രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ വ്യാപനം എറണാകുളത്ത്

എറണാകുളം ജില്ലയിലെ അതിതീവ്ര കൊവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ.

ജനസംഖ്യാനുപാതത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ വ്യാപനം ഉള്ള ജില്ലയായി എറണാകുളം മാറി. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ഡല്‍ഹിയിക്കും മുംബൈയ്ക്കും സമാനമായ സ്ഥിതി എറണാകുളത്തുമുണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ പകച്ചു നില്‍ക്കുകയാണ് എറണാകുളം ജില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ നാലയിരത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഡല്‍ഹിക്ക് സമാനമായി കുതിച്ചുയരുന്നുണ്ട്. ജനസംഖ്യാനുപതത്തില്‍ എറണാകുളത്തിനേക്കാളും കുറവാണ് ഡല്‍ഹിയിലെയും മുംബൈയിലെയും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല് ദിവസത്തിനുള്ളില്‍ മാത്രം 16,136 പേര്‍ക്കാണ് കോവിഡ് പിടികൂടിയത്.

എറണാകുളത്തെ കോവിഡ് കെയര്‍ സെന്‍ററുകള്‍ ഇതിനോടകം നിറഞ്ഞു കവിഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കൊവിഡ് ഐസിയു കിടക്കകളുടെ ക്ഷാമവും വെല്ലുവിളിയാകുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഐസിയു കിടക്ക ലഭിക്കുന്നതിന് മണിക്കൂറുകള്‍ കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്. ആലുവ ജില്ല ആശുപത്രി കൊവിഡ് ചികിത്സ കേന്ദ്രമാക്കിയെങ്കിലും പൂര്‍ണതോതിലെത്തിയിട്ടില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ ‌ഓക്സിജന്‍ സൗകര്യം ലഭ്യമാക്കാനാകുന്ന കോവിഡ് ചികിത്സ കേന്ദ്രങ്ങളും എറണാകുളത്തില്ല. ഗുരുതര സാഹചര്യം മുന്നില്‍ കണ്ട് ജില്ലയില്‍ കൂടുതല്‍ ചികിത്സ കേന്ദ്രങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍.

error: Content is protected !!