കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കാസർ​ഗോട്ടെ കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകും എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് കുടുംബം അറിയിച്ചു.

അബ്ദുൾ റഹ്മാൻ്റെ കൊലപാതകത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. കണ്ണൂർ എസ്പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങുന്നതോടെ ഇർഷാദ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാവും.

കേരള പര്യടനത്തിൻ്റെ ഭാഗമായി കാസർ​ഗോഡ് എത്തിയ ഘട്ടത്തിലാണ് അബ്ദുൾ റഹ്മാൻ്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി റഹ്മാൻ്റെ അമ്മാവൻ ഹുസൈൻ മുസ്ലിയാർ പറഞ്ഞു.

കല്ലൂരാവിയിലെ വീട്ടിലെത്തിയ മന്ത്രി കെ ടി ജലീൽ കൊലക്ക് പിന്നിൽ രാഷ്ട്രീയവും സാമുദായികവുമായ പകയാണെന്ന് ആരോപിച്ചു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു.

ജലീലിന് പിന്നാലെ മുനവറലി ശിഹാബ് തങ്ങൾ റഹ്മാൻ്റെ വീട്ടിലെത്തി. തങ്ങൾക്കൊപ്പമുണ്ടായിരുന്ന പ്രാദേശിക മുസ്ലിം ലീഗ് പ്രവർത്തകരെ പ്രദേശവാസികൾ റഹ്മാൻ്റെ വീട്ടിലേക്ക് കടത്തിവിട്ടില്ല. കൊലപാതകത്തെ അപലപിച്ച മുനവറലി ശിഹാബ് തങ്ങൾ സംഭവം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കൊലപാതകം നടന്ന കല്ലൂരാവിയിലും മുണ്ടത്തോടും സ്ഥിതിഗതികൾ ശാന്തമാണ്.

error: Content is protected !!