‘ഇന്ത്യ തോറ്റത് ദലിതര്‍ ടീമിലുള്ളതിനാല്‍’: വന്ദന കട്ടാരിയയുടെ കുടുംബത്തിന് നേരെ വംശീയ അധിക്ഷേപം

ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമിയില്‍ പുറത്തായതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ ജാതി അധിക്ഷേപം. ടൂര്‍ണമെന്‍റിലെത്തന്നെ മികച്ച താരങ്ങളില്‍ ഒരാളായ വന്ദന കത്താരിയയുടെ കുടുംബത്തിനാണ് ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്.

സെമിയില്‍ അര്‍ജന്‍റീനക്കെതിരായ തോല്‍വിക്ക് പിന്നാലെ ഹരിദ്വാറിലെ റോഷന്‍ബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ രണ്ടുപേര്‍ കുടുംബാംഗങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വന്ദനയുടെ കുടുംബം പൊലിസില്‍ പരാതി നല്‍കി.

ദളിത് കളിക്കാര്‍ കൂടുതലുള്ളതിനാലാണ് ഇന്ത്യന്‍ ടീം തോറ്റതെന്ന് ഇവര്‍ വിളിച്ചുപറഞ്ഞതായും വീട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്ഷേപം നടത്തിയ സംഘത്തിലെ ഒരാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തോൽവിയിൽ ഞങ്ങൾ അസ്വസ്ഥരായിരുന്നു എന്നാൽ ടീം പൊരുതിയാണ് തോറ്റത് ഇതുവരെ എത്തിയതിൽ അഭിമാനിക്കുന്നു – വന്ദനയുടെ സഹോദരൻ ശേഖർ പറഞ്ഞു. മത്സരം കഴിഞ്ഞയുടനെ വീടിനു പുറത്ത് മേൽജാതിയിൽപെട്ട രണ്ട് യുവാക്കൾ പടക്കം പൊട്ടിച്ച്, പരിഹാസ രീതിയിൽ നൃത്തം ചെയ്യുകയും ജാതിയുടെ പേരിൽ അധിക്ഷേപം നടത്തുകയും ചെയ്തു.

ഹോക്കി മാത്രമല്ല എല്ലാ കായിക ഇനത്തിൽ നിന്നും ദളിതരെ അകറ്റി നിർത്തണമെന്നും അവർ പറഞ്ഞു എന്നും വന്ദനയുടെ സഹോദരൻ ശേഖർ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി പറഞ്ഞു.

error: Content is protected !!