രണ്ടില ചിഹ്നം കിട്ടിയില്ല: പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി ജോസഫ് വിഭാഗം

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ടതോടെ നിര്‍ണായക നീക്കവുമായി ജോസഫ് ഗ്രൂപ്പ്.

പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ജോസഫ് വിഭാഗം. പാര്‍ട്ടി ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ടതോടെയാണ് പി.ജെ. ജോസഫ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.

എന്നാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി രൂപീകരണം ഉണ്ടാകില്ല. പകരം പുതിയ പാര്‍ട്ടിയുടെ പേര് ഉടന്‍ പ്രഖ്യാപിച്ചേക്കും.

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര ചിഹ്നത്തില്‍ ആയിരിക്കും ജോസഫ് വിഭാഗം മത്സരിക്കുക. ജനങ്ങള്‍ക്ക് സുപരിചിതം എന്ന നിലയില്‍ പാര്‍ട്ടിയുടെ പേരില്‍ കേരള കോണ്‍ഗ്രസ്സുമായി ബന്ധം ഉണ്ടായിരിക്കും.

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ശരിവച്ചിരുന്നു. ചിഹ്നം അനുവദിക്കാനുള്ള അധികാരം കമ്മീഷനാണെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജോസഫ് ഗ്രൂപ്പിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി പി.ജെ. ജോസഫ് വ്യാഴാഴ്ച തൊടുപുഴയില്‍ മടങ്ങിയെത്തും. ഇതിനുശേഷമാകും പുതിയ പാര്‍ട്ടി സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

error: Content is protected !!