ബി.ജെ.പിയില്‍ ചേരാന്‍ കോടികള്‍ വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് നേതാവ് എം.എ വാഹിദ്

ബി.ജെ.പിയില്‍ ചേരാന്‍ കോടികളുടെ വാഗ്ദാനം ലഭിച്ചെന്ന് കോണ്‍ഗ്രസ് നേതാവും കഴക്കൂട്ടം മുന്‍ എം.എല്‍.എയുമായ എം.എ. വാഹിദിന്‍റെ വെളിപ്പെടുത്തല്‍.

പ്രചാരണത്തിനുള്ള പണം വാഗ്ദാനം ചെയ്തതായും വാഹിദ് പറഞ്ഞു. തിരുവനന്തപുരത്തെ ഏത് സീറ്റും തനിക്ക് വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ താന്‍ ഇല്ലെന്ന് മറുപടി നല്‍കി അപ്പോള്‍ തന്നെ ഒഴിവാക്കിയെന്നും വാഹിദ് പറഞ്ഞു.

ബി.ജെ.പിക്കാര്‍ തന്നെ സമീപിച്ച കാര്യം നേരത്തെ പാര്‍ട്ടിയില്‍ പറഞ്ഞിരുന്നതായും വാഹിദ് വ്യക്തമാക്കി. മലബാര്‍ ഭാഗത്ത് ബി.ജെ.പിക്ക് മുസ്‍ലിം നേതൃത്വമുണ്ട്. തിരുവിതാംകൂര്‍ ഭാഗത്ത് ഒരാള്‍ വേണമെന്നും അങ്ങനെ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ചോദിക്കുന്ന സീറ്റും പ്രചാരണ ചിലവിന് ആവശ്യമായ കോടികള്‍ വഹിക്കാമെന്നും പറഞ്ഞതായി എം.എ. വാഹിദ് വെളിപ്പെടുത്തി.

നിങ്ങള്‍ക്ക് തെറ്റിപ്പോയി, എന്നെ അതിനൊന്നും കിട്ടില്ല, ഒരിക്കലും നിങ്ങള്‍ അതിന് എന്നെ പ്രതീക്ഷിക്കണ്ട, എന്‍റെ പുറകെ നടക്കുകയും ചെയ്യരുത്. നിങ്ങള്‍ എന്‍റെ അടുത്ത് വന്നത് തന്നെ മര്യാദക്കേടാണ് എന്നാണ് മറുപടി നല്‍കിയതെന്ന് എം.എ. വാഹിദ് പറഞ്ഞു. വാഗ്ദാനം ചെയ്ത ഏജന്‍റിന്‍റെ പേരോ വിവരങ്ങളോ വെളിപ്പെടുത്തില്ലെന്ന ഉറപ്പിലാണ് സംസാരം തുടങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

error: Content is protected !!