വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

മൊബൈല്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയുടെ ജീവിതം പ്രതിസന്ധിയിലായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

“കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്‍റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച്‌ മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാന്‍ ആകില്ല,” പിണറായി വിജയന്‍ പറഞ്ഞു.

“മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാന്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവര്‍ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് നൂറു കണക്കിന് അസ്ലീല ചുവയുള്ള ഫോണ്‍ കോളുകളുകള്‍ കോട്ടയം സ്വദേശിയായ വീട്ടമ്മയ്ക്ക് ലഭിച്ചത്. നിരന്തരമുള്ള ഫോണ്‍ വിളികള്‍ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നതായി മനസിലാക്കിയ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. നമ്പര്‍ മാറ്റാനാണ് പൊലീസ് പരിഹാര മാര്‍ഗമായി നല്‍കിയ നിര്‍ദേശം.

തയ്യല്‍ ജീവനക്കാരിയായ വീട്ടമ്മയ്ക്ക് നമ്പര്‍ മാറ്റിയാല്‍ ഭാവിയില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതിനാല്‍ ചെയ്തില്ല. അബദ്ധത്തില്‍ മക്കള്‍ ഫോണെടുത്താലും സംഭാഷണ രീതിക്ക് മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീടാണ് സംഭവത്തില്‍ മാധ്യമങ്ങളിലൂടെ വീട്ടമ്മ പ്രതികരിച്ചത്.

error: Content is protected !!