കോടികളുടെ കൊക്കെയിന്‍ വിഴുങ്ങി കെനിയന്‍ സ്വദേശിയെത്തി; കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട്

കൊച്ചി വിമാനത്താവളത്തിൽ റെഡ് അലേ‍ർട്ട് പ്രഖ്യാപിച്ചു. ആറ് കോടി വിലവരുന്ന കൊക്കെയ്ൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കെനിയൻ സ്വദേശി പിടിയിലായതിന് പിന്നാലെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇന്ത്യയിലേക്ക് വലിയ തോതിൽ ആഫ്രിക്കൻ സ്വദേശികൾ മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചത്. സംഭവത്തിൽ കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം ഡിആർഐ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിൻ പിടികൂടുന്നത്.

കഴിഞ്ഞ ദിവസമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കെനിയിൻ പൗരനായ മൈക്കൾ നംഗ കൊക്കൈനുമായി പിടിയിലാകുന്നത്. മുംബൈ, ബെംഗളൂരു, ഡൽഹി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതിനാലാണ് മൈക്കൾ നംഗ മയക്കുമരുന്ന് കൊച്ചിവഴി കടത്തിക്കൊണ്ടുവന്നത്. തുടർന്ന് കൊച്ചിയിൽ വന്നിറങ്ങുന്ന ആഫ്രിക്കൻ പൗരന്മാരെ പ്രത്യേകം നിരീക്ഷിക്കാൻ കസ്റ്റംസിന് നിർദേശം നൽകിയിട്ടുണ്ട്.

ട്രോളി ബാഗിനടിയിൽ പ്രത്യേകം അറയുണ്ടാക്കി മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് ആഫ്രിക്കൻ സ്വദേശികൾ പൊതുവേ ഉപയോഗിക്കാറുള്ളത്. ഈ രീതിയിൽ കടത്തുന്നത് ബാം​ഗ്ലൂർ, മുംബൈ വിമാനത്താവളത്തിൽ കൂടുതൽ പിടികൂടാൻ തുടങ്ങിയതിന് പിന്നാലെയാണ് കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാൻ തുടങ്ങിയത്. വിസ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേകം പരിശോധിക്കാനാണ് നിർദേശം.

പിടിയിലായ മൈക്കൾ നംഗ ആദ്യമായിട്ടാണ് ഇന്ത്യയിലെത്തുന്നത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. സംഘത്തിൽ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നടതടക്കം അറിയാൻ പ്രതിയെ ചോദ്യം ചെയ്യണം. വരും ദിവസങ്ങളിൽ ജയിലിലെത്തി പ്രതിയെ ചോദ്യം ചെയ്യും. ഇതിനായി അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് ഉടൻ അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം ബെംഗളൂരുവിലേക്കോ ഡൽഹിയിലേക്കോ പോകാനായിരിക്കാം പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നി​ഗമനം. ഇയാളുടെ ഫോൺ കോളുകൾ പരിശോധിച്ചുവരുകയാണ്.

ഈ മാസം 19-ന് എത്യോപ്യയിൽനിന്ന് മസ്കറ്റ് വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. 6.68 കോടി രൂപ വിലവരുന്ന 668 ഗ്രാം കൊക്കെയിനാണ് ഇയാളിൽ നിന്ന് ഡിആർഐ പിടികൂടിയത്. മൈക്കനെ പിടികൂടി പരിശോധന നടത്തിയെങ്കിലും ബാഗിലും ശരീരത്തിലുമൊന്നും മയക്കുമരുന്ന് കണ്ടെത്താനായില്ല. തുടർന്നാണ് എക്സ്‌റേ പരിശോധന നടത്താൻ തീരുമാനിച്ചത്. വിദേശിയായതിനാൽ എക്സറേ പരിശോധന നടത്തണമെങ്കിൽ മജിസ്ട്രേറ്റ് അനുമതി ആവശ്യമായിരുന്നു. ഇതിനായുള്ള അനുമതി വാങ്ങിയ ശേഷം അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധന നടത്തുകയായിരുന്നു. വീണ്ടും മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇയാളെ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ ഒരാഴ്ചക്കാലം ഇയാൾക്ക് ഡിആർഐ സുരക്ഷ ഒരുക്കി. ഒരാഴ്ചത്തെ ശ്രമത്തിൻ്റെ ഫലമായാണ് മയക്കുമരുന്ന് മുഴുവൻ പുറത്തെടുത്തത്. കൊക്കെയിൻ ഗുളിക രൂപത്തിലാക്കി വിഴുങ്ങിയിരിക്കുകയായിരുന്നു. 50 ഗുളികകളുണ്ടായിരുന്നു. വിശദമായ പരിശോധനയിലാണ് കൊക്കെയിനാണെന്ന് സ്ഥിരീകരിച്ചത്.

error: Content is protected !!