ഐ പി എല്ലിന് പിന്നാലെ ലോകകപ്പ് യു എ ഇയിലേക്ക്

കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഇന്ത്യയില്‍ ലോകകപ്പ് ക്രിക്കറ്റ് നടത്തുക ദുഷ്കരമാണെന്ന് തിരിച്ചറിഞ്ഞ ബി സി സി ഐ ഒടുവില്‍ ടൂര്‍ണമെന്‍റ് ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചു.

ഇന്ത്യക്ക് പകരം യു എ ഇ ആയിരിക്കും ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകുക. ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ തയ്യാറാണെന്നുള്ള അറിയിപ്പ് ഐ സി സിക്ക് കൈമാറിയതായി ബി സി സി ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി മാദ്ധ്യമങ്ങളെ അറിയിച്ചു.

നേരത്തെ ഇന്ത്യയില്‍ വച്ച്‌ ടൂര്‍ണമെന്‍റ് നടത്താന്‍ സാധിക്കുമോ എന്നതില്‍ അന്തിമ തീരുമാനം അറിയിക്കാന്‍ ബി സി സി ഐക്ക് ഐ സി സി നാല് ആഴ്ചത്തെ സമയം നല്‍കിയിരുന്നു. ഈ കാലാവധി ഇന്ന് അവസാനിക്കും. അതിന് തൊട്ടു മുമ്പായിട്ടാണ് ബി സി സി ഐ തങ്ങളുടെ തീരുമാനം ഐ സി സിയെ അറിയിച്ചത്.

ഇതിനു മുമ്പ് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഐ പി എല്‍ ഇടയ്ക്കു വച്ച്‌ നിര്‍ത്താന്‍ ബി സി സി ഐ നിര്‍ബന്ധിതമായിരുന്നു. ആ ക്ഷീണം മാറുന്നതിനു മുമ്പാണ് ഇപ്പോള്‍ ലോകകപ്പ് കൂടി കൈയില്‍ നിന്ന് പോകുന്നത്. ഐ പി എല്ലിന്റെ തുടര്‍ന്നുള്ള മത്സരങ്ങളും നടക്കുന്നത് യു എ ഇയില്‍ വച്ചാണ്.

error: Content is protected !!