ഇടുക്കിയിൽ ഏലത്തോട്ടത്തിൽ ബാലവേല: മൂന്ന് പേരെ കണ്ടെത്തി

ഏലത്തോട്ടത്തിലേക്ക് ജോലി ചെയ്യിക്കാനായി കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം കുമളിയിൽ പരിശോധനാസംഘം പിടികൂടി. മൂന്ന് പെൺകുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ ചൈൽഡ് വെൽഫെയർ കേന്ദ്രത്തിലേക്ക് മാറ്റി.

വീട്ടിൽ ഒറ്റക്ക് ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പണിക്ക് കൊണ്ടു പോകുന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. തമിഴ് നാട്ടിൽ നിന്നും കുട്ടികളെ ജോലിക്ക് എത്തിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, പൊലീസ്, തൊഴിൽ, മോട്ടോർ വാഹനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാത്ത 12 വാഹന ഉടമകൾക്ക് എതിരെ കേസ് എടുത്തിട്ടുമുണ്ട്.

ഇന്നലെ ഉടുമ്പൻ ചോലയിൽ നടന്ന പരിശോധനയിൽ രണ്ട് എസ്റ്റേറ്റ് ഉടമകൾക്കെതിരെ കേസെടുത്തിരുന്നു. പ്രായപൂർത്തി ആവാത്ത കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നു എന്ന കുറ്റങ്ങൾ ആരോപിച്ചാണ് കേസ്.

തോട്ടം മേഖലയിൽ പണിയെടുക്കുന്ന പ്രാദേശിക തൊഴിലാളികൾക്കുള്ള കൂലി വർധിക്കുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന് പണിയെടുപ്പിക്കാൻ തോട്ടം ഉടമകൾ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക എജൻ്റുമാരുണ്ട്. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എല്ലാ ദിവസങ്ങളിലും സംയുക്ത പരിശോധന നടത്താൻ തീരുമാനം ആയിട്ടുണ്ട്.

error: Content is protected !!