സ്വപ്‌നയുടെ പേരിലുള്ള ശബ്ദസന്ദേശം: അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജയിലില്‍ നിന്നുള്ള എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയെ കുറിച്ച്‌ ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു.

ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നു തന്നെ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ദക്ഷിണമേഖല ഡിഐജിയോട് നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നായിരുന്നു പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്.

ഒരു വാര്‍ത്താ പോര്‍ട്ടലാണ് സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരേമൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു. തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്‌ന ശബ്ദ സന്ദേശത്തില്‍ ആരോപിക്കുന്നുണ്ട്.

ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജന്‍സി പറയുന്നതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ ശബ്ദ സന്ദേശം വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

error: Content is protected !!