ചെയ്യും. ഇതു കൂടാതെ ഗാന്ധിയന്‍, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകളും പുതുക്കിയ സിലബസില്‍ ഉള്‍പ്പെടുത്തും.

കേരളാ സര്‍വകലാശാലയിലെ മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവി യു പവിത്രന്‍, കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവി ജെ പ്രഭാഷ് എന്നിവരടങ്ങിയ വിദഗ്‌ദ്ധ സമിതിയാണ് സിലബസ് പരിശോധിച്ചത്. സിലബസില്‍ നിരവധി പോരായ്മകള്‍ സമിതി കണ്ടെത്തിയിരുന്നു.

സര്‍വകലാശാലകളില്‍ ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച്‌ പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങള്‍ അതുപോലെ സിലബസില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് വിദഗ്‌ദ്ധ സമിതി അഭിപ്രായപ്പെട്ടു. ഹിന്ദുത്വ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചെങ്കിലും മറ്റ് ആശയങ്ങള്‍ക്ക് വേണ്ടത്ര സ്ഥാനം സിലബസില്‍ നല്‍കിയിട്ടില്ലെന്നും സമിതി കണ്ടെത്തി. ഇതിനെതുടര്‍ന്നാണ് ഗാന്ധിയന്‍, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകളും സിലബസിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. ആര്‍എസ്‌എസ് സൈദ്ധാന്തികനായ എം എസ് ഗോള്‍വാള്‍ക്കര്‍ എഴുതിയ ബഞ്ച് ഒഫ് തോട്ട്സിന് പുറമേ വി ഡി സവര്‍ക്കര്‍, ബല്‍രാജ് മദോക്ക്, ദീന്‍ദയാല്‍ ഉപാദ്യായ എന്നിവരുടെ പുസ്തകങ്ങളും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

error: Content is protected !!