തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർമഷി പടർന്നു; വിദ്യാർഥിനിയുടെ വിരലുകൾക്ക് ഗുരുതരമായി പൊള്ളലേറ്റു

വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാർഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി എൻഎസ്എസ് വളന്റിയറായാണ് ഫാറൂഖ് കോളജ് എഎൽപി സ്കൂളിലെ 93ാം നമ്പർ ബൂത്തിലെത്തുന്നത്. പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാനായിരുന്നു ആദ്യം വിദ്യാർഥിനിയെ ചുമതലപ്പെടുത്തിയത്. എന്നാൽ, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലിൽ മഷി പുരട്ടുന്ന വളരെയധികം ഉത്തരവാദിത്തമുള്ളതും, പോളിങ് ഓഫിസർമാർ മാത്രം നിർവഹിക്കേണ്ടതുമായ ചുമതല ഏൽപിച്ചു.

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും. ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു. വിരലുകൾക്ക് പുകച്ചിലും മറ്റും വന്നപ്പോൾ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സാരമില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്. ഉച്ചക്ക് രണ്ടുമണി വരെ തന്റെ ഊഴം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയുടെ കൈവിരലുകളിൽ പഴുപ്പ് ബാധിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയെങ്കിലും ചിലപ്പോൾ സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർ അറിയിച്ചത്. സിൽവർ നൈട്രേറ്റിന്റെ അളവു കൂടുതലുള്ള ഫോസ് ഫോറിക് മഷി നഖത്തിലും തൊലിയിലുമായി പുരട്ടിയാൽ അടയാളം മാഞ്ഞുകിട്ടണമെങ്കിൽ ചുരുങ്ങിയത് നാലുമാസം വരെ കാത്തു നിൽക്കണം. ചിലർക്ക് പുതിയ നഖവും തൊലിയും വരുന്നതോടു കൂടിമാത്രമേ മഷി മായുകയുള്ളൂ. വിദ്യാർഥിനിയെ മഷി പുരട്ടാൻ ഏൽപിച്ച സംഭവം സ്പെഷൽ ബ്രാഞ്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്​.

error: Content is protected !!