ഡി വൈ എഫ് ഐ പ്രവർത്തകൻ അബ്ദുൾറഹ്മാൻ ഔഫ് വധക്കേസ്സ് ക്രൈംബ്രാഞ്ചിന് കൈമാറി

കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവർത്തകൻ അബ്ദുൾറഹ്മാൻ ഔഫ് വധക്കേസ്സ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസിലെ രണ്ട് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഔഫിന്‍റെ വധത്തിന് പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നതായി മന്ത്രി കെ.ടി ജലീൽ ആരോപിച്ചു.

അബ്ദുൾ റഹ്മാൻ ഔഫിന്‍റെ കൊലപാതകത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കണ്ണൂർ എസ്പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങുന്നതോടെ ഇർഷാദ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാവും. അതിനിടെ നേരത്തെ കസ്റ്റഡിയിലെടുത്ത എംഎസ്എഫ് പ്രവർത്തകൻ ഹസൻ, ഹാഷിർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

അതേസമയം കേസിൽ ഉന്നതതല ഗൂഢാലോചന നടന്നതായി മന്ത്രി കെ ടി ജലീൽ ആരോപിച്ചു. അബ്ദുൾ റഹ്മാൻ ഔഫിന്‍റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഖബറിടം സന്ദർശിച്ച് പ്രാർഥന നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

error: Content is protected !!