അക്ഷരങ്ങൾകൊണ്ട് സ്നേഹം തീർത്തൊരാൾ ; മലയാളത്തെ ചേർത്തുപിടിക്കുന്ന ഭാസ്കരൻ മാഷ്

ഇന്ന് അധ്യാപക ദിനം. മാഷോട് ഒരു വാക്കുപോലും ചോദിക്കാതെ, മാഷേ കുറിച്ച് എഴുതുകയാണ്.എന്നെ ക്‌ളാസിൽ ഇരുത്തി പഠിപ്പിക്കാത്ത ഒരാൾ.ആദ്യ കൂട്ടുകൂടലിന് ശേഷം മനസ്സിൽ മാഷായി മാത്രം പ്രതിഷ്ഠിച്ച പയ്യന്നൂരിലെ ടി പി ഭാസ്ക്കര പൊതുവാൾ മാഷ്. പരിചയപെടുന്ന ഓരോരുത്തരോടും അമ്മ മലയാളത്തെക്കുറിച്ച് സംസാരിക്കുന്ന.അക്ഷരങ്ങളെ അഗാത അർത്ഥങ്ങൾ ഉൾക്കൊണ്ട് എങ്ങനെ പഠിക്കണമെന്ന്, കവിതകളിലൂടെ ,പ്രത്യേകിച്ച് ചൊൽ കവിതകളിലൂടെ പഠിപ്പിക്കുന്നൊരാൾ.

1964 ൽ വെള്ളോറ ടാഗോർ മെമ്മോറിയൽ ഹൈസ്കൂളിൽ തൻറെ പതിനെട്ടാമത്തെ വയസിലാണ് അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്.തുടർന്നങ്ങോട്ട് പല വിദ്യാലയങ്ങൾ എത്രയെന്ന് പറയാനാവാത്ത അത്രയും ശിഷ്യഗണങ്ങൾ. അധ്യാപന ജീവിതത്തിൽ ഏറേ വിലപ്പെട്ട മികച്ച അധ്യാപകനുള്ള പുരസ്‌ക്കാരവും നേടി ടി പി ഭാസ്‍കര പൊതുവാൾ.ജോലിയിൽ നിന്നും വിരമിച്ച ശേഷം 18 വർഷങ്ങൾക്ക് മുൻപ് കണ്ണൂർ താവക്കരയിൽ തുടങ്ങിയ മലയാള ഭാഷാ പാഠശാല ഇന്നും അതിൻറെ സ്നേഹ യാത്ര തുടരുകയാണ്.ഇപ്പോൾ പയ്യന്നൂരിൽ മാഷിൻറെ വീട്ടിൽ പ്രവർത്തിക്കുന്ന മലയാള ഭാഷാ പാഠശാല മലയാളത്തെ സ്നേഹിക്കുന്നവരുടെ സ്വന്തം വീടാണ് എന്നതാണ് സത്യം. ഇവിടം ഒത്തുചേരലുകൾ,ചർച്ചകൾ ,സംവാദങ്ങൾ എന്നിവയാൽ സജീവമാണ്. 

സാഹിത്യ കുലപതികളായ അക്കിത്തം , എം കെ സാനു ,കാവാലം നാരായണ പണിക്കർ , സുഗതകുമാരി , സുകുമാർ അഴിക്കോട് , എം ടി ,ടി പത്മനാഭൻ , എം മുകുന്ദൻ , കെ ആർ മീര,നടൻ നെടുമുടിവേണു തുടങ്ങി എല്ലാവരുമായുള്ള ആത്മബന്ധങ്ങളാണ് തൻറെ ജീവിത പുണ്യമെന്ന് മാഷ് പലതവണ പറഞ്ഞു വെക്കുന്നു.സദസുകളിൽ ഇരിക്കുന്നവരെല്ലാം കുഞ്ഞുങ്ങളാവുന്നതാണ് ,അല്ലെങ്കിൽ അങ്ങനെകാണുന്നതാണ് മാഷിന് ഇഷ്ട്ടം.പിന്നെ ചൊൽ കവിതകളിലൂടെ ആ സദസ് ആകമാനം എന്താണ് നമ്മുടെ മലയാളമെന്ന് മനസിടത്തിൽ രേഖപ്പെടുത്തും.

അമ്മയെ കുറിച്ചുള്ള മാഷിൻറെ സ്വന്തം കവിത “അമ്മ”.മലയാള അക്ഷരമാലകൾ കോർത്തിണക്കിയ കവിത എന്നിവയാൽ സമൃദ്ധമാകും ആ കൂടിച്ചേരൽ.

 

 

മാഷിൻറെ ഈ ഭാഷാ പ്രണയ പ്രവത്തനങ്ങൾക്ക് പ്രചോദനമായി ഭാര്യ ജാനകി എന്നും നിഴലായി കൂടെ ഉണ്ട്.മലയാള ഭാഷ പാഠശാലയിൽ എത്തുന്ന ഓരോരുത്തർക്കും ‘അമ്മ മനസായി .കൂട്ടുകൂടലിന്റെ ,സ്നേഹം പങ്കുവെക്കലിന്റെ ആഴങ്ങൾ മനസിലാക്കിയേ ഏതൊരാൾക്കും മാഷിൻറെ പാഠശാലയിൽനിന്നും തിരിച്ചുവരാനാവൂ.

കണ്ണൂർ പെരളശ്ശേരി മാവിലായിൽ വച്ച് രണ്ട് ദിവസങ്ങളിലായി നടന്ന മലയാള ഭാഷ പാഠശാലയുടെ ഒന്നാം വാർഷികത്തിൽ 20 ലധികം സാഹിത്യകാരന്മാരാണ് എത്തിയത്.കാവാലം നാരായണ പണിക്കർ പുനത്തിൽ കുഞ്ഞബ്‌ദുള്ള ,കെ ടി മുഹമ്മദ് ,നെടുമുടിവേണു ,മധുസൂദനൻ നായർ ,ഡി വിനയചന്ദ്രൻ ,എം മുകുന്ദൻ ,തുടങ്ങിയവർ പങ്കെടുത്ത വാർഷികത്തിൽ 500 ലധികം പുതിയ എഴുത്തുകാരും പങ്കെടുത്തു. ഒന്നാം ദിവസം കാവാലം നാരായണ പണിക്കരുടെ കരിവേഷം നാടകവും അരങ്ങേറി. ഇരുപതാം വാർഷികത്തിന് ഇതുപോലുള്ള മികച്ച പരിപാടികൾക്കാണ് മലയാള ഭാഷാ പാഠശാല പ്രവർത്തകർ പദ്ധതിയിടുന്നത്.

ഇന്നിന്റെ വഴികളിൽ മുഖ പുസ്തകത്തിൽ എഴുത്തിന്റെ ,ചർച്ചകളുടെ ,കവിതകളുടെ ലോകത്തും സജീവമാണ് മാഷ്,അവിടെയും അക്ഷരങ്ങൾ പ്രധാനമാകണം എന്ന നിർബന്ധമുണ്ട് മാഷിന്.അതുകൊണ്ടുതന്നെ കമന്റ് ബോക്സിലെ ചിഹ്നങ്ങൾ ഒഴിവാക്കി അക്ഷരങ്ങൾ കുറിക്കണമെന്ന് മാഷ് പറയും.

മാഷിൻറെ വാക്കുകളിൽ പറഞ്ഞാൽ മാഷ് ഇങ്ങനെയാണ് ………….. “എൻ്റെ കർമ്മപഥം എന്നും സജീവം — ഏത് വെല്ലുവിളികളെയും നേരിടാൻ മനസ്സ് സുസജ്ജമാണ്.- വ്യക്തമായ ലക്ഷ്യബോധമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.- എന്നും ഒര് വിദ്യാർത്ഥിയായ അദ്ധ്യാപകൻ – ഇനിയും എത്രയോ പഠിക്കാൻ ബാക്കി – എൻ്റെ കുട്ടികളിൽ നിന്നുമാണ് ഞാൻ ഒര്പാട് പഠിച്ചത് – അവരാണ് എൻ്റെ ശക്തി – അവരാണ് ശരിക്കും എൻ്റെ ഗുരുനാഥന്മാർ …… അക്ഷരദീപം ഈ പ്രപഞ്ചത്തെ എന്നും പ്രകാശപൂർണ്ണമാക്കും – ഒരിക്കലും അണയാത്ത വെളിച്ചം”

ഇപ്പോൾ ഒരു ശാസ്ത്രക്രീയകഴിഞ്ഞ് ബാംഗളൂരിൽ വിശ്രമിക്കുന്ന മാഷിന് എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു…

സാജു ഗംഗാധരൻ
ന്യൂസ് എഡിറ്റർ
ന്യൂസ് വിങ്‌സ്

 

error: Content is protected !!