സാജന്‍റെ ആത്മഹത്യ: ആന്തുര്‍ നഗരസഭാ ചെയര്‍പേഴ്‌സണ് പോലീസിന്റെ ക്ലീന്‍ ചിറ്റ്

കണ്ണൂര്‍: ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി കിട്ടാത്തത്തില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ ആന്തുര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള, നഗരസഭാ സെക്രട്ടറി, ടെക്‌നിക്കല്‍ എന്‍ജിനിയര്‍ എന്നിവര്‍ക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്. അന്വേഷണം അവസാനിപ്പിച്ചതായി കാണിച്ച്‌ അടുത്ത ദിവസം റിപ്പോര്‍ട്ട് നല്‍കും.

സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പ്രശ്‌നങ്ങളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷണ സംഘം പറയുന്നു.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിയത് നിര്‍മ്മാണത്തിലെ അപാകത കൊണ്ടാണ്. നഗരസഭയുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. അനുമതി വൈകിപ്പിക്കാന്‍ താന്‍ ഒരു ഇടപെടലും നടത്തിയിരുന്നുല്ലെന്നും ചെയ്യാത്ത തെറ്റിന് തന്നെയും പാര്‍ട്ടിയെയും ആക്രമിക്കാനുള്ള ശ്രമമായിരുന്നുവെന്നും നിലവില്‍ സാജന്റെ കുടുംബവുമായി പ്രശ്‌നങ്ങളില്ലെന്നും ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള പറഞ്ഞു.

നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നത്.

error: Content is protected !!