തെറ്റ് പറ്റിയെങ്കില്‍ മാപ്പ് പറയാന്‍ തയ്യാര്‍: സലിംകുമാറിന് രാഷ്ട്രീയ ലക്ഷ്യമുണ്ടാകാമെന്നും കമല്‍

രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയെന്ന നടന്‍ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍.

ഐ.എഫ്.എഫ്.കെ കൊച്ചി എഡിഷനിലെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തത് സംബന്ധിച്ച്‌ സംഘാടകര്‍ക്ക് ആര്‍ക്കെങ്കിലും തെറ്റ് പറ്റിയെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറെന്ന് കമല്‍ പറഞ്ഞു.

സലിം കുമാറിനെ നേരിട്ട് വന്ന് ക്ഷണിക്കാമെന്ന് അറിയിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അര മണിക്കൂറോളം സംസാരിച്ചതാണ്. സലിം കുമാറിന് എന്തെങ്കിലും രാഷ്ട്രീയ താത്പര്യം ഉണ്ടാകുമെന്നും കമല്‍ ആരോപിച്ചു.

എന്നാല്‍ കമല്‍ വിളിച്ചത് വിവാദമായ ശേഷമാണെന്നും ചടങ്ങില്‍ പങ്കെടുത്താല്‍ പിന്തുണ നല്‍കിയവരോട് ചെയ്യുന്ന വഞ്ചനയാകുമെന്നും സലിം കുമാര്‍ പ്രതികരിച്ചു- ‘എന്നെ മാറ്റിനിര്‍ത്തിയത് ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. അത് സംരക്ഷിക്കപ്പെടട്ടെ. ഞാനൊന്ന് അറിയാന്‍ വേണ്ടി വിളിച്ചതാണ് എന്തുകൊണ്ട് എന്നെ ഒഴിവാക്കിയെന്ന്. മാധ്യമങ്ങളിലൊക്കെ വാര്‍ത്ത വന്ന ശേഷമാണ് എന്നെ വിളിച്ചത്. ഒരാഴ്ച മുന്‍പേ ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ കാര്യത്തില്‍ ധാരണയായിരുന്നു. അന്ന് എന്റെ കാര്യം യോഗത്തില്‍ പങ്കെടുത്ത അമ്മ പ്രതിനിധി ടിനി ടോം ചോദിച്ചിരുന്നു. അന്ന് തൊടുന്യായം പറഞ്ഞ് അവര്‍ പേര് തള്ളി. ഇനി പങ്കെടുത്താല്‍ എന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാകും’.

ദേശീയ അവാര്‍ഡ് ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന പതിവ് സംഘാടകര്‍ അട്ടിമറിച്ചെന്നും രാഷ്ട്രീയമാണ് ഇതിന് പിറകിലെന്നുമാണ് സലിം കുമാര്‍ ഇന്നലെ പ്രതികരിച്ചത്.

error: Content is protected !!