കക്കാട് പുഴയെ വീണ്ടെടുക്കാന്‍ ബഹുജന കൂട്ടായ്മ ഉണ്ടാകണം: മുഖ്യമന്ത്രി

കണ്ണൂർ : കക്കാട് പുഴയെ വീണ്ടെടുക്കാന്‍ ബഹുജന കൂട്ടായ്മ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ വരട്ടാര്‍ അടക്കമുള്ള പൂഴകളെ വീണ്ടെടുക്കാന്‍ സാധിച്ചത് അതത് പ്രദേശങ്ങളിലെ ജനങ്ങളുടെ പൊതു ആവശ്യമായി അവ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ്.

കക്കാട് പുഴയുടെ കാര്യത്തിലും ജനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും എല്ലാം മുന്‍കൈ ഉണ്ടാകണം. അതിന് പ്രാവര്‍ത്തിക രൂപം വരുമ്പോള്‍ ആവശ്യമായ സഹായവും പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കഥാകാരന്‍ ടി പത്മനാഭനാണ് വിഷവാഹിനിയായി തീരുന്ന കക്കാട് പുഴയെ വീണ്ടെടുക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ ഒട്ടേറെ വിഘ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും എന്നാല്‍ ഈ സര്‍ക്കാരിന് അവയെ മറികടക്കാന്‍ കഴിയുമെന്നും പത്മനാഭന്‍ പറഞ്ഞു.

കണ്ണൂരില്‍ ചെറുശ്ശേരിക്ക് ഉചിതമായ സ്മാരകം നിര്‍മിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടി പത്മനാഭന്‍ തന്നെയാണ് ഈ കാര്യവും ഉന്നയിച്ചത്. ഇതിനായി ടി പത്മനാഭന്റെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മാതൃകയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചക്കായി ഒരു ഇടപെടല്‍ ഉണ്ടാകുമെന്നും ഇക്കാര്യം ഭാവിക്ക് വിടാെമന്നും മുഖ്യന്ത്രി പറഞ്ഞു.

വിമാത്താവളത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി അനുബന്ധ വ്യവസായങ്ങള്‍, വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധം ഉന്നത പഠന കേന്ദ്രങ്ങള്‍, കണ്ണൂര്‍ വിമാനത്താവളം വഴി ഹജ്ജ്് യാത്രക്ക് സംവിധാനം, അഭ്യസ്ത വിദ്യര്‍ക്ക് നൈപുണ്യ പുനര്‍ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും, ആദിവാസി കോളനികളില്‍ പിഎസ്സ്‌സി കോച്ചിങ്ങ് സെന്ററുകള്‍, മൊബൈല്‍ ക്ലിനിക്ക്, കണ്ണൂര്‍ ബൈപ്പാസും സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് സ്‌കീമും വേഗത്തില്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു.

സ്‌കൂള്‍ ഭക്ഷണ പദ്ധതിയില്‍ പൈതൃക ഭക്ഷണ ക്രമം ഉള്‍പ്പെടുത്തുക, ആയുര്‍വേദ പൈതൃക ഗ്രാമങ്ങള്‍ സ്ഥാപിക്കുക, ്രഗാമീണ മേഖലകളില്‍ റൂറല്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം രൂപീകരിക്കുക, എല്ലാ വീട്ടിലും ഒരു അംഗത്തെ പ്രാഥമിക ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍ പഠിപ്പിക്കുന്നതിന് പദ്ധതി തുടങ്ങി ഒട്ടേറെ നൂതന വികസന ആശയങ്ങള്‍ പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ടു.

error: Content is protected !!